Monday, November 16, 2009

ആന്‍ഡേഴ്സണ്‍ റോഡില്‍ പ്രാര്‍ത്ഥന തുടരുന്നു

കഥ

``വീട്‌ ചങ്ങനാശേരീല്‌ എവിടാന്നാ പറഞ്ഞേ?''
``തുരുത്തീല്‌''
``ങ്‌ഹാ അതു പറ, അവിടെ ആഞ്ഞിലിക്കളത്തിലെ ഔതച്ചന്റെ വീട്‌ അറിയുവോ?''
``ങ്‌ഹാ''
``എന്റെ പെങ്ങളെ അവിടാ കെട്ടിച്ചേക്കുന്നെ''
``ഉം''
``നിങ്ങടെ വീട്ടുപേരെന്നാ?''
``പുതുമറ്റം' '
മരങ്ങാട്ടുപിള്ളിക്കാരന്‍ തോമസു ചേട്ടന്‍ വലതു വശത്തിരിക്കുന്ന എന്നെ ചോദ്യം ചെയ്യുന്നത്‌ അവസാനിപ്പിച്ച്‌ തൊട്ടപ്പുറത്ത്‌ സജിയെ പിടികൂടിരിക്കുകയാണ്‌. സജി എല്ലാത്തിനും മറുപടി പറയുന്നൊണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നേയുള്ളൂ. എങ്കിലും പുള്ളി വിടുന്ന മട്ടില്ല.
``ഡിപ്പന്റ്‌ വീസയാണല്ലേ?''
``ങ്ഹാ''
``അതിന്‌ ഇന്റര്‍വ്യൂ വേണ്ടെന്നാണല്ലോ പറയുന്നേ. എന്റെ മൂത്ത മരുമോന്‍ ആറു മാസം മുമ്പ്‌ പോയപ്പം കടലാസെല്ലാം കൊച്ചീന്നു തന്നെ ശരിയായാരുന്നു. ഞങ്ങടെ ഒരു ഐലോക്കക്കാരന്‍ പയ്യനും കഴിഞ്ഞയാഴ്‌ച്ച അവിടുന്ന്‌ വീസാ കിട്ടി. ഇതിപ്പം എന്നാ പറ്റി?. ങ്‌ഹാ, ആര്‍ക്കറിയാം ഇവര്‍ക്ക്‌ തോന്നുമ്പം തോന്നുന്ന പോലാ''.
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഭാര്യമാരുടെ കെയറോഫില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ ലഭിക്കുന്ന ഡിപ്പന്‍ഡന്റ്‌ വിസയാണ്‌ തോമസു ചേട്ടന്‍ `ഡിപ്പന്റ്‌ വീസാ'ക്കിയിരിക്കുന്നത്‌. റബര്‍ കര്‍ഷകനാണെങ്കിലും കൃഷിയെക്കാള്‍ ആധികാരികമായാണ്‌ യു.കെ. വിസയെക്കുറിച്ചൊള്ള വിവരങ്ങള്‌ പുള്ളി വെച്ചുകാച്ചുന്നത്‌. രണ്ടാമത്തെ മോളേംകൊണ്ട്‌ ഇന്റര്‍വ്യൂന്‌ വന്നതാണിപ്പോള്‍.
മദ്രാസിലെ നുങ്കംപാക്കം ആന്‍ഡേഴ്‌സണ്‍ റോഡില്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കാത്തുനില്‍പ്പുകാരുടെ എണ്ണം കൂടിവരുവാണ്‌. പലതും തിരുവനന്തപുരം-ചെന്നൈ മെയിലില്‍ ഇന്നലെ ഞാന്‍ കണ്ട മുഖങ്ങള്‍. സജിയേം ഭാര്യേം പരിചയപ്പെട്ടതും ട്രെയിനീവെച്ചാണ്‌. സജി ചങ്ങനാശേരി എസ്‌.ബി കോളേജില്‍ എന്റെ സീനിയറാരുന്നെന്ന്‌ പറഞ്ഞുവന്നപ്പാഴാ മനസിലായെ. ഭാര്യ റാണിക്ക്‌ അയര്‍ലന്റിലാ ജോലി.ഓട്ടോറിക്ഷകളില്‍ ഇപ്പോഴും ആളുകള്‍ വന്നോണ്ടിരിക്കുന്നു.
തൊട്ടപ്പുറത്ത്‌ ഉന്തുവണ്ടീല്‌ ചായ വില്‍ക്കുന്നയാള്‍ക്ക്‌ തിരക്ക്‌ ഏറിത്തുടങ്ങി. വര്‍ഷങ്ങളായി ഇവിടെ കച്ചോടം നടത്തുന്ന ഈ തമിഴന്റെ ചായക്കും പലാരങ്ങള്‍ക്കും കോട്ടയം ടേസ്റ്റായിപ്പോയെന്നാ പറയുന്നെ.ഇരിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട്‌ അപേക്ഷകര്‍ക്കും അകമ്പടിക്കാര്‍ക്കും നിപ്പു തന്നെ ശരണം. ഈ മരച്ചോട്ടിലെ ചുറ്റുമതിലിലും ഇരിക്കാമ്പാടില്ലെന്നാ ഇവിടുത്തെ ചട്ടം. കാത്തു നിക്കുന്നോരില്‍ ആശ്രിതവിസക്കാരും സ്‌കോളര്‍ഷിപ്പോടെയും അല്ലാതെയും പഠിക്കാന്‍ പോന്നോരുമൊക്കെയുണ്ടെങ്കിലും ബ്രിട്ടനിലേക്ക്‌ ആദ്യമായി പറക്കാനൊരുങ്ങുന്ന നേഴ്‌സുമാരാണ്‌ അധികവും.
ഇപ്പത്തന്നെ ഞാറാഴ്‌ച്ച മനോരമേലും ദീപികേലും കല്യാണപ്പരസ്യങ്ങളില്‍ യു.കെ നേഴ്‌സുമാരുടെ പെരുന്നാളാ. അതു കണ്ടാ പാലായിലും ചങ്ങനാശേരീലും മൂവാറ്റുപുഴേലുമൊക്കെ യു.കെ. നേഴ്‌സുമാരില്ലാത്ത പുരാതന റോമന്‍ കത്തോലിക്കാ കുടുംബങ്ങളില്ലെന്നു തോന്നും. എന്നിട്ടും യൂക്കേലോട്ടൊള്ള ഒഴുക്കിന്‌ വല്ല കൊറവുമൊണ്ടോ? നേരത്തെ അക്കര പറ്റിയ ബന്ധക്കാരും കൂട്ടുകാരുമൊക്കെ പറയുന്ന വിശേഷങ്ങളു കേക്കുമ്പോള്‍ നാട്ടിലെ നേഴ്‌സുമാര്‍ക്ക്‌ അങ്ങോട്ടു പോകാന്‍ പൂതി തൊടങ്ങും. പിന്നെ അതിനുള്ള പെടാപ്പാടാ. ഒരുപാട്‌ കഷ്‌ടപ്പെട്ടശേഷം ഇന്റര്‍വ്യൂ എന്ന അവസാന കടമ്പക്കു മുന്നിലെത്തുന്നതിന്റെ പേടി ദേ, ഇപ്പോള്‍ എന്റെ ചുറ്റിലുമുള്ള മിക്കവാറും പേരുടെയും മുഖത്തു കാണാം.
`` അപേക്ഷ കൊടുത്ത്‌ ഏജന്‍സി വഴിയാന്നോ?''തോമസു ചേട്ടന്‍ സജിയെ മോചിപ്പിച്ചിട്ടില്ല.
``അതെ''


``എങ്കിപ്പിന്നെ കൊഴപ്പവൊണ്ടാകത്തില്ലല്ലോ?. ങ്‌ഹാ, എന്തായാലും രണ്ടിലൊന്നറിയാന്‍ ഇനി അധിക നേരവില്ലല്ലോ''

പുള്ളിക്ക്‌ സ്വന്തം മകളുടെ ഭാവിയേക്കാള്‍ ആശങ്ക സജീടെ കാര്യത്തിലാണെന്ന്‌ തോന്നി. സജിയാണെങ്കില്‍ എങ്ങനേലും ഒന്നു തലയൂരിയാ മതിയെന്ന നെലേലാണ്‌. മരങ്ങാട്ടുപിള്ളി അച്ചായന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞേക്കുമെന്ന പേടിയാണ്‌ എന്റെ മനസില്‍. ഇവിടെനിന്ന്‌ എഴുന്നേക്കാവെന്നു കരുതിയാ വെട്ടിക്കുത്തിയ മരംപോലെ നിക്കേണ്ടിവരികയും ചെയ്യും.യു.കെയിലേക്കുള്ള വിസക്ക്‌

എറണാകുളത്തെ വി.എഫ്‌.എസ്‌ ഓഫീസിലാണ്‌ സാധാരണ അപേക്ഷ കൊടുക്കുന്നെ. കടലാസുകളെല്ലാം പക്കയാണെങ്കില്‍ ഇന്റര്‍വ്യൂ ഇല്ലാതെതന്നെ വിസ അനുവദിക്കും. ആശ്രിത വിസക്ക്‌ അപേക്ഷിക്കുന്നോരില്‍ അധികം പേര്‍ക്കും മദ്രാസിലോട്ട്‌ പോരേണ്ടി വരില്ല. ഇവിടെ വന്നാല്‍ അവര്‍ക്ക്‌ നഴ്‌സുമാരെപ്പോലെ കാര്യമായ ഇന്റര്‍വ്യൂ ഉണ്ടാകാറുമില്ല.ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങള്‍ ഇടിപീടീന്ന്‌ ശെരിയാകണമെന്നാണല്ലോ എല്ലാരും ആഗ്രഹിക്കുന്നത്‌. എറണാകുളത്ത്‌ അപേക്ഷ കൊടുക്കുമ്പോത്തന്നെ എന്റെ കര്‍ത്താവേ, മദ്രാസീപ്പോകാന്‍ എടവരുത്തല്ലേന്ന്‌ പ്രാര്‍ത്ഥിക്കാത്തോരില്ല.

പക്ഷെ, അവിടെവെച്ച്‌ എന്റെ പാറേ മാതാവേ! മദ്രാസീപ്പോകാന്‍ കനിയണേന്ന്‌ പ്രാര്‍ത്ഥിച്ച ഒരേയൊരാള്‌ ഈ ഞാന്‍ മാത്രമാരിക്കും. എല്ലാരും ഇവിടെ വരേണ്ടിവന്നതിനെ പഴിക്കുകേം അകത്ത്‌ കേറിക്കഴിഞ്ഞ്‌ നടക്കാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകേം ചെയ്യുമ്പോ എന്റെ ഉള്ളില്‌ ഒരു പകലുകൂടി ഈ റോഡില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവാണ്‌.

എംബസി(ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെങ്കിലും സൗകര്യത്തിന്‌ എല്ലാരും എംബസീന്നാ പറയുന്നെ) ഓഫീസിന്റെ ഗേറ്റ്‌ തുറന്നു. രണ്ടുമുന്നു ജീവനക്കാര്‍ പുറത്തു വന്നു. അപേക്ഷകര്‍ അവിടേക്ക്‌ അടുക്കുന്നു. തോമസു ചേട്ടന്‍ റോക്കറ്റുപോലെ മുന്നോട്ടു കുതിച്ച്‌ മറ്റൊരു പെണ്‍കുട്ടിയുമായി വര്‍ത്താനം പറഞ്ഞോണ്ടിരുന്ന മകളെയും കൂട്ടി ഗേറ്റിലെത്തി. സജീം ഞാനും എഴുന്നേറ്റു. അപേക്ഷകരെ അകത്തേക്ക്‌ കേറ്റിത്തുടങ്ങി.

ഇന്റവ്യുവിന്‌ ഹാജരാകേണ്ടവര്‍ അകത്തു കേറിയാപ്പിന്നെ അപ്പന്‍, ആങ്ങള, ഭര്‍ത്താവ്‌ തുടങ്ങിയ പരിവാരങ്ങള്‍ എംബസി ഓഫീസിനു മുന്നില്‍ നിന്നുകൂടാ. അവര്‍ക്ക്‌ കാത്തിരിക്കാന്‍ ഒരു സ്ഥലമുണ്ട്‌. ഈ റോഡിന്റെ വലതുവശത്ത്‌ പത്തുമുന്നൂറടി അപ്രത്ത്‌ പോലീസ്‌ ചെക്‌പോസ്റ്റും കഴിഞ്ഞുള്ള പൊക്കിക്കെട്ടിയ ഫുട്‌പാത്ത്‌. ഒള്ളതു പറഞ്ഞാ എംബസിക്കുള്ളിലേക്കാള്‍ വലിയ സംഭവങ്ങള്‍ അരങ്ങേറുന്നത്‌ അവിടെയാണ്‌.എംബസി വളപ്പിലേക്ക്‌ ചുവടു വെക്കും മുമ്പ്‌ ഞാന്‍ ആ കാത്തിരിപ്പു സ്ഥലത്തേക്ക്‌ ഒന്നൂടെ നോക്കി. നാലു വര്‍ഷം മുമ്പ്‌ ഇതുപോലൊരു ദിവസമാണ്‌ ജോയിയെ അവിടെ കണ്ടു മുട്ടിയത്‌; ജീവിതത്തിന്റെ ഗതിമാറ്റിയ ദിവസം.നാട്ടില്‌ പല പരിപാടിം നോക്കീട്ട്‌ ക്ലെച്ചു പിടിക്കാതെ വന്നപ്പഴാ ഞാന്‍ മദ്രാസിലോട്ട്‌ പോന്നത്‌. ഒരു കിലോമറ്റര്‍ അകലെ അണ്ണാ സ്‌ട്രീറ്റില്‍ കൂട്ടുകാരന്‍ എബീടെ കൂടെ താമസിച്ച്‌ തൊഴില്‍ അന്വേഷണം തൊങ്ങീട്ട്‌ രണ്ടു മാസത്തോളം കഴിഞ്ഞിട്ടുണ്ടാകണം. ആന്‍ഡേഴ്‌സണ്‍ റോഡിലെ എസ്‌.കെ എന്റര്‍പ്രൈസസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക്‌ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന്‌ പത്രത്തില്‍ കണ്ടാണ്‌ അന്ന്‌ ഈ വഴി വന്നത്‌. ഇന്റര്‍വ്യൂന്റെ തലേന്നു തന്നെ ഓഫീസ്‌ എവിടാന്ന്‌ കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം.

അതിനെടേലാണ്‌ അവിശ്വസനീയമായ ആ കാഴ്‌ച്ച കണ്ട്‌ ഞെട്ടിയത്‌. ആ ഫുട്‌പത്തില്‌ ഇരു കൈകളും നെറ്റിയില്‍ ഊന്നി കണ്ണടച്ചിരുന്ന്‌ ജോയി കൊന്തചൊല്ലുന്നു!.

ഞായറാഴ്‌ച്ചകളില്‍ പാതിക്കുര്‍ബാന കഴിയുമ്പോ മാത്രം പള്ളീ വരുകേം പുറത്തുനിന്ന്‌ ബാക്കി കണ്ടെന്നു വരുത്തി മടങ്ങുകേം ചെയ്യുന്ന ജോയി. ഒരു ക്രിസ്‌മസിനു പോലും പാതിരാ കുര്‍ബാന മുടക്കുന്ന പതിവില്ലാതിരുന്ന ഞാന്‍ ആ സമയത്ത്‌ പള്ളിമുറ്റത്തിരുന്ന്‌ പരദൂഷണം പറയാന്‍ തൊടങ്ങിയത്‌ അവന്റെ നിര്‍ബന്ധത്തിലാ. ഈസ്റ്ററിന്‌ പുലര്‍ച്ചെ പള്ളീല്‌ ഉയിര്‍പ്പിന്റെ പ്രാര്‍ത്ഥന നടക്കുമ്പോ അധികം ദൂരത്തല്ലാത്ത രഹസ്യ താവളത്തില്‌ നോമ്പുവീടല്‍ ആഘോഷിക്കാറുണ്ടായിരുന്ന ഞങ്ങടെ സംഘത്തിന്റെ തലവനും അവനായിരുന്നു. അന്നൊക്കെ കുര്‍ബാന കൈക്കൊണ്ടിട്ട്‌ മൂന്നാലു വര്‍ഷമായെന്നും താന്‍ കുമ്പസാരിച്ചാല്‍ അച്ചന്‍ ബോധംകെട്ടു വീഴുമെന്നുമൊക്കെ പറയുമ്പോള്‍ ജോയീടെ മുഖത്ത്‌ അഭിമാനത്തിന്റെ തിളക്കമായിരുന്നു.

കല്യാണത്തിന്‌ വേദപാഠം കേപ്പിക്കാന്‍ പോയപ്പം നാലു തവണ റിപ്പീറ്റ്‌ അടിച്ചിട്ടും ഒരു വരിപോലും പറയാന്‍ കഴിയാതിരുന്ന ജോയിക്ക്‌ വികാരിയച്ചന്‍ അനുകമ്പ തോന്നി കുറി നല്‍കിയതും നാട്ടില്‍ പാട്ടാരുന്നു. അവന്റെ മദ്യപാനവും രാത്രി സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ വേറെയും. അതേ ജോയി ഇതാ നുങ്കംപാക്കത്തെ തെരുവോരത്തിരുന്ന്‌ കണ്ണടച്ച്‌ കൊന്തചൊല്ലുന്നു!. എന്റെ പാറേ മാതാവേ, ഇതെന്തോന്ന്‌ മറിമായം?. ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുന്നതൊന്നും അവന്‍ അറിയുന്നില്ല. കൊന്തയുടെ മണികള്‍ അതിവേഗത്തില്‍ ഉരുട്ടിവിടുകയാണ്‌.ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടെ വേറെ കുറെ ആളുകളും നടപ്പാതയില്‍ ഇരിപ്പുണ്ട്‌. അവരില്‍ ചെലരും പ്രാര്‍ത്ഥനേലാണെന്ന്‌ എനിക്കു മനസിലായി.

ഏതാനും പേര്‍ നിന്നോണ്ട്‌ സംസാരിക്കുന്നു.ഇത്രേം കാലം ചെയ്‌ത പാപങ്ങളില്‍ മനസ്‌തപിച്ച്‌ ജോയി വല്ല വഴിയോര പ്രാര്‍ത്ഥാനാ സംഘത്തിലും ചേര്‍ന്നോ?ഏതായാലും അവന്റെ പ്രാര്‍ത്ഥന തടസപ്പെടുത്തേണ്ട. വെറുതെ ഇരുന്ന ഒരച്ചായനോട്‌ വിവരം തിരക്കി.

