ധര്‍മസങ്കടം1
മോഹനേട്ടന്‍റേത്
ഋഷികേശ് മൃത്യുഞ്ജയനെ നേരിട്ട് അറിയിയില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഞാന്‍ പറയുന്ന രണ്ടാമത്തെ സംഭവത്തിന് ഋഷികേശിന്‍റ അനുഭവവുമായി ബന്ധമുള്ളതുകൊണ്ട് അത് ഒരിക്കല്‍കൂടി
ആവര്‍ത്തിക്കുകയാണ്.
എറണാകുളം ജനറല്‍ ആശുപത്രിയാണ് രംഗം. പതിവുപോലെ ആ തിങ്കളാഴ്ച്ചയും ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ വന്‍ തിരക്കയിരുന്നു.
രോഗികള്‍ക്ക് ചീട്ട് എഴുതിക്കൊടുക്കുന്ന ജോലി സാധാരണയായി ഏതെങ്കിലും അറ്റന്‍ഡര്‍മാരോ നഴ്സിംഗ് അസിസ്റ്റന്‍റുമാരോ ആണ് ചെയ്യുന്നത്. അന്ന്
ചീട്ടെഴുതാന്‍ ഇരുന്നത് റിട്ടയര്‍മെന്‍റിന്‍റെ പടിവാതില്‍ക്കല്‍ എത്തിയ മോഹനേട്ടനാണ്.
പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ മുടങ്ങാതെ
വായിക്കുമെങ്കിലും എഴുത്തിന്‍റെ കാര്യത്തില്‍ മോഹനേട്ടന്‍ അത്ര പോര. പിന്നെ അത്യാവശ്യത്തിന് ചില്ലറ എഴുത്തുകുത്തുകള്‍ നടത്തുമെന്നു മാത്രം.
ആ ചില്ലറയുടെ ബലത്തിലാണ് ചീട്ടെഴുതാനും ഇരിക്കുന്നത്.
പണ്ടൊക്കെ ചീട്ടെഴുത്ത് വലിയ ബുദ്ധിമുട്ടില്ലാത്ത ജോലിയായിരുന്നെന്നും ഇപ്പോഴത്തെ ഭൂരിഭാഗം പിള്ളേര്‍ക്കും 'കൊനഷ്ട്' പേരുകളായതുകൊണ്ട്
വെള്ളംകുടിച്ചുപോകുമെന്നും മോഹനേട്ടന്‍ ഇടക്കിടെ പറയാറുണ്ട്. എന്തായാലും മൂന്നു മാസംകൂടി തള്ളിനീക്കിയാല്‍ മതിയല്ലോ എന്ന
ആശ്വാസത്തിലായിരുന്നു അദ്ദേഹം.
തിങ്ങളാഴ്ച്ചത്തെ സംഭവത്തിലേക്ക് മടങ്ങിവരാം.
ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒന്നൊന്നായി കൌണ്ടറിനു മുന്നിലെത്തി
പേരുവിവരം പറഞ്ഞു.
"സുധ രാജന്‍, 32 വയസ്"
"കാത്തു ഗോപാലന്‍, 65"
"ബേബി മാത്യു, 45"
"ആരതി വേണുഗോപാല്‍, 9"
മോഹേനേട്ടന്‍ ചീട്ടുകള്‍ ഒന്നൊന്നായി എഴുതിക്കൊണ്ടിരുന്നു.
ക്യൂവില്‍ ഏറെ ആളുകള്‍ ബാക്കിയാണ്.
"പൂക്കോയ തങ്ങള്‍, 74 "
"ഋഷികേശ് മൃത്യുഞ്ജയന്‍.............. 32"
മോഹനേട്ടന്‍ ഒരു ഞെട്ടലോടെ തല ഉയര്‍ത്തി.
താടി വളര്‍ത്തിയ ഒരു പുരുഷ രൂപം മുന്നില്‍ നില്‍ക്കുന്നു.
മൊത്തത്തില്‍ ഒരു ഉത്തരാധുനിക ലേ ഔട്ട്.
"നോക്കി നില്‍ക്കാതെ പേരു പറയ്.... "
മോഹനേട്ടന്‍ തിടുക്കത്തില്‍ പറഞ്ഞു.
"പേരാണ് പറഞ്ഞത്. ഋഷികേശ് മൃത്യുഞ്ജയന്‍.... "
"ങ്ഹേ.... ?"
"ഋഷികേശ് മൃത്യുഞ്ജയന്‍"
മോഹനേട്ടന്‍ വീണ്ടും നടുങ്ങി...
ഈശ്വരാ ഇതെന്തൊരു പരീക്ഷണം?
മലയാളം അക്ഷരമാല പഠിച്ച കാലത്തിനുശേഷം അത്യപൂര്‍വമായി
ഉപയോഗിച്ചിട്ടുള്ള അക്ഷരമായണ് ഋ. അതുകൊണ്ടുതന്നെ ആ അക്ഷരം
മറ്റു പലരെയുംപോലെ മോഹേനേട്ടനും അത്ര പരിചിതമല്ല. അധികം
ചിന്തിക്കാതെ മോഹനേട്ടന്‍ ചീട്ടില്‍ എഴുതി.
റു...ശി...