``ഇവിടെ എന്നാ പരിപാടി?''

തൊട്ടപ്പുറത്ത്‌ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെന്നും അവിടെ ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നോരുടെ കൂടെ വന്നോരാണ്‌ വഴിയോരത്ത്‌ പ്രാര്‍ത്ഥിക്കുന്നതെന്നും അപ്പഴാ മനസിലായെ. ജോയി കൊന്ത ചൊല്ലുന്നത്‌ ഭാര്യക്കു വേണ്ടിയാണെന്ന്‌ ഒറപ്പ്‌.ഇടക്ക്‌ തല ഉയര്‍ത്തിയപ്പോള്‍ അവന്‍ എന്നെ കണ്ടു. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ആശ്ചര്യമൊന്നും ആ മുഖത്ത്‌ തെളിഞ്ഞില്ല.

``പെമ്പ്രന്നോത്തി ഇന്റര്‍വ്യൂന്‌ കേറിരിക്കുവാ. ഇത്‌ രണ്ടാം തവണയാ. ഇപ്പത്തന്നെ കാശെത്ര പോയെന്ന്‌ അറിയാവോ?. ഇത്തവണയെങ്കിലും കരകേറിയില്ലെങ്കി...''

``ങ്‌ഹാ, നീയെന്നാ ഇവിടെ? ഇവിടെ അടുത്താണോ ജോലി?''

എന്റെ ജോലീടെ വിശേഷം അവനോട്‌ മറച്ചുവെച്ചില്ല. ഞാന്‍ പോന്നുകഴിഞ്ഞശേഷമുള്ള ചില നാട്ടുവിശേഷങ്ങള്‍ അവന്‍ ധൃതിയില്‍ പറഞ്ഞൊപ്പിച്ചു''``നേഴ്‌സുമാര്‍ക്കു മാത്രവാ ഇന്റര്‍വ്യൂ?''

``കൂടുതലും നേഴ്‌സുമാരാ. അല്ലാത്തോരുവൊണ്ട്‌. അധികംപേരും കോട്ടയംകാരാ. നമ്മടെ തയ്യക്കാരന്‍ ചാക്കോച്ചേട്ടന്‍ ദേ അപ്രത്തുണ്ട്‌. മോളേംകൊണ്ടു വന്നതാ.''

ജോയി പറയും മുമ്പേ അവിടെ കോട്ടയം ജില്ലക്കാരുടെ ഭൂരിപക്ഷം എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അവന്‌ പ്രാര്‍ത്ഥന മുഴുമിപ്പിക്കാന്‍ അവസരം കൊടുത്ത്‌ ഞാന്‍ ചാക്കോച്ചേട്ടന്റെ അരിക്കലേക്ക്‌ ചെന്നു. പുള്ളീം ടെന്‍ഷനിലാണ്‌. ചേര്‍പ്പുങ്കപ്പള്ളീലെ നൊവേനപ്പുസ്‌തകമൊണ്ട്‌ കയ്യില്‍. എന്നോട്‌ വര്‍ത്താനം പറേന്നേനെടേലും ഇടതുവശത്തേക്ക്‌ പാളി നോക്കുന്നുണ്ട്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മകള്‍ എറങ്ങി വരുന്നുണ്ടോന്ന്‌.

ഇന്നിപ്പം നാട്ടുകാരെ രണ്ടു പേരെ കണ്ടു. ഇക്കണക്കിന്‌ മണിമലേന്നും കറിക്കാട്ടൂരീന്നുമൊക്കെ എത്രപേര്‌ ഇവിടെ വന്ന്‌ പോകുന്നൊണ്ടാരിക്കും?.ജോലി ശരിയായാലും ഇല്ലേലും എടക്ക്‌ ഇതുവഴി വന്നുപോയാല്‍ കുറെ നാട്ടുകാരെ കാണാമെന്നു തോന്നി. വെറുതേ മുറീക്കെടന്ന്‌ ഒറങ്ങുന്ന നേരത്ത്‌ പത്ത്‌ പുരാതന റോമന്‍ കത്തോലിക്കാ പെങ്കൊച്ചുങ്ങളെ കാണാല്ലോ.അന്ന്‌ ജോയീടെ ഭാര്യക്ക്‌ വിസ കിട്ടി. ചാക്കോച്ചേട്ടന്റെ മകള്‍ കടന്നുകൂടിയില്ല.

``ആദ്യത്തെ പ്രാവശ്യവല്ലേ, കൊഴപ്പമില്ല. അടുത്ത തവണ ശരിയാകും'' അത്രേം നേരം ഭാര്യേടെ കാര്യമോര്‍ത്ത്‌ വേവലാതിപ്പെട്ടിരുന്ന ജോയിയാണ്‌ ചാക്കോച്ചേട്ടനെയും മകളെയും ആശ്വസിപ്പിച്ചത്‌. അവരോട്‌ യാത്രപറഞ്ഞ്‌ ഞാന്‍ മടങ്ങി.പിറ്റേന്ന്‌ എസ്‌.കെ എന്റര്‍പ്രൈസസില്‍ ഇന്റര്‍വ്യൂവിന്‌ ചെന്നപ്പോള്‍ രണ്ട്‌ ഒഴിവുകളിലേക്ക്‌ അപേക്ഷകര്‍ നൂറിലേറെ. സാഹസത്തിന്‌ തുനിയാതെ മടങ്ങി. നേരെ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി.

അവിടെ നാട്ടുകാരാരും ഉണ്ടാരുന്നില്ലെങ്കിലും അതിരമ്പുഴേന്നും പാലായീന്നുമൊക്കെ വന്ന ചെലരെ പരിചയപ്പെട്ടു. വൈകാതെ ഞാന്‍ അവിടുത്തെ പതിവ്‌ സന്ദര്‍ശകനായി. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ ആരും വരാനില്ലാതെ കാത്തിരിക്കുന്ന ഒരേയൊരാള്‍. എങ്കിലും ചുറ്റുപാട്‌ മോശമില്ലാരുന്നു. ആളുകള്‍ മാറിവരുമെങ്കിലും അടിസ്ഥാനപരമായി ഒരു അച്ചായന്‍ കൂട്ടായ്‌മ. നഴ്‌സുമാര്‍ പൊതുവേ സുന്ദരികളും പെട്ടെന്ന്‌ അടുത്ത്‌ ഇടപഴകുന്നവരുമാണെന്ന്‌ മനസിലാക്കാന്‍ അധികദിവസം വേണ്ടിവന്നില്ല. ഇന്റര്‍വ്യൂനൊള്ളോരെ എംബസീലേക്ക്‌ കേറ്റിവിട്ടിട്ട്‌ ആ കാത്തിരിപ്പു സ്ഥലത്ത്‌ എത്തുമ്പോള്‍ ആദ്യം എല്ലാരും ഭയങ്കര വാചകമടിയാരിക്കും. പരിചയപ്പെടടലിലാണ്‌ തൊടക്കം. പിന്നെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട്‌ ഓരോരുത്തര്‍ക്കും അറിയാവുന്ന വിവരങ്ങളും ഊഹോപോഹങ്ങളും വെളമ്പും.?

``അകത്ത്‌ നാലു കൗണ്ടറാ. രണ്ടെടത്ത്‌ സായ്‌പന്‍മാരാ. ഒന്നിലൊരു മദാമ്മ. നാലാമത്തെ കൗണ്ടറില്‍ ഒരു നീഗ്രോയാ. അവിടെ കിട്ടിയാ രക്ഷപ്പെട്ടു. പുള്ളി പാവാ. ചോദിച്ച്‌ കൊഴപ്പിക്കുകേല. ഇന്നലെ പുള്ളീടരിക്കല്‍ ചെന്ന എല്ലാര്‍ക്കും വിസ കിട്ടിയെന്നാ കേട്ടെ''- കണ്ണൂര്‍ ചെമ്പന്‍തൊട്ടിക്കാരി റിന്‍സിക്കൊപ്പം വന്ന ചേച്ചി റാണിയില്‍നിന്നാണ്‌ എംബസിക്കുള്ളിലെ സംവിധാനത്തെക്കുറിച്ച്‌ ഞാന്‍ ആദ്യം അറിഞ്ഞത്‌.

``ഇന്നലെ ആ തള്ള നല്ല മൂഡിലാരുന്നെന്നു തോന്നുന്നു. എല്ലാരെയും കടത്തിവിട്ടു. ഇന്ന്‌ എങ്ങനാണോവോ''- നഴ്‌സുമാര്‍ വില്ലത്തി പരിവേഷം നല്‍കിയ മദാമ്മയെക്കുറിച്ച്‌ പിറവംകാരി സോണിയക്കൊപ്പം വന്ന കൂട്ടുകാരി ജാന്‍സിയാണ്‌ അതു പറഞ്ഞത്‌.

``സൗദി ആരാംകോയില്‌ ജോലി ചെയ്‌തിട്ടുള്ളോര്‍ക്ക്‌ പെട്ടെന്ന്‌ കിട്ടുവെന്നാ കേട്ടെ''.

``കോട്ടൊക്കെ ഇട്ടു വന്നില്ലേ, കൊറെ പിള്ളാര്‌. അവര്‌ കോട്ടയത്തെ ഒരു ഏജന്‍സീല്‌ പഠിച്ചതാ. ഏജന്‍സിക്ക്‌ ഇവിടെ പിടിപാടൊണ്ടെന്നൊക്കെയാ പറയുന്നെ. അവരെ തിരിച്ചറിയാന്‍ വേണ്ടീട്ടാ കോട്ടിടുന്നേ. അവിടുന്നു വരുന്നേര്‍ക്കെല്ലാം വീസ കിട്ടുന്നൊണ്ടെന്നാ പറച്ചില്‌''

``കൊച്ചീന്ന്‌ ശരിയാകുവെന്നോര്‍ത്തിരിക്കുവാരുന്നു. ഇത്‌ മൂന്നാം തവണയാ ഇവിടെ വരുന്നേ. കാശു പിന്നേം പോട്ടെന്നു കരുതാം. ഈ മെനക്കേടോ''ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു.

സമയം പിന്നിടുംതോറും കാത്തിരുപ്പുകാരുടെ മട്ടു മാറും. അപ്രത്തെ മതില്‍ക്കെട്ടിനുള്ളില്‍ കുടുംബത്തിന്റെ ഭാവിയാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌. തിച്ചറിവായശേഷം ഒരിക്കലും വൈകിട്ട്‌ കുരിശുവരേടെ നേരത്ത്‌ വീട്ടില്‍ ഇരുന്നിട്ടില്ലാത്തോരൊക്കെ മകള്‍ക്കു വേണ്ടി, അല്ലെങ്കില്‍ ഭാര്യക്കു വേണ്ടി കൊന്തയുരുട്ടി, നെഞ്ചുരികി പ്രാര്‍ത്ഥിച്ചു തൊടങ്ങും. ടെലിവിഷന്‍ സീരിയലിന്റെ ഇടവേളേല്‌ ഗുളികപ്പരുവത്തില്‍ കുരിശുവര നടത്തുന്ന പതിവുകാര്‌ 153മണി ജപം ചൊല്ലും. അങ്ങനെ ആ റോഡുവക്ക്‌ മൊത്തത്തില്‍ ഒരു പ്രാര്‍ത്ഥാനാ കേന്ദ്രമായി മാറും.

അറിയാവുന്ന ദൈവങ്ങളെയും വിശുദ്ധരെയും മുറുകെപ്പിടിച്ചിരിക്കുവാണേലും ആ സമയത്ത്‌ നെഞ്ചു പെരുമ്പറ കൊട്ടുമെന്നും ഉള്ളംകൈ വിയര്‍ക്കുമെന്നും ശരീരത്തിന്‌ കനം കൊറയുന്ന പോലെ തോന്നുമെന്നും പലരും പറഞ്ഞറിഞ്ഞു.അങ്ങനെയിരിക്കുമ്പം എംബസി ഓഫീസീന്ന്‌ ഇന്റര്‍വ്യൂ കഴിഞ്ഞോര്‌ ഓരോരുത്തരായി എറങ്ങിവരും. കടന്നുകൂടിയോര്‌ ദൂരേന്നുതന്നെ അകമ്പടിക്കാരെ വിജയചിഹ്നം കാണിക്കും. അപ്പോ അവിടെ ആഹ്ലാദാരവം മുഴങ്ങും. തട്ടിപ്പോയോര്‌ ശിരസു കുനിച്ചു വരുന്നതു കാണുമ്പോള്‍ ഉറ്റവരുടെ മനസു വിങ്ങും. പിന്നെ വിസ കിട്ടിയവരുടെ വീരവാദങ്ങളും പരാജയപ്പെട്ടവരുടെ ന്യായീകരണവുമൊക്കെയാണവിടെ.

ഈസിയാരുന്നു. വീട്ടു കാര്യോം നാട്ടുകാര്യോമൊക്കേ ചോയിച്ചൊള്ളൂ'' പതിവായി കേള്‍ക്കുന്ന ഒരു കഥ ഇതാണ്‌.

``ചോയിച്ചേനെല്ലാം കൃത്യമായി മറുപടി പറഞ്ഞതാ. എന്നാ പറ്റീന്ന്‌ അറിയത്തില്ല'' ഇംഗ്ലീഷ്‌ പരിജ്ഞാനം പോര എന്ന കാരണം എംബസി രേഖാമൂലം നല്‍കിയത്‌ കയ്യില്‍ വെച്ചോണ്ട്‌ ചെലര്‌ ഇങ്ങനേം പറയും.അങ്ങനെ എംബസീല്‌ ഇന്റര്‍വ്യൂ ഒള്ള ദിവസങ്ങളിലെല്ലാം ആ റോഡുവക്ക്‌ സജീവമാണ്‌.

വഴിയോര കാത്തിരിപ്പ്‌ കൂട്ടായ്‌മയില്‍ പതിവുകാരനായതോടെ എംബസി കാര്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവു കൂടി. എംബസിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലും പരിചയമില്ലേലും ഇവിടെ വന്നുപോകുന്നവര്‍ പറഞ്ഞ വിവരങ്ങളുടെ ബലത്തില്‍ ഇന്റര്‍വ്യൂനെക്കുറിച്ച്‌ ഞാന്‍ ആധികാരികമായി സംസാരിച്ചു തൊടങ്ങി.ഇന്റര്‍വ്യൂന്റെ തലേന്ന്‌ ചുറ്റുപാട്‌ പഠിക്കാനെത്തുന്നോര്‍ക്കും മറ്റും അകത്തു നടക്കാവുന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തു. വിസ നേടിയവരില്‍ ചെലര്‌ എന്റെ പ്രവചനം പോലെ കാര്യങ്ങള്‍ നടന്നെന്നു പറഞ്ഞ്‌ അഭിനന്ദിക്കുവാരുന്നു. മറ്റു ചെലര്‌ ഇനി ഇന്റര്‍വ്യൂന്‌ വരാനിരിക്കുന്ന ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനായി മൊബൈല്‍ നമ്പര്‍ വാങ്ങും.

അതിനിടെ നുങ്കംപാക്കത്തുതന്നെ ഒരു കോള്‍ സെന്ററില്‍ എനിക്ക്‌ ജോലി കിട്ടി. എന്നു കരുതി ആന്‍ഡേഴ്‌സണ്‍ റോഡിലെ നസ്രാണിപ്പെങ്ങമ്മാരെ മറക്കാന്‍ പറ്റുവോ? രാത്രിയിലെ ജോലിക്കുശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ ഒറങ്ങും. എന്നിട്ട്‌ നേരെ ഇങ്ങുപോരും. എന്റെ പതിവ്‌ സന്ദര്‍ശനത്തില്‍ ചെക്‌ പോസ്റ്റിലെ പോലീസുകാര്‍ക്ക്‌ സംശയം തോന്നി. ഒരു ദിവസം പിടിക്കുകേം ചെയ്‌തു. അത്യാവശ്യം ആളെപ്പറ്റിക്കാനുള്ള തമിഴ്‌ വശമുണ്ടായിരുന്നതുകൊണ്ട്‌ തടിയൂരി. വൈകാതെ ആ പോലീസുകാരുമായും സൗഹൃദത്തിലായി.

പറമ്പത്തെ ഷൈനി, തെക്കേക്കടവിലെ സെലിന്‍, കൊന്നമൂട്ടിലെ ആന്‍സി, പള്ളിക്കുന്നേലെ ബേബിച്ചായന്റെ മകള്‍, കടവിലെ ജിമ്മീടെ പെങ്ങള്‌....അങ്ങനെ നാട്ടുകാരും ബന്ധുക്കളുമൊക്കെയായി ഒരുപാടു പേരെ ഏഴെട്ടു മാസത്തിനിടെ ഇവിടെവെച്ചു കണ്ടു.

നാട്ടീവെച്ച്‌ എന്റെ കയ്യിലിരുപ്പ്‌ വളരെ കേമമായിരുന്നതുകൊണ്ട്‌ അവരില്‍ പലരും തുടക്കത്തില്‍ അടുപ്പോം പരിചയോം കാട്ടാന്‍ മടിച്ചു. പക്ഷെ, രണ്ടാമത്തെയും മൂന്നാമത്തെയും അറ്റംപ്‌റ്റിനായി വന്നോരു പലരും എന്നോട്‌ പരിചയം പുതുക്കുന്നതു കാണുമ്പോ നാട്ടുകാരും പയ്യെ അടുത്തുകൂടും. കുശലാന്വേഷണം നടത്തും, പിന്നെ ഉപദേശം തേടും. ഞാന്‍ എന്തിനാ ഇവിടെ ചുറ്റിത്തിരിയുന്നതെന്ന്‌ അവരില്‍ പലരും നേരിട്ടും വളഞ്ഞവഴിക്കും ചോദിച്ചു.

``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നിങ്ങളെപ്പോലെ നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും. അത്രേയുള്ളൂ''-റെക്കോര്‍ഡ്‌ ചെയ്‌തു വെച്ചപോലെയാണ്‌ എന്റെ മറുപടി.ഈ കൂട്ടായ്‌മയുടെ ഭാഗമാകുന്നതും പത്തു കോട്ടയം നേഴ്‌സുമാരുമായി വര്‍ത്താനം പറയുന്നതുമൊക്കെ നമ്മക്കൊരു ചെറിയ സന്തോഷവാണെന്ന്‌ അവരോട്‌ പറയാമ്പറ്റുവോ?.

ഒരു ദിവസം അപ്പന്‍ ഫോണീ വളിച്ചു. ``മദ്രാസില്‌ ഇന്റര്‍വ്യൂന്‌ വരുന്നോരെല്ലാം നിന്നെ കണ്ടെന്നാണല്ലോ പറയുന്നേ. സൊഭാവത്തിന്‌ ഇപ്പഴും ഒരു മാറ്റോമില്ലല്ലേ?''

എംബസീടെ തൊട്ടടുത്ത കെട്ടിടത്തിലാ താമസമെന്നും റൂമീന്ന്‌ പൊറത്തെറങ്ങുമ്പഴാ നാട്ടുകാരെ കാണുന്നതെന്നും പറഞ്ഞെങ്കിലും അപ്പന്‌ വിശ്വാമായിട്ടില്ലെന്ന്‌ ഒറപ്പാരുന്നു.

അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം നാട്ടുകാരി ബിന്‍സിയെ ആ വഴിവക്കില്‍ വെച്ചു കണ്ടത്‌. വടക്കേപ്പറമ്പിലെ ചാണ്ടിസാറിന്റെ ഒരേയൊരു മകള്‍. സുന്ദരി, നല്ലൊരു പാട്ടുകാരി തുടങ്ങി പല സവിശേഷതകളുമുള്ളതുകൊണ്ട്‌ നാട്ടില്‍ ഞാന്‍ ഉള്‍പ്പെടെ ഒരുപാടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളില്‍ കൂട്ടുകാരിയുടെയും കാമുകിയുടെയും ഭാര്യയുടെയും റോളില്‍ അവള്‍ പ്രത്യക്ഷപ്പെട്ടതിന്‌ കണക്കില്ല. വളയാത്ത പിള്ളാരെക്കുറിച്ച്‌ ചെറുപ്പക്കാര്‌ പരദൂഷണം പരത്തുന്നത്‌ സര്‍വസാധാരണമാണല്ലോ.

ഇവളെക്കുറിച്ച്‌ ഒരു കഥ കെട്ടിച്ചമച്ചോണ്ടുവന്നതിനാ ഒരു കള്ളുകുടിക്കിടെ പാലച്ചോട്ടിലെ സിബിക്കിട്ട്‌ ഞാനൊന്നു പൊട്ടിച്ചത്‌.അതുകൊണ്ടെന്നാ? ഞാനും അവനും തെറ്റിയത്‌ മിച്ചം. ഞാങ്കൊടുത്ത കത്ത്‌ അവള്‌ കീറി എറിഞ്ഞു. കൊല്ലം മൂന്നാലു കഴിഞ്ഞിരിക്കുന്നു. എങ്കിലും ബിന്‍സി ഒന്നും മറന്നിട്ടൊണ്ടാകില്ല.എന്നെ കണ്ടപ്പഴേ മുഖം തിരിച്ചു. അപ്പന്‍ പറഞ്ഞപോലെ എന്റെ സൊഭാവം മാറീട്ടില്ലെന്ന്‌ അവളും കരുതുന്നുണ്ടാകും.

റോഡുവക്കില്‍ കാത്തിരിക്കുന്നവര്‍ക്കിയില്‍ ഞാന്‍ പതിവുപോലെ കുശലാന്വേഷണങ്ങളും അറിവു വിളമ്പലും തുടര്‍ന്നു. ചെക്‌പോസ്റ്റില്‍നിന്നും അധികം ദൂരത്തല്ലാതെ ഇരുപ്പുറപ്പിച്ച അവള്‍ അടുത്തുള്ള ചെലരോടും ഇന്റര്‍വ്യൂ കഴിഞ്ഞ്‌ വരുന്നോരോടും സംസാരിക്കുന്നുണ്ട്‌. എന്റെ ചുറ്റിനും നാലഞ്ചാളുകള്‍ കൂടി. എന്റെ പഴയ പരിചയക്കാര്‍.

മണിക്കൂര്‍ കഴിഞ്ഞുകാണും. അവള്‍ ചിരിച്ചുകൊണ്ട്‌ എന്റരിക്കല്‍ വന്നു.ഒള്ളതു പറഞ്ഞാ എന്റെ കയ്യും കാലും വെറക്കാന്തൊടങ്ങി. ഒരുപാട്‌ പെമ്പിള്ളേരുമായി ഇടപെട്ടിട്ടുണ്ടെങ്കിലും ധൈര്യം മുഴുവന്‍ ചോര്‍ന്നു പോകുന്നപോലെ.

``സണ്ണിയല്ലേ?''

``ങ്‌ഹേ...''ഒരു ഞെട്ടലായിരുന്നു എന്റെ പ്രതികരണം.

``കുരിശുങ്കലെ സണ്ണിയല്ലേ''

``അതെ''

``എനിക്ക്‌ ആദ്യം മനസിലായില്ല കേട്ടോ. എന്താ ഇവിടെ?'' അവള്‍ വളരെ കൂളാ. ഈ ചുറ്റുവട്ടത്തെ എന്റെ സ്വാധീനം അറിഞ്ഞിട്ട്‌ എന്തോ കാര്യം കാണാനാ വരവ്‌. എന്നിട്ട്‌ ഒന്നുമറിയാത്ത പോലെ വര്‍ത്താനം പറയുന്നു.

``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും അത്രേയുള്ളൂ''-ഞാന്‍ പതിവു മറുപടി ആവര്‍ത്തിച്ചു.

``ജോലി എവിടാ''``ഇവിടെ അടുത്ത്‌ ഒരു കോള്‍ സെന്ററിലാ...''ധൈര്യം വീണ്ടുകിട്ടിത്തുടങ്ങിയിരിക്കുന്നു.

``ബിന്‍സി ഇപ്പോ എവിടാ വര്‍ക്കു ചെയ്യുന്നേ? അപ്രത്ത്‌ ആരാ ഇന്റര്‍വ്യൂന്‌?.''

``ഞാന്‍ ഇവിടെ അപ്പോളോ ഹോസ്‌പിറ്റലിലാരുന്നു. ഇപ്പോ നിര്‍ത്തി. ഇവിടെ മമ്മീടെ അനിയത്തീടെ വീട്ടിലാ താമസം. എനിക്ക്‌ നാളെ ഇന്റര്‍വ്യൂ ഉണ്ട്‌. ചുറ്റുപാടൊക്കെ ഒന്ന്‌ അറിയാവല്ലോന്നുകരുതി വന്നതാ.''

``അതിന്റെ ആവശ്യമില്ല. കൂടുതല്‌ പേടിയൊള്ളോരാ തലേന്നൊക്കെ വരുന്നേ. നേരെ അങ്ങോട്ടു ചെല്ലുക. ധൈര്യമായി ഇന്റര്‍വ്യൂ അറ്റന്റ്‌ ചെയ്യുക''-ഞാന്‍ ഉഷാറായിക്കഴിഞ്ഞു.

``സണ്ണി ഇവിടെ വരുന്ന എല്ലാര്‍ക്കും വല്യ സഹായവാണല്ലേ?. നാട്ടിപ്പോയപ്പം പലരും പറഞ്ഞു. ഇപ്പം ഇവിടേം.''

പാറേമാതാവേ! ചാണ്ടിസാറിന്റെ മോള്‌ ഇത്രക്ക്‌ മണ്ടിയാണോ?. പ്രീ ഡിഗ്രീം കംപ്യൂട്ടര്‍ ഡിപ്ലോമയും പിന്നെ കുറെ തരികിടകളും മാത്രം കൈമുതലായുള്ള ഞാന്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ വരുന്നോരെ സഹായിക്കുന്നെന്ന്‌ ഇവളും വിശ്വസിക്കുന്നോ?. അതോ എന്നെ അളക്കാനൊള്ള നീക്കവാന്നോ?

``സഹായിക്കലൊന്നുമില്ല. പരിചയക്കാരെ വല്ലോം കണ്ടാല്‍ വെറുതെ ടെന്‍ഷനടിക്കണ്ടെന്ന്‌ ഉപദേശിക്കും. പിന്നെ ഇവിടെ വന്നുപോകുന്നോര്‌ പറഞ്ഞ്‌ അറിവുള്ള വിവരങ്ങളും ധരിപ്പിക്കും, അത്രയൊള്ളു''-അന്നാദ്യമായിട്ടാ അവിടെവെച്ച്‌ ഞാന്‍ ഒരു പെങ്കൊച്ചിന്റെ മുന്‍പില്‍ എളിമ കാട്ടുന്നെ.

``പഴേ വൈരാഗ്യമൊന്നുമില്ലല്ലോ അല്ലേ. അന്ന്‌ ഒരാവേശത്തിന്‌ ചെയ്‌തു പോയതാ'' അവസരം മുതലാക്കി ഞാന്‍ പറഞ്ഞു.

``എയ്‌, അതൊക്കെ പണ്ടല്ലേ. പഴയ കൂട്ടുകാരൊക്കെ നാട്ടിലൊണ്ടോ. അവരെ കോണ്‍ടാക്‌ട്‌ ചെയ്യാറൊണ്ടോ''

``ഓ, എവിടെ?. ഒരു കാലം കഴിഞ്ഞാ എല്ലാര്‍ക്കും അവരോരെടെ കാര്യവല്ലേ. വടക്കേപ്ലാമൂട്ടിലെ ജോണീം പുതുച്ചേരീലെ സന്തോഷും മുറിഞ്ഞപുരക്കലെ ഫിലിപ്പും നഴ്‌സുമാരെ കല്യാണം കഴിച്ച്‌്‌ ലണ്ടനീപ്പോയി. തെക്കുമ്മുറീ ജോര്‍ജും കവലക്കലെ ജോബീം ഗള്‍ഫിലാ. ബാക്കിയൊള്ളോര്‌ നാട്ടീത്തന്നെയൊണ്ട്‌. ഇന്റര്‍വ്യൂവിന്റെ കടലാസെവിടെ?''

``നീഗ്രോയുടെ കൗണ്ടറാരിക്കുവെന്നാ പറയുന്നേ''-കടലാസു കൈമാറുന്നതിടെ അവള്‍ പറഞ്ഞു.

ഇവളോട്‌ എന്റെ ഇല്ലാത്ത പാണ്ഡിത്യം വെളമ്പീട്ട്‌ കാര്യമില്ല. ഇനി ഒരിക്കല്‍കൂടി ഇവടെ മുന്‍പില്‍ നാണംകെടാന്‍ വയ്യ. വീണ്ടും എളിമ തന്നെ ശരണം.

``അതൊന്നും പറയാമ്പറ്റുകേല. ആള്‌ മാറി വരും. കുറുക്കു വഴിയൊന്നും നോക്കണ്ട. ധൈര്യമായിട്ടിരുന്നാ മതി''.

പിറ്റേന്ന്‌ അവള്‍ ഒറ്റക്കാണ്‌ ഇന്റര്‍വ്യൂന്‌ വന്നത്‌. ആന്‍ഡേഴ്‌സണ്‍ റോഡില്‍ ഇരിക്കുമ്പോള്‍ ഞാനോര്‍ത്തു; അങ്ങനെ ഒടുവില്‍ എനിക്കും കാത്തിരിക്കാന്‍ ഒരാളായി. എയ്‌, അവളെ ഞാനെന്തിന്‌ കാത്തിരിക്കണം?. വിസ കിട്ടിയാലും ഇല്ലെങ്കിലും എനിക്കെന്ത്‌?-മനസ്‌ പെട്ടെന്ന്‌ തിരുത്തി. എന്തായാലും പഴയ പരുക്ക്‌ തീര്‍ത്തതില്‍ ആശ്വാസം തോന്നി.അന്നത്തെ ഇന്റര്‍വ്യൂവില്‍ അവള്‌ രക്ഷപ്പെട്ടില്ല. ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടാ കാത്തിരിപ്പു സ്ഥലത്തേക്ക്‌ വന്നത്‌. എന്നെ കണ്ടപ്പം കണ്ണുനിറഞ്ഞൊഴുകി.

``സാരമില്ലെടോ. ഇവിടെ മൂന്നാം തവണയാ പലര്‍ക്കും കിട്ടുന്നേ. അവിടെ ചെന്നപ്പോ താന്‍ പേടിച്ചുപോയിക്കാണും. ധൈര്യമായിട്ടിരിക്ക്‌. അടുത്ത തവണ ഒറപ്പായിട്ടും കിട്ടും''-ഞാന്‍ പറഞ്ഞു

``താങ്ക്‌സ്‌''-കണ്ണീരു തൊടക്കുന്നതിനിടെ തൂവാലക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും അവളുടെ ശബ്‌ദം ഞാങ്കേട്ടു.എന്റെ പാറേ മാതാവേ! ഇതെന്നാ ഒക്കെയാ നടക്കുന്നേ?. ഇന്ന്‌ ഇവള്‌ ഇന്റര്‍വ്യൂവില്‌ രക്ഷപ്പെട്ടിരുന്നേല്‌ ഒന്നു വെളുക്കെ ചിരിച്ചുകാണിച്ചിട്ട്‌ പോയേനെ. പണ്ട്‌ എന്റെ കത്ത്‌ വലിച്ചുകീറി എറിഞ്ഞ പെണ്ണ്‌ ദേ ഇപ്പോ ഒരു മദ്രാസിലെ പെരുവഴീല്‌ എന്റെ ആശ്വാസവാക്കിന്‌ നന്ദി പറയുന്നു. ദുഃഖം കൊണ്ട്‌ ചുവന്നപ്പോള്‍ അവളുടെ മുഖത്തിന്‌ സൗന്ദര്യം കൂടിയപോലെ.

പിരിയുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങിയ അവള്‍ കുശലാന്വേഷണവുമായി പിറ്റേന്നു തന്നെ വിളിച്ചു.അടുത്ത അറ്റംപ്‌റ്റിന്‌ തയാറായിത്തുടങ്ങാന്‍ ഞാന്‍ ഉപദേശിച്ചു. ഫോണ്‍കോളുകള്‍ പതിവായി. ഇടക്ക്‌ രണ്ടു സായാഹ്നങ്ങളില്‍ കണ്ടുമുട്ടി. സ്‌പെന്‍സര്‍ പ്ലാസയിലെ കഫേയിലും മറീനാ ബീച്ചിലും ഇരിക്കുമ്പോള്‍ അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റം. എനിക്ക്‌ അപ്പോഴും ഒന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു മാസം കഴിഞ്ഞു.

അവളുടെ രണ്ടാമത്തെ ഇന്റര്‍വ്യൂ ദിനം. എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥസമ്പൂര്‍ണമായ ഒരു കാത്തിരിപ്പിന്റെ വേള. റോഡുവക്കില്‍ അന്ന്‌ കൂടുതല്‍ ആളുകളെ പരിചയപ്പെടാന്‍ മനസു തോന്നിയില്ല. പരിചയം പുതുക്കാന്‍ എത്തിയോരെ പെട്ടെന്ന്‌ ഒഴിവാക്കി.ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നത്‌ പെങ്ങളും ഭാര്യേമൊന്നുമല്ലെങ്കിലും നെഞ്ചു പെരുമ്പറ കൊട്ടുന്നതും ഉള്ളംകൈ വിയര്‍ക്കുന്നതും ശരീരത്തിന്‌ കനം കൊറയുന്നതും ഞാനറിഞ്ഞു. ആദ്യമായി ഞാനും റോഡുവക്കില്‍ കൊന്തയുരുട്ടി. ജോയിയെപ്പോലെ, അതിനു മുന്‍പും ശേഷവും വന്ന വന്ന മറ്റു പലരെയുംപോലെ.

എംബസി ഗേറ്റു കടന്നെത്തിയ അവള്‍ വലതു കൈയ്യുടെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്റെ സന്തോഷം പറഞ്ഞറീക്കാന്‍ മേലാരുന്നു.രണ്ടാഴ്‌ച്ച കഴിഞ്ഞാല്‍ ബിന്‍സി ബര്‍മിംഗ്‌ഹാമിലേക്ക്‌ പറക്കും. വീട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ യാത്രക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ ഒന്നിച്ചാണ്‌ പോയത്‌.

``ഇനി എന്നെങ്കിലും കാണാം''-സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ ചെന്നൈ-തിരുവനന്തപുരം മെയില്‍ പുറുപ്പെടുമ്പോള്‍ പുറത്ത്‌ അവളുടെ സീറ്റിനരികിലെ ജനാലക്കമ്പിയില്‍ പിടിച്ചു നില്‍ക്കുയായിരുന്ന ഞാന്‍ പറഞ്ഞു.

``വിളിക്കാം''-എന്റെ വിരലുകള്‍ക്കു മേല്‍ വലതു കൈപ്പടം അമര്‍ത്തിക്കൊണ്ടായിരുന്നു മറുപടി. നാട്ടില്‍ ചെന്നശേഷവും വിളി തുടര്‍ന്നു. നെടുമ്പാശേരി വിമാനത്താവളത്തീന്ന്‌ പുറപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ.

അക്കരെ കടന്നാല്‍ അവള്‍ ഈ ഇസ്‌പേഡ്‌ ഏഴാംകൂലിയെ ഓര്‍ക്കുവോ?-എന്റെ മനസു സംശയിച്ചു.പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പം എന്റെ മൊബൈലിലേക്ക്‌ 0044ല്‍ തുടങ്ങുന്ന നമ്പരീന്ന്‌ ഇന്‍കമിംഗ്‌ കോള്‍ വന്നു. പിന്നെ ബര്‍മിംഗ്‌ഹാം-ചെന്നൈ റൂട്ടില്‍ വണ്‍വേ കോളുകളും ടൂവേ ഈ-മെയിലുകളും ഒഴുകി. അതിനിടെ എനിക്ക്‌ കൊച്ചീല്‌ ഒരു ഭേദപ്പെട്ട ജോലി കിട്ടി.

ആദ്യ അവധിക്കു വന്നപ്പോള്‍തന്നെ ബിന്‍സിക്ക്‌ കല്യാണാലോചനകള്‍ സജീവമായി. അവള്‍ ചാണ്ടിസാറിനോട്‌ നിലപാട്‌ വ്യക്തമാക്കി. മകളെ കുരിശുങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോനെക്കൊണ്ടു കെട്ടിക്കുന്നതിലും ഭേദം പള്ളീല്‌ ശവക്കുഴിയെടുക്കുന്ന കൂഞ്ഞൂഞ്ഞിന്‌ കൊടുക്കുന്നതാണെന്നായിരുന്നു ചാണ്ടിസാറിന്റെ നിലപാട്‌. പക്ഷെ അവളുടെ കടുംപിടുത്തത്തിനു മുന്നില്‍ ഒടുവില്‍ സാറിന്‌ വഴങ്ങേണ്ടിവന്നു.

``സണ്ണി ആന്റണി...''

കൗണ്ടറില്‍ പേരു വിളിച്ചപ്പഴാ ഞാന്‍ ഓര്‍മകളില്‍നിന്ന്‌ തിരിച്ചെത്തിയത്‌.അകത്ത്‌ സുന്ദരിയായ ഒരു ബ്രിട്ടീഷ്‌ വനിത. കാത്തിരിപ്പു സ്ഥലത്തെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദുഷ്‌ടയായ മദാമ്മ ഇവരായിരിക്കണം. മൂന്നു മിനിറ്റുകൊണ്ട്‌ എടപാടു കഴിഞ്ഞു.കുരിശിങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോന്റെ കയ്യില്‍ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്റെ സീല്‌ പതിഞ്ഞ പാസ്‌പോര്‍ട്ട്‌!. ആശ്രിത വിസക്കാരനായി യു.കെയിലേക്ക്‌ പറക്കുന്ന നസ്രാണി യുവാക്കളുടെ ഗണത്തിലേക്ക്‌ ഒരാള്‍കൂടി.

എംബസിയുടെ ഗേറ്റുകടന്ന്‌ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി ഞാന്‍ ഇടത്തേക്ക്‌ നോക്കി. പഴയ കാത്തിരിപ്പുകാരന്‍ ഇതാ വിജയശ്രീലാളിതനായി അവിടേക്ക്‌ എത്തുന്നു.

ഫോണടിച്ചു. സജിയാണ്‌. വിസകിട്ടയ വിവരം പറയാനും എന്റെ കാര്യം അറിയാനും വിളിച്ചതാണ്‌. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഏതോ ബന്ധുവിട്ടില്‍ പോകാനായി അവര്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പഴേ സ്ഥലം വിട്ടു. ഞങ്ങള്‍ പരസ്‌പരം അഭിനന്ദിച്ചു.

``തോമസു ചേട്ടന്റെ മോളു തട്ടിപ്പോയി. അങ്ങേരടെ ഒരുമാതിരി വര്‍ത്താനം കേട്ടപ്പഴേ എനിക്കു തോന്നിയതാ''. സജി പറഞ്ഞു.

പതിവുപോലെ കാത്തിരിപ്പുകാരുടെ പ്രാര്‍ത്ഥനയും വിസ കിട്ടിയോരുടെ ആഹ്ലാദവും വീരവാദങ്ങളും കിട്ടാത്തവരുടെ പരിദേവനങ്ങളും ആന്‍ഡേഴ്‌സണ്‍ റോഡില്‍ നിറഞ്ഞു. ഞാന്‍ ആ റോഡുവക്കത്ത്‌ തെല്ലിട ഇരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന്‌ കൊന്തയെടുത്ത്‌ ചുംബിച്ചു.

Thursday, August 14, 2008

ജ്വലിക്കുന്ന ഓര്‍മകള്‍(പരമ്പര അവസാനിക്കുന്നു)

``പിടിക്കപ്പെട്ടപ്പോള്‍മുതല്‍ കുന്നുകളിലൂടെയും ചുരങ്ങളിലൂടെയും നടന്ന്‌ ഞാന്‍ തളര്‍ന്നിരിക്കുന്നു. ഏതു സമയത്തും ഞങ്ങള്‍ കൊല്ലപ്പെടാം. മോചനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയിലെയും നോര്‍വേയിലെയും ഗവര്‍ണ്‍മെന്‍റുകളോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സ്ഥലം സുരക്ഷിതമാണെന്നാണ്‌ ടൂറിസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ പറഞ്ഞത്‌. എനിക്ക്‌ കാര്‍ഡ്‌ തന്ന ഒരു ഓഫീസര്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനും പറഞ്ഞിരുന്നു. അതെ, ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തെ വിളിക്കുകയാണ്‌''

ഒരു നിശ്വാസത്തിന്‍റെ ദൂരത്തിനപ്പുറം മരണം കാത്തിരിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞ നാളുകളില്‍ ഭീകരരുടെ താവളത്തിലിരുന്ന്‌ ഹാന്‍സ്‌ നോര്‍വീജിയന്‍ ഭാഷയില്‍ എഴുതിയ കുറിപ്പുകളിലൊന്നിന്‍റെ പരിഭാഷയാണ്‌ മുകളില്‍.
കണ്ണരീന്‍റെ നനവും മരണത്തിന്‍റെ ഗന്ധവുമുള്ള കവിതകളും ഇനിയൊരിക്കലും കാണാനാവാത്ത വാത്സല്യ മാതാവിനും, കുഞ്ഞുപെങ്ങള്‍ക്കുമുള്ള കത്തുകളുമൊക്കെയായിരുന്നു ഹാന്‍സിന്‍റെ വസ്‌ത്രത്തില്‍നിന്ന്‌ ലഭിച്ച കുറിപ്പുകള്‍.

ഇന്ത്യയുടെ മണ്ണില്‍ മരിച്ചു വീണാല്‍ അത്‌ ഭാഗ്യമായി കരുതുമെന്ന്‌ പറഞ്ഞ ഹാന്‍സ്‌ ഇത്രപെട്ടെന്ന്‌ താന്‍ മരണക്കെണിയില്‍ കുടുങ്ങുമെന്ന്‌ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷെ ഭീകരരുടെ പിടിയിലായതുമുതല്‍ മരണം മുന്നിലുണ്ടെന്ന്‌ അയാള്‍ അറിഞ്ഞു.


ഹാന്‍സ്‌ ഒഴികെ പിടിയിലായ നാലു ബന്ദികളുടെ
ചിത്രം- ഭീകരര്‍ പ്രസിദ്ധീകരണത്തിനു നല്‍കിയത്‌.

അവിടെ കയ്യില്‍ കിട്ടിയ തുണ്ടുകടലാസുകളിലെല്ലാം ഹൃദയവേദനകള്‍ കുത്തിക്കുറിച്ചു. ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലിരുന്ന്‌ എഴുതിക്കൂട്ടിയ ഈ വരികള്‍ വായിക്കുന്ന ആരും കരഞ്ഞു പോകും.

ദൂരെ ദൂരെ തന്നെ കാത്തിരിക്കുന്ന അമ്മയും സഹോദരിയു,സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിച്ച ശ്രീകൃഷ്‌ണപുരത്തെ ഒരുകൂട്ടം മനുഷ്യര്‍, അരങ്ങേറ്റം കഴിഞ്ഞ്‌ നോര്‍വെയിലേക്ക്‌ അയച്ചു കൊടുത്ത കഥകളി വേഷങ്ങള്‍ കണ്ട്‌ കൗതുകം മാറാത്ത, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ താന്‍ എഴുതാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്ന നാടകം വേദിയിലെത്തിക്കാന്‍ കൊതിക്കുന്ന കൂട്ടുകാര്‍....അങ്ങനെ എന്തെല്ലാം ദൃശ്യങ്ങള്‍ അയാളുടെ ഓര്‍മകളില്‍ മിന്നി മറഞ്ഞിരിക്കും?

ഡോ. ഡൊണാള്‍ഡ് ഹച്ചിന്‍സ്ഹാന്‍സിന്‍റെ അവസാന കുറിപ്പുകള്‍ക്കിടയില്‍ തനിക്കൊപ്പം ഭീകരര്‍ ബന്ദികളാക്കിയ മറ്റു വിദേശികള്‍ക്കുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭീകരര്‍ ഹാന്‍സിനെ എവിടെയോ ഏകാന്ത തടവിലാക്കിയിരിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു.

``കടലാസുകള്‍ കിട്ടാതെ വന്നപ്പോഴാകാം അവന്‍ ധരിച്ചിരുന്ന ജീന്‍സിലും കുറിപ്പുകള്‍ എഴുതി. ജീന്‍സില്‍ എഴുതാവുന്നിടത്തെല്ലാം എഴുതിയിരുന്നു''. നിറകണ്ണുകളോടെ മാരിറ്റ്‌ അനുസ്‌മരിക്കുന്നു.

``ഹാന്‍സിന്‍റെ അവസാന കുറിപ്പുകളുടെ പകര്‍പ്പുകള്‍ മാത്രമാണ്‌ എനിക്ക്‌ ആദ്യം ലഭിച്ചത്‌. പിന്നീട്‌ അവയുടെ അസ്സല്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു വാങ്ങി''. എല്ലാ കുറിപ്പുകളും കണ്ണീരോടെ വായിച്ച ആ അമ്മ അവ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്തി അമൂല്യ നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്‌. ഇവയില്‍ മകന്‍ തനിക്കെഴുതിയ കത്തുകളുടെ ഉള്ളടക്കം മാരിറ്റ്‌ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ല.

``അത്‌ എനിക്ക്‌ മാത്രമുള്ളതാണ്‌. അവനെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴെല്ലാം ആ കുറിപ്പിലെ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങും. കുറ്റിരോമം നിറഞ്ഞ മുഖത്ത്‌ കുസൃതി ചിരിയുമായി അവന്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നുണ്ടെന്ന്‌ തോന്നും. സ്വപ്‌നങ്ങളും, ഓര്‍മകളും യാഥാര്‍ത്ഥ്യത്തിന്‌ വഴിമാറുമ്പോള്‍ ഈ അമ്മയ്‌ക്ക്‌ കണ്ണീരുമാത്രമാകും ബാക്കി''. തോരാത്ത കണ്ണീരോടെ മാരിറ്റ്‌ പറഞ്ഞു.

``ലോകത്ത്‌ ഒരമ്മയ്‌ക്കും ഈ ഗതിയുണ്ടാകരുതേ''. -മാരിറ്റ്‌ പറഞ്ഞ്‌ അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‌.
ഡല്‍ഹിയിലെ ഒരു ഗസ്റ്റ്‌ ഹൗസില്‍ ഹാന്‍സ്‌ സൂക്ഷിച്ചിരുന്ന ഒരു ബാഗും അമ്മക്കു ലഭിച്ചു. അതില്‍ ഹാന്‍സിന്‍റെ വിലപ്പെട്ട വസ്‌തുക്കളിലൊന്നുണ്ടായിരുന്നു. എഴുതി പൂര്‍ത്തിയാക്കാത്ത ഒരു നാടകം. വിവിധ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സൃഷ്‌ടിയായിരുന്നു അത്‌. നോര്‍വെയില്‍ തിരിച്ചെത്തിയ ശേഷം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന നാടകത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിനായിരുന്നു മുന്‍ തൂക്കം.

ഡോണാള്‍ഡ്‌ ഹച്ചിന്‍സ്‌ ഭീകരരുടെ തോക്കിന്‍മുനയില്‍


പിന്നീട്‌ ഹാന്‍സിന്‍റെ സ്‌മരണയ്‌ക്കായി നോര്‍വെയിലെ സുഹൃത്തുക്കള്‍ ഈ നാടകം അവതരിപ്പിച്ചു.
മകന്‍റെ മനസിനെ മഥിച്ച മണ്ണിലേക്ക, സ്വര്‍ഗമെന്നും സ്വപ്‌ന ലോകമെന്നും കത്തുകളില്‍ അവന്‍ വിശേഷിപ്പിച്ച കേരളത്തിലേക്ക്‌ രണ്ടാം ഭര്‍ത്താവിനൊപ്പം നേരത്തെ ഒരു തവണ വന്ന മാറ്റി നെടുമ്പിള്ളി മനയില്‍ രണ്ടു ദിവസം തങ്ങിയശേഷമാണ്‌ മടങ്ങിയതെന്ന്‌ നാരായണന്‍ നമ്പൂതിരി പറയുന്നു. നോര്‍വെയില്‍ ഹാന്‍സിന്‍റെ സുഹൃത്തായിരുന്ന ഗുണബ്‌ജെന്നും ഇവിടെ സന്ദര്‍ശനം നടത്തി.
ജീവിതത്തിന്‍റെ പുസ്‌തകത്തിലില്ലെങ്കിലും ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ ഇന്നും ഒട്ടേറെപ്പേരുടെ മനസില്‍ ജീവിക്കുന്നു. മരണമുഖത്തുനിന്നുള്ള കുറിപ്പുകള്‍ ദേശത്തിനും കാലത്തിനും ആതിതമായി ഹൃദയങ്ങളെ മഥിച്ചുകൊണ്ടേയിരിക്കുന്നു.
ഒപ്പം ഹാന്‍സിന്‍റെ അവസാനത്തെ കുറിപ്പുകളും.
``ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌. അപ്പോള്‍ മാത്രമേ നിന്റെ നീതി പാലിക്കാനും നിന്റെ ലക്ഷ്യത്തിലെത്താനും നിനക്കു കഴിയൂ''

Tuesday, August 12, 2008

സ്വപ്‌നങ്ങളുടെ താഴ്‌വരയില്‍ മരണം(പരമ്പര -പത്താം ഭാഗം)

(ഹാന്‍സിന്‍റെ ശിരസ്സറ്റ ശരീരം മൃതദേഹം കശ്‌മീരിലെ ചത്ത്‌ഹാലില്‍ കണ്ടെത്തിട്ട്‌ ഇന്ന്‌ 13 വര്‍ഷം തികയുന്നു)

``അരങ്ങേറ്റം കഴിഞ്ഞ്‌ ശ്രീകൃഷ്‌ണപുരം വിടും മുന്‍പ്‌ അവന്‍ എനിക്ക്‌ ഫോണ്‍ ചെയ്‌തു. ഇതു പോലെ നിറഞ്ഞ മനസുമായി മുന്‍പൊരിക്കലും എന്നോടു സംസാരിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. എന്‍റെയും ആനറ്റിന്‍റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇവിടുത്തെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു...''മരണമുഖത്തേക്ക്‌ പുറപ്പെടും മുമ്പ്‌ മകനോടു സംസാരിച്ച നിമിഷങ്ങളേക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ മാരിറ്റ്‌ ഹെസ്‌ബിയുടെ കണ്ണുകള്‍ നിറയുന്നു.

``ഒരു മാസം കൂടി കേരളത്തില്‍ തങ്ങണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നീട്ടി കിട്ടാത്തതു കൊണ്ട്‌ ബദരീനാഥിലും മറ്റും സന്ദര്‍ശനം നടത്തി ഉടന്‍ മടങ്ങുമെന്നാണ്‌ അവന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞത്‌''.ഹാന്‍സിന്‍റെ പേരില്‍ കൊച്ചിയില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്ന സ്‌കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ഹെസ്‌ബിയെയും, സഹോദരി ആനറ്റിനെയും എറണാകുളം ഗസ്റ്റ്‌ ഹൗസിലാണ്‌ ഞാന്‍ കണ്ടുമുട്ടിയത്‌.

ഹാന്‍സിനെക്കുറിച്ചുള്ള ഓര്‍മച്ചിത്രങ്ങളില്‍ മുഴുകിയിട്ടെന്നവണ്ണം ആ അമ്മ തെല്ലിട ജനാലയിലൂടെ വിദൂരതയിലേക്ക്‌ കണ്ണുംനട്ടിരുന്നു. കുസൃതിക്കാരായനായ കുഞ്ഞുഹാന്‍സ്‌,നാടകത്തെയും സംഗീതത്തെയും നെഞ്ചേറ്റിയ ബാലന്‍, അരങ്ങിനോടുള്ള ഭ്രാന്തമായ അഭിനിവേശത്തില്‍ വീടുവിട്ടുപോയ യുവാവ്‌, ലോകത്തിന്‍റെ ഏതൊക്കൊയോ കോണുകളില്‍നിന്ന്‌ ക്ഷേമാന്വേഷണങ്ങളുമായി ഫോണ്‍ ചെയ്യുന്ന വത്സല മകന്‍...ഓര്‍മകള്‍ മഞ്ഞു പുതച്ച കശ്‌മീര്‍ താഴ്‌വരയിലെത്തുമ്പോള്‍ മാരിറ്റിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

ഭീകരര്‍ തട്ടിക്കൊണ്ടു പോയ വിദേശികള്‍ക്കു വേണ്ടി സൈന്യം കശ്മീര്‍ താഴ്വരയില്‍ തെരച്ചില്‍ നടത്തുന്നു

``അവന്‍ നോര്‍വെയില്‍ മടങ്ങി വരുന്നതു കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത്‌ കാശ്‌മീരില്‍ ഭീകരരുടെ പിടിയിലായ വിവരമാണ്‌. മെയ്‌ക്കരുത്തും തികഞ്ഞ മനഃസാന്നിധ്യവുമുള്ള ഹാന്‍സിന്‌ ഏതു വെല്ലുവിളികളെയും അതിജീവിക്കുവാന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ വിശ്വസിച്ചു. അതിനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.വൈകാതെ ഞങ്ങള്‍ ഇന്ത്യയിലെത്തി''-തീവ്രവേദനയുടെ നാളുകള്‍ മാരിറ്റ്‌ ഓര്‍മിച്ചു.

പക്ഷെ, മാരിറ്റിന്‍റെയും ആനറ്റന്‍റെയും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും ഫലം കണ്ടില്ല.995 ഓഗസ്റ്റ്‌ 13ന്‌ രാവിലെ അനന്ത്‌നാഗ്‌ ജില്ലയിലെ ചത്ത്‌ഹാല്‍ ഗ്രാമത്തില്‍ പന്‍സാമുല്ല-സാലിയ റോഡിനു സമീപം വിറക്‌ ശേഖരിക്കാനെത്തിയ ഒരു സംഘം സ്‌ത്രീകളാണ്‌ ശിരസ്‌ ഛേദിക്കപ്പെട്ട നിലയില്‍ ഹാന്‍സിന്‍റെ ശരീരം കണ്ടെത്തിയത്‌. മൃതദേഹത്തിന്‍റെ നെഞ്ചില്‍ കത്തികൊണ്ട്‌ അല്‍-ഫാറന്‍ എന്ന്‌ കോറിയിരുന്നു. അധികം ദൂരത്തല്ലാതെ ശിരസും പിന്നീട്‌ കണ്ടെത്തി.

ശരീരത്തിലുണ്ടായിരുന്ന കുപ്പായത്തിന്‍റെ മടക്കുകളിലും മറ്റും ഒട്ടേറെ കടലാസു തുണ്ടുകള്‍ കണ്ടത്തി. മരണം മുന്നില്‍ കണ്ട്‌ ഭീകരരുടെ താവളത്തില്‍ കഴിയുമ്പോള്‍ ഹാന്‍സ്‌ കുറിച്ച കവിതകളും ചിന്തകളും കത്തുകളുമൊക്കെയായിരുന്നു കടലാസുകളില്‍.

ഇന്ത്യന്‍ സേന പിടികൂടിയ 21 തീവ്രവാദികളെ വിട്ടയക്കാതെ ഹാന്‍സ്‌ ഉള്‍പ്പെടെ തങ്ങള്‍ തട്ടിയെടുത്ത വിദേശ വിനോദസഞ്ചാരികളെ മോചിപ്പിക്കില്ലെന്നായിരുന്നു തീവ്രവാദികളുടെ നിലപാട്‌. ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ജോണ്‍ ചില്‍ഡ്‌സിനു പിന്നാലെ രക്ഷപ്പെടാനോ തീവ്രവാദികളോട്‌ ചെറുത്തു നില്‍ക്കാനോ ശ്രമിച്ചതുകൊണ്ടാകാം ഹാന്‍സിനു തന്നെ അവര്‍ ആദ്യം മരണം വിധിച്ചത്‌. ആഗോളതലത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തിന്റെ ഇരകളുടെ പട്ടികയില്‍ ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ എന്ന 24കാരന്റെ പേരുകൂടി എഴുതിച്ചേര്‍ക്കപ്പെട്ട വിവരം അമേരിക്കന്‍ മാധ്യമങ്ങളിലൂടെയാണ്‌ പുറംലോകമറിഞ്ഞത്‌.

ബന്ദികളുടെ ഭാര്യമാരും ബന്ധുക്കളും ശ്രീനഗറില്‍ എത്തിയപ്പോള്‍

ഹാന്‍സിന്‍റെ മടക്കയാത്ര കാത്ത് ദല്‍ഹിയില്‍ കഴിഞ്ഞിരുന്ന മാരിറ്റിനെയും ആനറ്റിനെയും തേടിയെത്തിയത്‌ വിറങ്ങലിച്ച ശരീരവും അന്ത്യനിമിഷങ്ങളില്‍ ഹാന്‍സ്‌ എഴുതിയ കുറിപ്പുകളുമായിരുന്നു.ഇങ്ങു ദൂരെ ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ ആ വാര്‍ത്തയെത്തുമ്പോള്‍ നാരായണന്‍ നമ്പൂതിരിയും കുടുംബവും ഹാന്‍സ്‌ നേരത്തെ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു. ``ഭാരതത്തില്‍ മരിക്കാനായാല്‍ അത്‌ മഹാഭാഗ്യമാണ്‌'' (തുടരും)......

അരങ്ങ്‌ കീഴടക്കിയ ഭീമന്‍(പരമ്പര-ഒമ്പതാം ഭാഗം)

സംഭവബഹുലമായ മുന്നു മാസങ്ങള്‍ക്കൊടുവില്‍ ഹാന്‍സ്‌ കാത്തിരുന്ന ദിവസമെത്തി.
വീണ്ടും ശ്രീകൃഷ്‌ണപുരം, ഈശ്വരമംഗലം ക്ഷേത്രത്തിലെ വേദിയും ചമയപ്പുരയും ഒരുങ്ങി. ടോം ജെര്‍ദേഫാക്‌ മുതല്‍ ഒട്ടേറെ വിദേശികളുടെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ചിട്ടുള്ള നാട്ടുകാര്‍ അവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്‌തനായ ഹാന്‍സിന്‍റെ ആട്ടത്തിനായി കാത്തിരുന്നു.

കല്ല്യാണ സൗഗന്ധികം ഒരു സമ്പ്രദായമായി ചെയ്യണമെങ്കില്‍ കുറഞ്ഞത്‌ അഞ്ചു വര്‍ഷത്തെ പരിശീലനമെങ്കിലും വേണം. കേവലം മൂന്നു മാസത്തെ പരിശീലനം കൊണ്ട്‌ തികച്ചും ശ്രദ്ധേയമായ വിധത്തില്‍ ഹാന്‍സ്‌ കളി സ്വായത്തമാക്കിയെന്ന്‌ ഗുരു അനുസ്‌മരിക്കുന്നു.
ടോമിന്‍റെ ശിപാര്‍ശക്കത്തുമായി വന്ന ഹാന്‍സ്‌ ചമയപ്പുരയില്‍ ടോമിനെപ്പോലെ വിലപിച്ചില്ല. അയാള്‍ ടോമിനെപ്പോലെ സംശയ രോഗിയായിരുന്നില്ലല്ലോ. പിന്നെ പശ്ചാത്തപിക്കാന്‍ മാത്രമുള്ള എന്തെങ്കിലും തെറ്റ്‌ താന്‍ ചെയ്‌തതായി ഹാന്‍സിന്‌ തോന്നിയിട്ടുമുണ്ടാകില്ല.

അരങ്ങേറ്റ സമയത്ത്‌ താന്‍ വേദിക്കു മുന്നിലിരുന്ന്‌ ഓര്‍മ്മയ്‌ക്കായി മുദ്രകള്‍ കാട്ടിത്തരാമെന്നു സോമന്‍ പറഞ്ഞപ്പോള്‍ - ``അരങ്ങത്ത്‌ ഞാനല്ല, സാക്ഷാല്‍ ഭീമനായിരിക്കും നില്‍ക്കുക. ഭീമന്‍ നിന്‍റെ തല അടിച്ചു പൊളിക്കും'' എന്നായിരുന്നു ശിഷ്യന്‍റെ മറുപടി. അരങ്ങില്‍ കയറുമ്പോള്‍ കിരീടം വാതില്‍പടിയില്‍ തട്ടാതിരിക്കാന്‍ കുനിയണമെന്ന്‌ നിര്‍ദ്ദേശിച്ചപ്പോഴും ഭീക്ഷണി ഉയര്‍ത്തി ഹാന്‍സ്‌ കയ്യോങ്ങിയെന്ന്‌ സോമന്‍ ഓര്‍ക്കുന്നു.

തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഹാന്‍സ്‌ ആട്ട വിളക്കിന്‌ മുന്നിലെത്തി. സദസില്‍ സോമനും നാരായണന്‍ നമ്പൂതിരിയും നിശബ്‌ദ സാക്ഷികള്‍. ജന്മം തന്നെ സാഫല്യം നേടുന്ന നിര്‍വൃതിയിലായിരുന്നു ഹാന്‍സ്‌. ആട്ടവിളക്കിന്‍റെ വെളിച്ചം അയാളുടെ വെള്ളാരം കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു. സ്റ്റോക്‌ഹോമിലെ കടല്‍തീരത്ത്‌ കഥകളി വേഷം കെട്ടി ഭിക്ഷ യാചിക്കുന്ന ടോമിനെ കണ്ടുമുട്ടിയതു മുതലുള്ള സംഭവങ്ങള്‍ ഹാന്‍സിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞിട്ടുണ്ടാകാം.

നന്ദകുമാര്‍ മാരാര്‍, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ശ്രീകുമാര്‍, നാരായണന്‍ നമ്പൂതിരിയുടെ മകന്‍ രാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം മേളം തുടങ്ങി. ഹാന്‍സിന്‍റെ അരങ്ങേറ്റം ആരംഭിക്കുകയായി. വേദിയില്‍ ഒരു നോര്‍വെക്കാരന്‍റെ മുദ്രകളും പദചലനങ്ങളും നവരസങ്ങളും വിസ്‌മയം പോലെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

ചുതുകളിയില്‍ പാണ്ഡവര്‍ പരാജിതരായി. ദുശാസനനെ ഭീമന്‍ കൊലപ്പെടുത്തി. കളിയരങ്ങില്‍ ദുശാസനനും ഭീമനും ഒരാള്‍ തന്നെയാണ്‌. രൗദ്രഭാവങ്ങളും ചടുല മുദ്രകളുമായി ഹാന്‍സ്‌ കത്തിക്കയറുമ്പോള്‍ ഒരുവിരലില്‍ ഉറപ്പിച്ചിരുന്ന നഖം അടര്‍ന്നു വീണു. അവസരത്തിനൊത്തുയര്‍ന്ന്‌ ഹാന്‍സ്‌ ക്രോധത്തിന്‍റെ പാരമ്യത്തിലെത്തി ആ കൈ ആഞ്ഞുകുടഞ്ഞ്‌ മറ്റു നഖങ്ങളും താഴെക്കളഞ്ഞു. സദസ്‌ ഹര്‍ഷാരവും മുഴക്കി.

അരങ്ങേറ്റം കഴിഞ്ഞ്‌, ജനം മറ്റു കലാപരിപാടികളില്‍ മുഴുകിയിരിക്കെ ഈശ്വര മംഗലം അമ്പലക്കുളത്തില്‍ ഹാന്‍സ്‌ മുങ്ങിക്കുളിച്ചു. മടങ്ങിച്ചെന്ന്‌ വേദിയില്‍ മറ്റു കഥകളികള്‍ക്ക്‌ അകമ്പടി സേവിച്ച മേളക്കാരെ വിശറി കൊണ്ട്‌ വീശി.
പിറ്റേന്നു തന്നെ കൊച്ചിയിലെത്തി അരങ്ങേറ്റത്തിനുപയോഗിച്ച വേഷങ്ങള്‍ നേര്‍വെയിലെ തന്‍റെ നാടക ട്രൂപ്പായ `കഥാസിസി'ലേക്ക്‌ അയച്ചു.

ഒരു കഥകളിക്കാരനാവുക എന്ന ആഗ്രഹം സഫലമായതോടെ കേരളം വിട്ട്‌ യാത്ര തുടരാന്‍ അയാള്‍ തീരുമാനിച്ചു. കൂട്ടുക്കാര്‍ക്കു വാക്ക്‌ നല്‍കിയിരുന്നതു പോലെ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു നാടകം തയ്യാറാക്കണം. അതിന്‌ ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കണം. യാത്രയുടെ ലക്ഷ്യം ഇതായിരുന്നു.
കാശ്‌മീരും, കല്‍ക്കട്ടയിലെ ശാന്തിനികേതനും, മഹാഋഷിമാരുടെ ആശ്രമങ്ങളുമൊക്കെ സന്ദര്‍ശിക്കാനാണ്‌ അടുത്ത പദ്ധതിയെന്ന്‌ നമ്പൂതിരിയോട്‌ പറഞ്ഞു. കാശ്‌മീരിലേക്കു പോകുന്നതു സുരക്ഷിതമല്ലെന്ന്‌ നമ്പൂതിരിയും ഭാര്യയും വിലക്കി.

``ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ എന്റെ മഹാഭാഗ്യമായിരിക്കും''. എന്നായിരുന്നു ഹാന്‍സിന്റെ മറുപടി
നാലു ദിവസം കഴിഞ്ഞപ്പോള്‍ നെടുമ്പിള്ളി മനയോടും, ശ്രീകൃഷ്‌ണപുരത്തോടും യാത്ര പറഞ്ഞ്‌ ഹാന്‍സ്‌ പുറപ്പെട്ടു(തുടരും)...

Sunday, August 10, 2008

അബദ്ധത്തില്‍ ചാടിച്ച സാഹസങ്ങള്‍(പരന്പര-ഭാഗം ഒന്പത്)

രാപകല്‍ ഭേദമെന്യേ കരിമ്പുഴയിലും കുന്തിപ്പുഴയിലുമൊക്കെ മുങ്ങിക്കുളിച്ച്‌, പുഴക്കരയില്‍ മലര്‍ന്നു കിടക്കുന്ന സായ്‌പ്പ്‌ നാട്ടുകാര്‍ക്ക്‌ വിസ്‌മയമായി. തുടക്കത്തില്‍ മനയില്‍ തന്നെ കുളിച്ചിരുന്ന ഹാന്‍സ്‌ അധികം വൈകാതെ പുഴകളില്‍ കുളിക്കുന്നതിന്‍റെ സുഖമറിഞ്ഞു. മനയുടെ മുറ്റത്ത്‌ നടത്തിയിരുന്ന സൂര്യ സ്‌നാനവും പുഴക്കരയിലേക്കു മാറ്റി.

അര്‍ധ രാത്രി മനയില്‍ നിന്ന്‌ പുറത്തിറങ്ങി, രാത്രിയുടെ സൗന്ദര്യമാസ്വദിച്ച്‌ പാടത്തുകൂടി എങ്ങോട്ടെന്നില്ലാതെ നടക്കും. അതിനിടെ എവിടെയെങ്കിലും വെള്ളം കണ്ടാല്‍ അവിടെ ചാടുകയായി.

``രാത്രിയില്‍ ഇറങ്ങി നടക്കരുതെന്ന്‌ ഞാന്‍ ഉപദേശിക്കുമായിരുന്നു. നോര്‍വേയില്‍ സൈനീക സേവനം നടത്തിയിരുന്ന കാലത്ത്‌ കായലിനടിയിലൂടെയും മറ്റും നീന്തിയതും വലിയ ഉയരത്തില്‍ നിന്ന്‌ ചാടിയതുമുള്‍പ്പെടെയുള്ള വീരസാഹസിക കഥകള്‍ പറഞ്ഞ്‌ തനിക്ക്‌ തെല്ലും ഭയമില്ലെന്ന്‌ ഹാന്‍സ്‌ സമര്‍ത്ഥിച്ചിരുന്നു. അയാളുടെ വലിയ ബാഗിനുള്ളിലെ സമ്പാദ്യങ്ങളില്‍ വലിയൊരു വാളും ടോര്‍ച്ചും ഉണ്ടായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കടമ്പകള്‍ കടത്തി വാള്‍ ഇവിടെ എത്തിച്ചത്‌ എങ്ങിനെയാണെന്ന്‌ എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല''- നമ്പൂതിരി മാഷ്‌ പറയുന്നു.

രാത്രി കഥകളി കാണാന്‍ പോകുന്നത്‌ ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ ഹാന്‍സ്‌ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മലയാള വാക്കുകള്‍ പഠിക്കാന്‍ പ്രത്യേക്‌ താല്‍പര്യം കാട്ടിയിരുന്നു. കേട്ട വാക്കുകളില്‍ പലതും ഹാന്‍സിന്‍റെ ഡയറിയില്‍ ഇടം പിടിച്ചു. ഇതിലൊന്ന്‌ ``എന്തുണ്ട്‌ വിശേഷം'' എന്നതായിരുന്നു. ഇംഗ്ലീഷും നോര്‍വീജിയനും ഇടകലര്‍ന്ന മലയാളത്തില്‍ ഹാന്‍സ്‌ നടത്തുന്ന കുശലാന്വേഷണം നാട്ടുകാര്‍ക്ക്‌ കൗതകമായിരുന്നു.

ഒരിക്കല്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ ഒരു യുവതിയെ പരിചയപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശിനിയായ അവര്‍ തന്നെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തുറന്നു സംസാരിച്ചില്ലെങ്കിലും പിരിയുമ്പോള്‍ ടെലഫോണ്‍ നമ്പര്‍ ഹാന്‍സിനു നല്‍കി. പിന്നീട്‌ സോമന്‍ കോയമ്പത്തൂരില്‍ കഥകളി പരിപാടിക്ക്‌ പോകുമ്പോള്‍ ഹാന്‍സും കൂടെക്കൂടി. അവിടെ ചെന്നയുടന്‍ പഴയ കഥാപാത്രത്തെ തേടി ഹാന്‍സ്‌ മുങ്ങി.

പക്ഷെ, വളരെ പെട്ടെന്ന്‌ തിരിച്ചെത്തി. സംശയം തോന്നിയ സോമന്‍ വിവരമന്വേഷിച്ചപ്പോള്‍ ചിത്രം വ്യക്തമായി;
ട്രെയിന്‍ പരിചയപ്പെട്ട സുന്ദരി കോയമ്പത്തൂരിലെ വനിതാ പോലീസുകാരിയാണെന്ന്‌ അവിടെവെച്ചാണത്രെ മനസിലായത്‌.
ഒരിക്കല്‍ തനിയെ ഊട്ടിയില്‍ പോയി മടങ്ങിവരുമ്പോള്‍ ഹാന്‍സിന്‍റെ കാല്‍വെള്ളകള്‍ പൊള്ളി നശിച്ചിരുന്നു. തീക്കനലിനു മുകളിലൂടെ നടന്ന്‌ പ്രദര്‍ശനം നടത്തി പണം വാങ്ങുന്ന അഭ്യാസികളെ അനുകരിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതായിരുന്നു.

``മലയാളി പെണ്ണേ നിന്റെ മനസ്‌.... എന്നു തുടങ്ങുന്ന സിനിമാ ഗാനത്തിന്‍റെ ആദ്യ വരികള്‍ ഹാന്‍സ്‌ പഠിച്ചതും ഊട്ടിയില്‍ നിന്നായിരുന്നു. പിന്നീട്‌ ഈ പാട്ട്‌ ഇടയ്‌ക്കിടെ പാടുന്നതു പതിവാക്കി.

സ്വാദില്‍ ഭ്രമിച്ച്‌ ഒരിക്കല്‍ ഒരു കുപ്പിയോളം ചവനപ്രാശം ഒന്നിട്ടു കഴിച്ച ഹാന്‍സിന്‌ കലശലായ വയറിളക്കം പിടിപെട്ടതും നന്പൂതിരി മാഷും കുടുംബാംഗങ്ങളും അനുസ്മരിച്ചു(തുടരും)..........

Friday, August 08, 2008

ദുരൂഹതകളുടെ കൂടാരംപോലെ ഒരാള്‍(പരന്പര-ഭാഗം ഏഴ്)

രാവിലെ 9.15 മുതല്‍ ഒന്നുവരെയും ഉച്ചഭക്ഷണത്തിനു ശേഷം 2.30 മുതല്‍ ആറുവരെയുമായിരുന്നു കഥകളി ക്ലാസ്‌. നോര്‍വെ ഗവണ്‍മെന്റിന്‍റെ സ്‌കോളര്‍ഷിപ്പോടെയാണ്‌ പഠിക്കാന്‍ വന്നതെങ്കിലും സമയവും പണവും പാഴാക്കാന്‍ ഹാന്‍സ്‌ ഒരിക്കലും തയ്യാറായിരുന്നില്ല.

``രാവിലെ നിശ്ചിത സമയത്തിനു ഒരു മിനിറ്റു വൈകിയാല്‍ ഗുരു ശിഷ്യന്‍റെ `സരസ്വതി'കേട്ടതു തന്നെ. ഉച്ചയ്‌ക്ക്‌ ഊണുകഴിഞ്ഞ്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നാല്‍ കൃത്യം 2.30ന്‌ എഴുന്നേറ്റിരിക്കണം. ഇല്ലെങ്കില്‍ ഞാന്‍ കിടക്കുന്നതിന്‍റെ സമീപത്തു കൂടി ഹാന്‍സ്‌ ശബ്‌ദം കേള്‍ക്കുന്ന വിധത്തില്‍ ഉറച്ച ചുവടുകളോടെ നടക്കും. എഴുന്നേല്‍ക്കുവാനുള്ള സൂചനയാണത്‌. എന്നിട്ടും എഴുന്നേറ്റില്ലെങ്കില്‍ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ പരിശീലനം തുടരുമായിരുന്നു'- സോമന്‍റെ സ്‌മരണയില്‍ കര്‍ക്കശക്കാരനായ ശിഷ്യന്‍റെ ചിത്രം നിറഞ്ഞുനില്‍ക്കുന്നു.

``കുംഭം-മീനം മാസങ്ങളില്‍ പാലക്കാടന്‍ ചൂട്‌ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും ഹാന്‍സ്‌ കഥകളി പണത്തിനായി അത്യാധ്വാനം ചെയ്യുകയായിരുന്നു. ചൂട്‌ അസഹ്യമാകുമ്പോള്‍ പുറത്തേക്കോടി വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും വെള്ളം കോരി ദേഹത്തൊഴിക്കും. ഒരു ദിവസം അന്‍പതു തവണയെങ്കിലും ഇങ്ങനെ ചെയ്‌തിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ടേബിള്‍ ഫാനില്‍ വെള്ളമൊഴിച്ച്‌ അതിനു മുന്നില്‍ നില്‍ക്കുന്നതായിരുന്നു മറ്റൊരു സ്ഥിരം പരിപാടി.

വെള്ളിനേഴിയില്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍റെ സപ്‌തതി ആഘോഷം. വീടിനടുത്തുള്ള പറമ്പില്‍ പ്രത്യേക വേദികെട്ടി ഒരു ദിവസം മുഴുവന്‍ നീളുന്ന `ഉദയാന്തുദയാന്ത' കഥകളി പരിപാടി നടത്തുകയാണ്‌. മറ്റു കഥകളി കലാകാരന്‍മാര്‍ക്കൊപ്പം സംഘാടകനായി ഓടി നടക്കുകയാണ്‌ സോമന്‍. ഹാന്‍സും മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുത്തു. ഇടക്ക്‌ ശക്തമായ മഴ പെയ്‌തപ്പോള്‍ പന്തലിനു മുകളിലത്തെ ടാര്‍പോളിന്‍ ഷീറ്റില്‍ കെട്ടിക്കിടന്ന വെള്ളം കമ്പ്‌ കൊണ്ട്‌ കുത്തി പുറത്തേക്കൊഴുക്കുന്ന ജോലി ഹാന്‍സ്‌ സ്വയം ഏറ്റെടുത്തു.

``ആഘോഷ പരിപാടി കഴിയുമ്പോള്‍ നേരം പുലര്‍ച്ചെയായിരുന്നു. പങ്കെടുത്തവരില്‍ പലരും പിരിഞ്ഞു. മറ്റുള്ളവര്‍ തളര്‍ന്ന്‌ ഉറക്കമായി. പക്ഷെ ഹാന്‍സ്‌ ഉറങ്ങിയില്ല. ഉറക്ക ക്ഷീണത്തില്‍ തളര്‍ന്ന ഞാന്‍ അന്നും ക്ലാസ്‌ എടുക്കണമെന്ന്‌ ഹാന്‍സ്‌ ശഠിച്ചു. ഹാന്‍സിന്‍റെ ശാഠ്യം സാധിക്കാന്‍ നിവര്‍ത്തിയില്ലെന്നു വ്യക്തമാക്കി ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷെ ഒരു ദിവസം വെറുതെ കളയാന്‍ ഹാന്‍സ്‌ തയാറായില്ല. മറ്റൊരു ആശാനെ വിളിച്ച്‌ ഹാന്‍സ്‌ അന്നു ക്ലാസെടുത്തു''.

മറ്റൊരിക്കല്‍ എന്‍റെ മകള്‍ക്ക്‌ അസുഖം ബാധിച്ച്‌ ആശുപത്രിയിലായി. പഠനം മുടങ്ങാതിരിക്കാന്‍ ഹാന്‍സ്‌ ആശുപത്രിക്കു സമീപത്തുള്ള ഒരു ലോഡ്‌ജില്‍ മുറിയെടുത്തു. മകള്‍ക്കൊപ്പം ആശുപത്രിയിലായിരുന്ന ഞാന്‍ ലോഡ്‌ജില്‍ ചെന്ന്‌ ക്ലാസെടുത്തു. മനയില്‍ മൂന്നു ദിവസത്തോളം തുടര്‍ച്ചയായി കന്‍റില്ലാതിരുന്ന വേളയില്‍ കിലോമീറ്ററുകള്‍ക്കപ്പുറം ഒരു ഹോട്ടലില്‍ മുറിയെടുത്ത്‌ എന്നെ അവിടേക്കു കൊണ്ടു പോയി പരിശീലനം തുടര്‍ന്നു. ശിഷ്യനെ അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഗുരുവിനു മുന്നിലില്ലായിരുന്നു. ശിഷ്യന്‍റെ ഇത്തരം കാര്‍ക്കശ്യത്തിന്‍റെ കഥകള്‍ ഇപ്പോഴും സോമന്റെ മനസിലുണ്ട്‌.

ഹാന്‍സിന്‍റെ വ്യക്തിത്വത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെങ്കിലും ഈ കാര്‍ക്കശ്യത്തെ സദ്‌ഗുണമായേ പരിഗണിക്കാന്‍ കഴിയൂ. ഗുരുവിന്‍റെ വൈഷമ്യങ്ങളും അസൗകര്യങ്ങളും മുഖവിലക്കെടുക്കാതിരുന്നതും ഗുരുവിനു നേരെ കയ്യോങ്ങിയതും ഭീക്ഷണി മുഴുക്കിയതുമൊക്കെ സാംസ്‌കാരികമായ വൈജാത്യം കൊണ്ടായിരിക്കാമെന്ന്‌ അനുമാനിക്കാം.

ട്രെയിനിന്‍റെ സ്വരവും ചൂളം വിളിയും ഹാന്‍സിന്‍റെ ഹൃദയത്തില്‍ സംഗീതമായിരുന്നു. ട്രെയിന്‍ കാണുമ്പോഴും ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും അയാളുടെ വെള്ളാരം കണ്ണുകള്‍ കൂടുതല്‍ പ്രകാശിതമാകുമായിരുന്നെന്നും മുഖം ചുവന്നു തുടുക്കുമായിരുന്നെന്നും സോമന്‍ പറയുന്നു. ബസില്‍ സഞ്ചരിക്കുമ്പോഴും തികച്ചും അസ്വസ്‌തനായി ഹാന്‍സ്‌ പുറത്തേക്കു നോക്കി ഇരിക്കുമായിരുന്നെന്ന്‌ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ മകന്‍ അപ്പുക്കുട്ടന്‍ ഓര്‍ക്കുന്നു.

വെള്ളനേഴിയിലെയും, ശ്രീകൃഷ്‌ണപുരത്തെയും വഴികളെല്ലാം ഹാന്‍സിനു മനഃപാഠമായിരുന്നു.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹാന്‍സിന്‌ മനയിലെ നാടന്‍ ഭക്ഷണം മടുത്തു. ചക്കയും മാങ്ങയുമൊക്കെ കാണുമ്പോള്‍ തന്നെ ഹാലിളകുന്ന അവസ്ഥവരെയെത്തി. ഈ അവസരത്തില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നതിനും മറ്റും ഹാന്‍സിനു തുണയായത്‌ വെള്ളിനേഴിയില്‍ ഫോട്ട്‌ സ്റ്റുഡിയോ നടത്തിയിരുന്ന ജോര്‍ജ്‌ എന്നയാളാണ്‌.
പകല്‍ മുഴുവന്‍ കഥകളി പഠിച്ചശേഷം രാത്രി കഥകളി കാണാന്‍ പോകുന്ന പതിവും ഹാന്‍സിനുണ്ടായിരുന്നു. കളിയരങ്ങിനു മുന്നില്‍ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കും. ഒരിക്കല്‍ ഗുരുവായൂരില്‍ പോയപ്പോള്‍ ``പാഞ്ചാലീമോക്ഷം'' കണ്ടു. അതോടെ ആ കഥ പഠിക്കണമെന്ന്‌ ശാഠ്യമായി(തുടരും).............

മനസു നിറഞ്ഞ ദിനം(പരമ്പര- ഭാഗം ആറ്)

അന്ന്‌ ഹാന്‍സ്‌ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നിരിക്കണം. വളരെ വലിയ ഒരു സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുന്നതിന്‍െറ ചാരിതാര്‍ത്ഥ്യം ആ മുഖത്ത്‌ പ്രകടമായിരുന്നെന്ന്‌ നാരായണന്‍ നമ്പൂതിരിയും കലാമണ്ഡലം സോമനും അനുസ്‌മരിക്കുന്നു.

താന്‍ കേട്ടറിഞ്ഞ, തന്നെ ഒരുപാടു മോഹിപ്പിച്ച കലാരൂപമായ കഥകളി അഭ്യസിച്ചു തുടങ്ങുന്ന ദിവസം. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കഷ്‌ടപ്പാടുകള്‍ സഹിച്ച്‌ ഈ കുഗ്രാമത്തിലെത്തിയത്‌ ഇതിനുവേണ്ടി മാത്രമാണ്‌.പതിവിലേറെ സമയം പ്രര്‍ത്ഥനയും യോഗാസനവും കഴിഞ്ഞാണ്‌ അന്ന്‌ ഹാന്‍സ്‌ മുറിവിട്ടിറങ്ങിയത്‌. പുതിയ ശിഷ്യനെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാത്തതിനാല്‍ കലാമണ്ഡലം സോമന്‍െറ മുഖത്ത്‌ തെല്ല്‌ അങ്കലാപ്പുണ്ട്‌. പരമ്പരാഗത രീതിയില്‍ ദക്ഷിണവെച്ചാണ്‌ ശിഷ്യത്വം സ്വീകരിച്ചത്‌. ക്ലാസ്‌ തുടങ്ങി. സോമന്‍െറ നിര്‍ദേശങ്ങളും ഹാന്‍സിന്‍െറ സംശയങ്ങളും നാരായണന്‍ നമ്പൂതിരി ഭാഷാന്തരം വരുത്തി ഇരുവര്‍ക്കും കൈമാറിക്കൊണ്ടിരുന്നു.

പക്ഷെ കാര്യങ്ങള്‍ അധികനേരം സുഗമമായി മുന്നോട്ടുപോയില്ല. സോമന്‍െറ ഓരോ മുദ്രയ്‌ക്കും ഹാന്‍സ്‌ ഒരായിരം സംശയങ്ങളുയര്‍ത്തി. മുദ്രകളുടെ അര്‍ത്ഥമെന്തെന്നും ഒരു മുദ്ര മറ്റൊരു രീതിയില്‍ കാണിച്ചാല്‍ എന്താണ്‌ കുഴപ്പമെന്നുമൊക്കെയായിരുന്നു അറിയേണ്ടിയിരുന്നത്‌. വിശദീകരണം നല്‍കി സോമന്‍ അടുത്ത മുദ്ര പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശിഷ്യന്‍ വീണ്ടും സംശയശരങ്ങള്‍ തൊടുത്തുവിട്ടു. ഇടക്ക്‌ ചില മുദ്രകള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ഹാന്‍സ്‌ ഗുരുവിനുനേരെ തട്ടിക്കയറി. സംഗതി പന്തിയല്ലെന്നു മനസിലാക്കിയ സോമന്‍ ആദ്യ ദിവസംതന്നെ പുതിയ ശിഷ്യനെ ഉപേക്ഷിക്കാനുറച്ചു. ക്ലാസ്‌ മതിയാക്കി മടങ്ങാനൊരുങ്ങിയ അദ്ദേഹത്തെ സോമനെ താന്‍ അനുനയിപ്പിക്കുകയായിരുന്നെന്ന്‌ നമ്പൂതിരി മാഷ്‌ പറഞ്ഞു.

പിറ്റേന്നും സംശയങ്ങളുടെ പത്‌മവ്യൂഹത്തില്‍ ക്ലാസ്‌ തുടര്‍ന്നു. `കല്യാണ സൗഗന്ധിക`വും `പൂതനാമോക്ഷ'വുമാണ്‌ സോമന്‍ ഹാന്‍സിനെ പഠിപ്പിച്ചത്‌. മനയില്‍ വന്ന ദിവസം നാരായണന്‍ നമ്പൂതിരിയുടെ മുന്നില്‍ യാചനാഭാവത്തില്‍ നിന്ന യുവാവില്‍ നിന്നും യഥാര്‍ത്ഥ ഹാന്‍സിലേക്ക്‌ വളരെ ദൂരമുണ്ടെന്ന്‌ വൈകാതെ എല്ലാവരും മനസിലാക്കി.

``അയാളുടെ മനസ്‌ അസ്വസ്‌തതകളുടെയും ദുരൂഹതകളുടെയും ഭണ്ഡാകാരമായിരുന്നു. ഡയറികളില്‍ ഒട്ടേറെ കഥകളും കവിതകളും കുറിച്ചിട്ടിരുന്നു. ഹാന്‍സിന്‍െറ ശേഖരത്തില്‍ ഒട്ടേറെ ഇംഗ്ലീഷ്‌ നോര്‍വീജിയന്‍ സാഹിത്യ കൃതികളും ബൈബിളും മഹാഭാരതവും ഖുറാനുമൊക്കെയുണ്ടായിരുന്നു'' നാരായണന്‍ നമ്പൂതിരി അനുസ്‌മരിക്കുന്നു.

ഹാന്‍സിന്‍െറ മനസിനെ എപ്പോഴും അസ്വസ്‌ഥതകള്‍ പിടികൂടിയിരുന്നു എന്നാണ്‌ അടുത്ത്‌ ഇടപഴകിയിരുന്നവരുടെ സ്‌മരണകളില്‍നിന്നും വ്യക്തമാകുന്നത്‌. എപ്പോഴും ചലിച്ചകൊണ്ടിരിക്കുന്ന പ്രകൃതം. ആദ്യം കാണുന്നവര്‍ക്കുപോലും അയാള്‍ അസ്വസ്ഥനാണെന്ന്‌ വളരെവേഗം മനസിലാകും. ആര്‌ എന്തു ചോദിച്ചാലും മറുചോദ്യമുന്നയിക്കും ``എന്തെങ്കിലും ഇഷ്‌ടപ്പെടാതെ വന്നാല്‍ ഭീഷണിപോലെ എന്‍െറ നേരെ കയ്യോങ്ങുമായിരുന്നു. ഗുരുശിഷ്യ ബന്ധത്തിന്‍െറ പ്രാധാന്യവും പവിത്രതയും അറിയാതിരുന്നതുകൊണ്ടായിരിക്കും എന്തിനെയും ധിക്കരിക്കുക, ഏതുവിലക്കുകളും ലംഘിക്കുക എന്നൊക്കെ തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു ഹാന്‍സിന്‍െറ പെരുമാറ്റം. പ്രശസ്‌തമായ ഒരു അമ്പലത്തില്‍ കടന്നു തൊഴുതതും കേരളേശ്വരപുരം ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചതുമൊക്കെ ഇതിനുദാഹരണങ്ങളാണ്‌'' സോമന്‍ പറയുന്നു.

എങ്കിലും കഥകളി അതിവേഗം സ്വായത്തമാക്കി ഹാന്‍സ്‌ എല്ലാവരെയും അത്ഭുതപ്പെടുത്തിയതയി ഗുരു സാക്ഷ്യപ്പെടുത്തുന്നു. ഭീമന്‍ എന്ന കഥാപാത്രത്തെ അടുത്തറിഞ്ഞശേഷം ഹാന്‍സ്‌ ഭീമവേഷം ചെയ്‌തപ്പഴെല്ലാം സാക്ഷാല്‍ ഭീമന്‍ മുന്നില്‍ നില്‍ക്കുന്നതുപോലെ സോമന്‌ തോന്നുമായിരുന്നത്രെ (തുടരും)....

Thursday, August 07, 2008

നാടകം തന്നെ ജീവിതം(പരമ്പര-ഭാഗം അഞ്ച്)

നോര്‍വെയിലെ ത്രോംഗ്‌ന്യാം പട്ടണത്തില്‍ ഹാന്‍സ്‌ ഗുസ്‌ത മാരിറ്റ്‌ - ഹെസ്‌ബി ദമ്പതികളുടെ മകനായാണ്‌ ഹാന്‍സ്‌ ജനിച്ചത്‌. ഈ ദമ്പതികള്‍ക്ക്‌ ഒരു ഇളയ പെണ്‍കുട്ടിയുണ്ട്‌ - ആനറ്റ്‌.

ദാരുണ മരണത്തിനു കീഴടങ്ങിയ പൊന്നു മകനെക്കുറിച്ചുള്ള സ്‌മരണകള്‍ മാരിറ്റിന്‍െറ മനസു നിറയെയുണ്ട്‌. ഹാന്‍സിന്‍െറ ബാല്യകാലത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ തിളങ്ങി.

ഹാന്‍സിന്‍റെ സഹോദരി ആനറ്റും മതാവ് മാരിറ്റ് ഹെസ്ബിയും


``വളരെ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവന്‍. സാഹിത്യവും സംഗീതവും കായികവിനോദങ്ങളുമൊക്കെ ബാല്യത്തിലേ ഹരമായി. പക്ഷെ അന്നേ അവന്‍റെ മനസ്സ്‌ പലപ്പോഴും അസ്വസ്ഥമാകുമായിരുന്നു. ഓര്‍മശക്തിയുടെ കാര്യത്തില്‍ ഹാന്‍സിനെ വെല്ലാന്‍ പോന്ന ആരും കുടുംബത്തില്‍ ഉണ്ടായിരുന്നില്ല''

പിതാവ്‌ ഹാന്‍സ്‌ ഗുസ്‌ത ഒരു അക്കൗണ്ടന്‍റായി ജോലി ചെയ്‌തു വരികയായിരുന്നു. ഹാന്‍സിന്‍റെ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ വഴിപിരിഞ്ഞു. ബാല്യം കടന്നതോടെ ഹാന്‍സിന്‌ അരങ്ങിനോടുള്ള ആഭിമുഖ്യം ഏറി. നാടകം തലയ്‌ക്കുപിടിച്ചപ്പോള്‍ വീടുവിട്ട്‌ തലസ്ഥാനമായ ഓസ്‌ലോയിലേക്കു പോകാന്‍ തീരുമാനിച്ചു.

എണ്‍പതുകളുടെ മധ്യത്തില്‍ ഒരു ശിശിര കാലത്താണ്‌ ഫാന്‍സ്‌ ഓസ്‌ലോയില്‍ എത്തിയത്‌. അവിടെ ഒരു നാടക ട്രൂപ്പില്‍ വിഖ്യാത നോര്‍വീജിയന്‍ എഴുത്തുകാരന്‍ ഹെന്‍ട്രിക്‌ ജസ്‌സന്‍െറ `എ ഫോക്‌ ഫ്രണ്ട്‌' എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്‌ ആദ്യ വര്‍ഷം തന്നെ ശ്രദ്ധ നേടി.

നാഷനല്‍ സ്‌കൂള്‍ ഓഫ്‌ തീയറ്ററില്‍ കയറിക്കൂടാനായിരുന്നു അടുത്ത ശ്രമം. പക്ഷെ അഞ്ചുതവണ പയറ്റിയിട്ടും രക്ഷപ്പെട്ടില്ല. തന്‍െറ നാടക സങ്കല്‍പ്പവും തീയറ്റര്‍ സ്‌കൂളിന്‍െറ സങ്കല്‍പ്പവും തികച്ചും വ്യത്യസ്‌തമാണെന്ന്‌ വിശ്വസിച്ച്‌ സമാധാനിച്ചു.തൊട്ടടുത്ത വര്‍ഷം ഇരുപതുവയസില്‍ താഴെ പ്രായമുള്ള ഏതാനും യുവാക്കളെ സംഘടിപ്പിച്ച്‌ ഹാന്‍സ്‌ ഒരു നാടകസംഘം ആരംഭിച്ചു. `യൂത്ത്‌ സെക്‌സ്‌ ആന്‍റ്‌ സെന്‍റിമെന്‍റ്‌സ്‌' എന്നതായിരുന്നു ആദ്യനാടകം. പിന്നീട്‌ ഒരു നാടക സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അവിടുത്തെ രീതികള്‍ ചടുലതയെ സ്‌നേഹിച്ചിരുന്ന ഹാന്‍സിന്‌ പറ്റുന്നതയായിരുന്നില്ല.

അവിടെനിന്നു വിട്ട്‌ കുറെക്കാലം വെറും തെരുവു ഗായകനായി അലഞ്ഞു. ഏതാനും ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയുംചെയ്‌തു. കുറേക്കാലം കരാര്‍ വ്യവസ്ഥയില്‍ സൈന്യത്തിലും ജോലിചെയ്‌തു. കലോപാസനയുടെയും അസ്വസ്‌തതകളുടെയും ലോകത്ത്‌ സഞ്ചരിക്കുന്നതിനിടെ ഹാന്‍സ്‌ ഒരു ജീവിത പങ്കാളിയെ കണ്ടെത്തി. പക്ഷെ ദാമ്പത്യം അല്‍പ്പായുസായിരുന്നു. 1993ല്‍ അവര്‍ വഴിപിരിഞ്ഞു.

ഹാന്‍സിന്‍െറ മനസില്‍ വിഹ്വലതകളും ഉത്തരം ഇല്ലാത്ത ചോദ്യങ്ങളും വളരുകയായിരുന്നു. ഒരു സസ്യഭുക്കായി മാറിയ അയാള്‍ ദൈവത്തെ അന്വേഷിച്ചുതുടങ്ങി. ദൈവം സത്യമോ മിഥ്യയോ? എന്ന ചോദ്യവുമായി ലോകത്തിലെ വിവിധ മതങ്ങളെക്കുറിച്ച്‌ അവഗാഹമായി പഠിച്ചു. ആത്‌മാവും അസ്ഥിത്വവും തേടി പ്രയാണമാരംഭിച്ചതോടെ സ്വഭാവത്തിലും കാതലായ മാറ്റമുണ്ടായി.

വിവാഹ മോചനത്തിനു മുമ്പും വിവാഹ മോചനത്തിനു ശേഷവും തികച്ചും വ്യത്യസ്‌തനായ മനുഷ്യനായിരുന്നു ഹാന്‍സ്‌. 1993-ല്‍ `സ്റ്റെല്ലാ പൊളാരിസ്‌' എന്ന നാടക ട്രൂപ്പില്‍ ചേര്‍ന്നു. 1994-ല്‍ ലിലെ ഹാമറില്‍ നടന്ന വിന്‍റര്‍ ഒളിമ്പിക്‌സിലെ സാംസ്‌കാരിക പരിപാടികളില്‍ ഈ ട്രൂപ്പം പങ്കെടുത്തിരുന്നു.

സംഭാഷണങ്ങളെക്കാളുപരി അംഗചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നാടകമാണ്‌ ഹാന്‍സിന്‍െറ സ്വപ്‌നങ്ങളിലുണ്ടായിരുന്നത്‌. ആര്‍ട്ടാഡിന്‍െറയും ഗ്രേറ്റോവ്‌സ്‌കിയുടെയും സൃഷ്‌ടികള്‍ അയാളുടെ മനസിനെ മഥിച്ചു. 1994-ല്‍ ഗവണ്‍മെന്‍റിന്‍െറ സ്‌കോളര്‍ഷിപ്പ്‌ സ്വന്തമാക്കിയ ഹാന്‍സ്‌ `കത്താര്‍സീസ്‌'എന്ന പേരില്‍ സ്വന്തം നാടക ട്രൂപ്പ്‌ ആരംഭിച്ചു. സ്‌കോളര്‍ഷിപ്പ്‌ തുക പഠന പര്യടനത്തിനു വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലോ ബ്രസീലിലോ പോകാനായിരുന്നു പദ്ധതി.

മാനുഷിക പരിവര്‍ത്തനവും ഉള്‍ക്കാഴ്‌ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന '`തീയറ്റര്‍ യൂറോപ്പിന്‍െറ' പ്രവര്‍ത്തകരുമായി ഹാന്‍സ്‌ ആയിടയ്‌ക്ക്‌ ബന്ധപ്പെടാനിടയായി. അവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ കഥകളിയോടുള്ള ഭ്രമം വര്‍ധിപ്പിച്ചു.

കഥകളിക്കൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുറച്ച്‌ ഹാന്‍സ്‌ തന്‍െറ പര്യടനത്തിന്‌ ഇന്ത്യതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റോക്‌ഹോമില്‍ വെച്ച്‌ ടോം ജെര്‍ദെഫാക്കിനെ കണ്ടുമുട്ടിയതോടെ ഹാന്‍സിന്‍റെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക്‌ നിറമേറി.

ഓസ്‌ലോയില്‍ വാസമുറപ്പിച്ചപ്പോഴും സൈന്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നാടക പ്രവര്‍ത്തനങ്ങളുമായി യാത്രയിലായിരിക്കുമ്പോഴുമൊക്കെ അമ്മയുടെയും കുഞ്ഞുപെങ്ങളുടെയും ക്ഷേമം തിരക്കി ത്രോംഗ്‌ന്യാമിലെ വീട്ടിലേക്ക്‌ ഹാന്‍സ്‌ ടെലിഫോണ്‍ ചെയ്യുമായിരുന്നെന്ന്‌ മാരിറ്റും ആനിറ്റും പറഞ്ഞു. (തുടരും)...........

ചിത്രംവിദേശത്തുനിന്ന്‌ വീണ്ടുമൊരു അതിഥി(പരമ്പര-ഭാഗം നാല്)

മാസ്റ്റര്‍ക്ക്,
പഴയ ടോമിനെ ഓര്‍ക്കുന്നുണ്ടാകുമോ?...... ഈ വരുന്നയാളിനും അവിടെ താമസിച്ച്‌ കഥകളി പഠിക്കാന്‍ അതിയായ താല്‍പര്യമുണ്ട്‌. സഹായിക്കുമല്ലോ....''
സ്‌നേഹപൂര്‍വ്വം
ടോം ജെര്‍ദെഫാക്‌.

മുഷിഞ്ഞ കടലാസിലെ അക്ഷരങ്ങള്‍ നമ്പൂതിരി മാഷ്‌ തിരിച്ചറിഞ്ഞു. നെടുമ്പിള്ളി മനയില്‍ താമസിച്ച്‌ കഥകളി പഠിച്ച ആദ്യ വിദേശി... അരങ്ങേറ്റത്തിനു തൊട്ടുമുമ്പ്‌ ചമയപ്പുരയില്‍ കരഞ്ഞുകൊണ്ട്‌ തന്നോട്‌ മാപ്പപേക്ഷിച്ച യുവാവ്‌. സ്വീഡനില്‍ മടങ്ങിയെത്തിയ ശേഷം കുറേക്കാലത്തേക്ക്‌ ടോം കത്തുകള്‍ അയച്ചിരുന്നു. പിന്നെ അതു നിന്നു. ആ കൈപ്പടയ്‌ക്ക്‌ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.പണ്ട്‌ തനിക്കുമുന്നില്‍ സഹായമഭ്യര്‍ത്ഥിച്ചുനിന്ന ടോം ഇപ്പോള്‍ മറ്റൊരു വിദേശിക്കായി ശുപാര്‍ശ ചെയ്യുന്നു.

കത്തുമായി വന്ന യുവാവ്‌ മാഷിന്‍െറ പ്രതികരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്‌. ചെമ്പിച്ച താടിയും മുടിയും തീക്ഷ്‌ണത തുടിക്കുന്ന കണ്ണുകളുമുള്ള അയാളില്‍ എന്തോ പ്രതേകത തോന്നി.

ഇരുട്ടുവീണുതുടങ്ങിയ നേരത്ത്‌ മനയുടെ പടി കടന്നെത്തിയപ്പോള്‍ തന്നെ സായ്‌പിന്‍റെ ലക്ഷ്യം മാഷിന്‌ വ്യക്തമായിരുന്നു. കാരണം, നെടുമ്പിള്ളി മനയിലെത്തുന്ന വിദേശികളില്‍ ആര്‍ക്കും ഉടന്‍ മടങ്ങാന്‍ ഉദ്ദേശ്യമുണ്ടാവില്ല. വീടിന്‍െറ മുകള്‍ തട്ടിലെ മുറിയില്‍ താമസിച്ച്‌ കഥകളിയോ കഥകളിസംഗീതമോ അഭ്യസിക്കുകയാവും അവരുടെ ലക്ഷ്യം.ടോം ജെര്‍ദെഫാക്ക്‌ തുടക്കമിട്ട ആ പാരമ്പര്യത്തിന്‌ ഒട്ടേറെ പിന്‍മുറക്കാരുണ്ടായി.

ഹാന്‍സ് നല്‍കിയ കത്തില്‍ നിന്നും കണ്ണെടുക്കമ്പോള്‍തന്നെ ഒട്ടും ആലോചിക്കാന്‍ മിനക്കെടാതെ നമ്പൂതിരി മാഷ്‌ പറഞ്ഞു.

``പറ്റില്ല''

ജേഷ്‌ഠന്‍െറ മരണത്തെത്തുടര്‍ന്ന്‌ താന്‍ ദീക്ഷയിലാണെന്നും വിദേശികള്‍ക്ക്‌ കലാപരിശീലനത്തിന്‌ മനയില്‍ അവസരം നല്‍കുന്ന പതിവു നിര്‍ത്തിയെന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കിയതോടെ ഹാന്‍സിന്‍റെ മുഖം മങ്ങി.കഥകളിയോടുള്ള തന്‍െറ അഭിവാഞ്‌ജയും മറ്റും ഹാന്‍സ്‌ വിവരിച്ചു. അതുകൊണ്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവസാന ആയുധം പ്രയോഗിച്ചു.

``നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കഴിച്ച്‌ ഈ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഞാന്‍ ഇവിടെ കഴിഞ്ഞുകൊള്ളാം, മടങ്ങി പോകാന്‍ പറയരുത്‌''

ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ

ഹാന്‍സിന്‍െറ തന്ത്രം ഫലിച്ചു. മാഷിന്‍െറ മനസലിഞ്ഞു. തന്‍െറ ഇളയ മകളെ കഥകളി പഠിപ്പിക്കുന്ന കലാമണ്ഡലം സോമനെ ഹാന്‍സിന്‍െറയും ഗുരുവായി മാഷ്‌ നിയോഗിച്ചു. എട്ടാം ക്ലാസ്‌വരെ മാത്രം പഠിച്ച സോമന്‌ ഹാന്‍സിനോട്‌ സംസാരിക്കാന്‍ ഇംഗ്ലീഷ്‌ അറിയാവുന്ന മാഷ്‌തന്നെ പരിഭാഷകനായി.

നേരം പുലര്‍ന്നാല്‍ തന്‍റെയും ഭാര്യയുടെയും കാലില്‍ തൊട്ടുവന്ദിച്ചു കൊണ്ടായിരുന്നു ഹാന്‍സ്‌ ദിനചര്യകള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നതെന്ന്‌ നമ്പൂതിരി മാഷ്‌ അനുസ്‌മരിച്ചു. പിന്നെ രാമായണവും മഹാഭാരതവും ബൈബിളും ഖുറാനുമൊക്കെ മുന്നില്‍വെച്ച്‌ യോഗാസനത്തിലെന്നപോലെ ധ്യാനം. ചായയും കാപ്പിയും ഉഗ്രവിഷമാണെന്നായിരുന്നു ധാരണ. ധ്യാനവും കുളിയും കഴിഞ്ഞ്‌ ഭക്ഷണം. ഇഡ്ഡലിയും ദോശയും ഹാന്‍സിന്‌ ഇഷ്‌ട വിഭവങ്ങളായി.

ടോം വിവരിച്ചതിനപ്പുറമുള്ള സ്വപ്‌നലോകത്താണ്‌ താന്‍ എത്തിയിരിക്കുന്നതെന്ന തിരിച്ചറിവ്‌ ഹാന്‍സിന്‍റെ മനസു നിറച്ചു. ശ്രീകൃഷ്‌ണപുരത്തെ വിശേഷങ്ങള്‍ വിവരിച്ച്‌ തനിക്ക്‌ എഴുതിയ കത്തില്‍ ഹാന്‍സ്‌ നെടുമ്പിള്ളി മനയെയും നാടിനെയും ഭൂമിയിലെ സ്വര്‍ഗമെന്ന്‌ വിശേഷിപ്പിച്ചിരുന്നെന്ന്‌ മാരിറ്റ്‌ ഹെസ്‌ബി അനുസ്‌മരിച്ചു.

വിദേശിയായ ഹാന്‍സിനു മാത്രമല്ല, പുറത്തുനിന്ന്‌ ശ്രീകൃഷണപുരത്തും വെള്ളിനേഴിയിലുമൊക്കെ എത്തുന്ന ആര്‍ക്കും മലയാണ്‍മയുടെ കുളിര്‍മയും സ്വച്ഛതയും അനുഭവിച്ചറിയുവാന്‍ കഴിയും.ഗ്രാമീണ വിശുദ്ധിയും ചൈതന്യവും ഈ നാട്ടിലെന്നപോലെ ഇവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു.
കഥകളി ഇവര്‍ക്ക്‌ ജീവിതമാണ്‌. കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍, നെടുമ്പിള്ളിമന കൃഷ്‌ണന്‍ നമ്പൂതിരി തുടങ്ങി ഒട്ടേറെ പ്രമുഖ കലാകാരന്‍മാരെ സംഭാവന ചെയ്‌ത ഇവിടുത്തെ കുടുംബസദസുകളിലും അയല്‍പക്ക സംഭാഷണങ്ങളിലുമൊക്കെ കഥകളി പ്രധാന വിഷയമാണ്‌.

രാജ്യാതിര്‍ത്തിക്കപ്പുറം യശസ്സു നേടി കലാകാരനാണ്‌ നെടുമ്പിള്ളിമന കൃഷ്‌ണന്‍ നമ്പൂതിരി. ജേഷ്‌ഠന്‍ കഥകളിയില്‍ അഗ്രഗണ്യനായപ്പോള്‍ അനുജന്‍ നാരായണന്‍ നമ്പൂതിരി കഥകളി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജേഷ്‌ഠനൊപ്പം വിദേശ പര്യടനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ മലയാളികള്‍ക്ക്‌ സുപചരിചിതനായി.തിരുവാഴിയോട്‌ മഹാത്‌മാ യൂ.പി. സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന നാരായണന്‍ നമ്പൂതിരിയുടെ പെണ്‍മക്കള്‍ ഉള്‍പ്പെടെ എട്ടു മക്കളും കഥകളിയില്‍ കഴിവുതെളിയിച്ചവരാണ്‌. പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം വിദേശികള്‍ക്കും കേരളിയ കലകള്‍ പഠിക്കാന്‍ നമ്പൂതിരി സ്വന്തം വീട്ടില്‍ സൗകര്യമേര്‍പ്പെടുത്തിയതോടെ നെടുമ്പിള്ളിമനയുടെ ഖ്യാതി വിദേശത്തും പ്രചരിച്ചു. അങ്ങനെ ഈ കുഗ്രാമത്തില്‍ നമ്പൂതിരിമാഷിന്‍െറ മനതേടിയെത്തിയ വിദേശികളുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു ഹാന്‍സ്‌.(തുടരും)

Tuesday, August 05, 2008

കഥകളി വേഷം കെട്ടിയ യാചകന്‍(പരന്പര -ഭാഗം മൂന്ന്)

സ്വീഡന്‍റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ ഒരു കടല്‍ത്തീരം. രുചിയേറിയ കടല്‍ വിഭവങ്ങള്‍ക്കും പേരുകേട്ട ഈ വിനോദകേന്ദ്രം എല്ലാ സായാഹ്നങ്ങളിലും ജനനിബിഡമായിരിക്കും. പതിവു സന്ദര്‍ശകരും വിനോദ സഞ്ചാരികളുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. തീരത്തിന്‍െറ ഒരു ഭാഗത്ത്‌ കടല്‍ വിഭവങ്ങള്‍ പാകം ചെയ്‌തു വില്‍ക്കുന്ന കടകളുടെ ചുറ്റും വന്‍തിരക്ക്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അവിടെ കൂടിനില്‍ക്കുന്നു.

കടകളുടെ തെല്ലകലത്തായി തിരക്കൊഴിഞ്ഞ സ്‌ഥലത്ത്‌ പഞ്ചസാര മണലില്‍ ഒരാള്‍ ചമ്രം പടഞ്ഞിരിക്കുന്നു.ആരോഗദൃഡഗാത്രനായ യുവാവ്. അയാളുടെ വൃത്താകൃതിയിലുള്ള മുഖത്തെ തീക്ഷ്‌ണ ഭാവം സ്‌ഫുരിക്കുന്ന വെള്ളാരംകണ്ണുകള്‍ പെട്ടെന്ന്‌ ശ്രദ്ധിക്കപ്പെടും. പാറിപ്പറന്നു കിടക്കുന്ന ചെമ്പന്‍ മുടി. മുഖത്ത്‌ ചെമ്പിച്ച കുറ്റിരോമങ്ങള്‍. ഏറെക്കുറെ പുര്‍ണ്ണമായി മുഷിഞ്ഞ, ഇറുകിയ ടീഷര്‍ട്ടും ഒരുപാട്‌ പോക്കറ്റുകളുള്ള ജീന്‍സുമാണ്‌ വേഷം. കടലിന്‍െറ വിശാലതയിലേക്കു നോക്കി എന്തോ ഗഹനമായി ചിന്തിക്കുന്ന അയാള്‍ ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. മധുരപലഹാരം വില്‍ക്കുന്ന ഒരുവന്‍ മുന്നില്‍വന്ന്‌ പലതവണ വിളിച്ചിട്ടും അയാള്‍ ശ്രദ്ധ തിരിച്ചതേയില്ല.

വിചിത്രവേഷധാരിയായ ഒരു മൊട്ടത്തലയന്‍ ആ യുവാവിനെ സമീപിച്ചു.

``ഹലോ...''

ആദ്യവിളിയില്‍ ചെമ്പന്‍മുടിക്കാരന്‍ കേട്ടഭാവം നടിച്ചില്ലെങ്കിലും രണ്ടാമതും വിളിക്കും മുമ്പ്‌ അയാള്‍ ആഗതനെ

നോക്കി``കടല്‍ എത്ര സുന്ദരിയാണല്ലേ...?''

മൊട്ടത്തലയന്‍െറ ചോദ്യത്തിന്‌ അയാളുടെ മറുപടി സംശയം നിറഞ്ഞ ഒരു നോട്ടമായിരുന്നു.

``താങ്കള്‍ എന്തോ ചിന്തിക്കുകയായിരുന്നെന്നു തോന്നുന്നു. എന്‍െറ ഇടപെടല്‍ ശല്യമായെങ്കില്‍ ക്ഷമിക്കുക. ഞാന്‍ ഡേവിഡ്‌ ഗുസ്‌താവ്‌. ടൂറിസ്റ്റ്‌്‌ ഗൈഡാണ്‌. താങ്കള്‍ക്ക്‌ എന്തെങ്കിലും സഹായം...? ''

ആ ഇടപെടല്‍ തന്നെ അലോരസപ്പെടുത്തിയെന്നു പറയണമെന്നും മൊട്ടത്തലയനെ ഒഴിവാക്കണമെന്നും ആദ്യം അയാള്‍ക്കു തോന്നിയതാണ്‌. പക്ഷെ പെട്ടെന്ന്‌ മനസ്സുമാറി. മൊട്ടത്തലയന്‍െറ വലതു ചെവിയില്‍ കമ്മല്‍പോലെ തൂങ്ങിക്കിടന്നിരുന്ന സ്വര്‍ണ്ണനിറമുള്ള ചെറിയ ഗിറ്റാര്‍! അയാളുടെ ഇരുകൈത്തണ്ടകളിലും പച്ചകുത്തിയിരിക്കുന്ന ഗിറ്റാറിന്‍െറ ചിത്രം!അതു രണ്ടുമാണ്‌ ചെമ്പന്‍ മുടിക്കാരനെ ആകര്‍ഷിച്ചത്‌.വളരെ വിഷമിച്ച്‌ പുഞ്ചിരിച്ചു കാട്ടിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.

``നിങ്ങള്‍ ഒരു ഗിറ്റാറിസ്‌റ്റാണോ?''

``അതെ ഗിറ്റാര്‍ മാത്രമല്ല, പിയാനോയും കീബോര്‍ഡുമൊക്കെ എനിക്ക്‌ നന്നായറിയാം. ഒപ്പം നന്നായി പാടുകയും ചെയ്യും. പകല്‍ ഗൈഡിന്‍െറ ജോലി പൂര്‍ത്തിയാക്കിയാല്‍ രാത്രി ഇവിടുത്തെ ഒരു ബാറില്‍ ഗിറ്റാറിസ്‌റ്റും ഗായകനുമൊക്കെയാണു ഞാന്‍''

ചെമ്പന്‍ മുടിക്കാരന്‍െറ മനസു നിറഞ്ഞ പോലെ തോന്നി. അയാളുടെ കണ്ണുകള്‍ തിളങ്ങി.

``നിങ്ങള്‍ക്ക്‌ സംഗീതം ഇഷ്‌ടമാണോ ?''ഡേവിഡ്‌ ചോദിച്ചുതീരും മുമ്പ്‌ അയാള്‍ മറുപടി തുടങ്ങി.

``ഞാനും നിങ്ങളെപ്പോലെ ഒരു ഗായകനും ഉപകരണസംഗീത വിദഗ്‌ധനുമൊക്കെയാണ്‌. അതിലേറെ ഒരു നാടക കലാകാരനാണ്‌''

``സ്വദേശം...?''

ആ ചോദ്യം അയാള്‍ കേട്ടില്ല. പെട്ടെന്ന്‌ തലതിരിച്ച്‌ കടലിലേക്ക്‌ ഭീതിയോടെ നോക്കി. തുറിച്ച കണ്ണുകളുമായി അയാള്‍ കുറേനേരം അങ്ങനെയിരുന്നു. ഡേവിഡ്‌ അമ്പരന്നു.സ്ഥലം എവിടെയാണെന്നു പറഞ്ഞില്ല... ?

``നോര്‍വേ''

കടലില്‍ നിന്നു ശ്രദ്ധതിരിച്ചു വെട്ടിത്തിരിഞ്ഞ അയാള്‍ പറഞ്ഞു.

`പേര്‌.. ?''

``ഹാന്‍സ്‌, ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ.''

അയാളുടെ പെരുമാറ്റത്തില്‍ ഡേവിഡിനു സംശയം തോന്നി. അളന്നുതൂക്കി മറുപടിപറയുന്ന അയാളോട്‌ വിശദമായി സംസാരിച്ചപ്പോള്‍ ഒരുകാര്യം വ്യക്തമായി. കക്ഷി നോര്‍വേയുടെ തലസ്‌ഥാനമായ ഓസ്‌ലോയില്‍ നിന്നുള്ളയാളാണ്‌. കലാപ്രേമവും നാടകഭ്രമവുംപിന്നെ അല്‍പ്പം `നൊസ്‌സും' തലയ്‌ക്കു പിടിച്ചയാള്‍. ആരുമാസത്തിലൊരിക്കല്‍ പണം സംഘടിപ്പിച്ച്‌ ലോകസഞ്ചാരത്തിനിറങ്ങുന്ന പതിവുകാരന്‍.തനിയ്‌ക്ക്‌ ഗുണമില്ലാത്ത കക്ഷിയാണെന്നു ബോധ്യപ്പെട്ടെങ്കിലും കുറേ നേരം കൂടി ഡേവിഡ്‌ ഹാന്‍സിനോടു സംസാരിച്ചു. ഇടയ്‌ക്ക്‌ പലതവണ അയാള്‍ അസ്വസ്ഥനാകുന്നത്‌ ശ്രദ്ധിച്ചു. പടിഞ്ഞാറു ഭാഗത്ത്‌ ചെങ്കല്‍കെട്ടുകള്‍ക്കടുത്തേക്ക്‌ നോക്കിക്കൊണ്ട്‌ ഹാന്‍സ്‌ ചാടിയെഴുന്നേറ്റപ്പോള്‍ മൊട്ടത്തലയന്‍ ഒന്നു ഞെട്ടി. ഹാന്‍സിനൊപ്പം എഴുന്നേറ്റുനിന്ന്‌ അയാളും അങ്ങോട്ടു നോക്കി.

കടല്‍ത്തീരത്തെ പതിവു ഭിക്ഷാടകരിലൊരാള്‍ ദൂരെനിന്നു നടന്നുവരികയാണ്‌. മറ്റു ഭിക്ഷാടകരില്‍നിന്നും തികച്ചും വ്യത്യസ്‌തനാണിയാള്‍. വിവിധ നിറങ്ങളുള്ള വലിയ വേഷവും ആകര്‍ഷകമായ കിരീടവും നിറങ്ങള്‍കൊണ്ട്‌ രൂപവ്യത്യാസം വരുത്തിയ മുഖവും... ഒപ്പം കൈകള്‍ കൊണ്ട്‌ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കാലുകള്‍ നൃത്ത താളത്തില്‍ ഇളകുന്നു. കണ്ണുകളില്‍ ഭാവങ്ങള്‍ മാറിമറയുന്നു. കടല്‍തീരത്ത്‌ പല ഭാഗങ്ങളിലായി ഏതാനും സെക്കന്‍റ്‌ അഭിനയം നടത്തിയ ശേഷം അയാള്‍ കാഴ്‌ച്ചക്കാരോട്‌ സംഭാവന ആവശ്യപ്പെടും. വര്‍ഷങ്ങളായി ഇങ്ങനെ ഉപജീവനം തേടുന്ന ഇയാളെ കടപ്പുറത്തെ പതിവുകാര്‍ക്ക്‌ മടുത്തുകഴിഞ്ഞെന്ന്‌ ഡേവിഡ്‌ പറഞ്ഞു. പുതിയ ആളുകള്‍ മാത്രമാണ്‌ ഇയാളുടെ പ്രകടനം ആസ്വദിക്കുന്നത്‌.ഭിക്ഷാടകന്‍ അടുത്തു വരുമ്പോള്‍ ഹാന്‍സിന്റഎ വിസ്‌മയം വര്‍ധിച്ചു.

``അയാള്‍ വെറും ഭിക്ഷാടകനല്ല. വലിയ കലാകാരനാണ്‌. അയാള്‍ അവതരിപ്പിക്കുന്നത്‌ കഥകളിയാണ്‌. ഇന്ത്യയിലെ വിഖ്യാതമായ ഒരു കലാരൂപം''

ഉറക്കെ ഇതു വിളിച്ചുപറയുമ്പോള്‍ പണ്ട്‌ ഏതോ പ്രസിദ്ധീകരണത്തില്‍ താന്‍ കണ്ട കഥകളി രൂപവുമായി ഭിക്ഷാടകനെ മനസില്‍ താരതമ്യം ചെയ്യുകയായിരുന്നു ഹാന്‍സ്‌.ഏകദേശം നൂറുവാര അകലത്തിലായിരുന്ന ഭിക്ഷക്കാരന്‍െറ പക്കലേക്ക്‌ ഹാന്‍സ്‌ ഓടിയെത്തി. തീരത്തെ മണലില്‍ കഥകളി മുദ്രകള്‍ കാട്ടുന്ന അയാള്‍ക്കുമുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ ഹാന്‍സ്‌ നിന്നു. അവ്യക്തമായ ഭാഷയില്‍ എന്തോ പാടിക്കൊണ്ടാണ്‌ അയാള്‍ കൈവിരലുകളും കണ്ണുകളുമൊക്കെ ചലിപ്പിക്കുന്നത്‌. വേഷവും കിരീടവുമൊക്കെ വളരെ മുഷിഞ്ഞിരിക്കുന്നു.അയാള്‍ അഞ്ചു മിനിറ്റുകൊണ്ട് ആട്ടം അവസാനിപ്പിച്ചു. ചുറ്റുമുണ്ടായിരുന്ന നാലുപേര്‍ ചെറിയ സംഭാവനകള്‍ നല്‍കി. നടന്നു നീങ്ങാനൊരുങ്ങുന്ന ഭിക്ഷാടകനെ പിന്തുടര്‍ന്ന്‌ ഹാന്‍സ്‌ പറഞ്ഞു.

``ഒന്നു നില്‍ക്കാമോ? നിങ്ങള്‍ ചെയ്യുന്നത്‌ കഥകളിയല്ലേ ?''

``അതെ, നില്‍ക്കാന്‍ സമയമില്ല. അപ്പുറത്ത്‌ കുറെ ആളുകളുണ്ട്‌''

``അപ്പുറത്ത്‌ കിട്ടാന്‍ പോകുന്ന പണം ഞാന്‍ തരാം. എനിക്ക്‌ നിങ്ങളില്‍നിന്നും കുറേ കാര്യങ്ങളറിയണം. ഞാന്‍ കഥകളി പഠിക്കാനാഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കണം''

അയാള്‍ നിന്നു. ``ആദ്യം പണം''

ഹാന്‍സ്‌ പണം നീട്ടി. അയാളുടെ മനസു നിറഞ്ഞു.

``ഇനി എന്താണ്‌ അറിയേണ്ടത്‌? എന്തിനാണ്‌ കഥകളി പഠിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്‌ എന്നെപ്പോലെ തെണ്ടാനോ ?''

``ഞാന്‍ നോര്‍വെയിലെ ഒരു നാടകകലാകാരനാണ്‌. കലാപഠനത്തിന്‌ ഗവണ്‍മെന്‍റിന്‍െറ ഒരു സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ പോയി കഥകളി പഠിക്കാനാണ്‌ എന്‍െറ പദ്ധതി. അതിന്‌ എന്താണു ചെയ്യേണ്ടത്‌. നിങ്ങള്‍ക്ക്‌ സഹായിക്കാനാകുമോ? നിങ്ങളുടെ പേരെന്താണ്‌.''

``ഞാന്‍ ടോം ജെര്‍ദെഫാക്‌. സ്‌റ്റോക്‌ഹോമില്‍ നാടക സംവിധായകനായിരുന്നു. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള കേരളം എന്ന സംസ്ഥാനത്തെ ശ്രീകൃഷ്‌ണപുര ത്താണ്‌ ഞാന്‍ കഥകളി പഠിച്ചത്‌. ഇതു പഠിച്ചിട്ട്‌ ഒരു കാര്യവുമില്ല. ഇങ്ങനെ തെണ്ടിനടക്കാം, അത്രമാത്രം. സ്‌കോളര്‍ഷിപ്പ്‌ തുക വെറുതെ കളയാതെ ജീവിത്തിതില്‍ ഉപകരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ പഠിക്ക്‌.''- ഉപദേശരൂപേണ ടോം പറഞ്ഞു.

പക്ഷെ ഹാന്‍സ്‌ വിടാന്‍ തയ്യാറായില്ല. കഥകളിയെക്കുറിച്ച്‌ ഒരുപാടു സംശയങ്ങള്‍ അയാള്‍ ഉന്നയിച്ചു. ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ കഥകളി അഭ്യസിച്ച ആദ്യ വിദേശിയായ ടോം തന്‍െറ കഥകളി പഠനത്തെക്കുറിച്ചും മനയെക്കുറിച്ചുമെല്ലാം ഹാന്‍സിനോടു വിവരിച്ചു.കേരളത്തില്‍ കഥകളി പഠിച്ച്‌ സ്വീഡനിലെത്തിയ ടോം നാട്ടുകാര്‍ക്കിടയില്‍ ഹീറോയായി. ടോമിന്‍െറ കഥകളിവേഷവും ഭാവങ്ങളും മുദ്രകളുമൊക്കെ അവിടുത്തുകാര്‍ക്ക്‌ മഹാത്‌ഭുതമായിരുന്നു. ആകെ സ്വായത്തമാക്കിയ '`പൂതനാമോക്ഷം' ടോം ഒട്ടേറെ തവണ സ്‌റ്റോക്‌ഹോമിലും മറ്റും അവതരിപ്പിച്ചു. അതു മടുത്തപ്പോഴാണ്‌ കഥകളിവേഷം കെട്ടി പിരിവിനിറങ്ങിയത്‌. ഒരുതരത്തില്‍ പറഞ്ഞാല്‍ രാജകീയ ഭിക്ഷാടനം.

ഈ വഴിക്ക്‌ ഒത്തിരി പണം സമ്പാദിക്കാന്‍ കഴിഞ്ഞതായി ടോം നമ്പൂതിരിമാഷിന്‌ ഒരിക്കല്‍ എഴുതിയിരുന്നു. ടോം തന്‍െറ കഥ വിവരിച്ചു തീരുമ്പോഴേക്കും ശ്രീകൃഷ്‌ണപുരത്തേക്കു പോകാന്‍ ഹാന്‍സ്‌ തീരുമാനിച്ചിരുന്നു. ഭിക്ഷാടനത്തിനല്ല, മറിച്ച്‌ തന്‍െറ കലാജീവിതത്തിന്‌ കഥകളി മുതല്‍ക്കൂട്ടാകുമെന്നുറപ്പിച്ച ഹാന്‍സ്‌ ടോമിനോട്‌ നമ്പൂതിരിമാഷിനുള്ള ശുപാര്‍ശക്കത്തും വാങ്ങിയാണ്‌ അവിടെനിന്നും മടങ്ങിയത്‌.ഹാന്‍സിന്‍െറ മനസില്‍ ഹരിതാഭമായ കേരളവും കഥകളി എന്ന വര്‍ണാഭമായ കലാവിസ്‌മയവും നിറഞ്ഞുനിന്നു. ടോം വിവരിച്ച നാടും മനയും അവിടുത്തെ താമസവുമൊക്കെ അയാള്‍ കിനാവുകണ്ടു. കഥകളിയില്‍ പ്രാവീണ്യംനേടി, വേഷമണിഞ്ഞ്‌ അരങ്ങില്‍ നിറ‍ഞ്ഞാടുന്ന സ്വന്തം രൂപം ഹാന്‍സിന്‍െറ ഉള്ളില്‍ ഒരു പാടു തവണ മിന്നി മറഞ്ഞു.തുണ്ടുകടലാസില്‍ ടോം എഴുതിക്കൊടുത്ത ശിപാര്‍ശക്കത്ത്‌ അമൂല്യവസ്‌തുവായി ബാഗില്‍ സൂക്ഷിച്ചു.

നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ എത്തിയയുടന്‍ ത്രോംബ്‌യാംഗിലുള്ള അമ്മയുമായും പെങ്ങളുമായും ടെലിഫോണില്‍ ബന്ധപ്പെട്ട്‌ തന്‍െറ തീരുമാനമറിയിച്ചു. ഹാന്‍സിന്‌ യാത്രാമംഗളങ്ങള്‍ നേരുക എന്ന കടമ മാത്രമേ അവര്‍ക്ക്‌ ഉണ്ടായിരുന്നുള്ളു.അധികം വൈകാതെ യാത്രാരേഖകള്‍ ശരിയായി. ആളോളം വലിപ്പമുള്ള ബാഗില്‍ തനിക്ക്‌ വേണ്ടതെല്ലാം കുത്തിത്തിരുകി ഒരു ദിവസം ഹാന്‍സ്‌ തന്‍െറ ഇഷ്‌ട നഗരമായ ഓസ്‌ലോയോട്‌ വിടചൊല്ലി.(തുടരും)..........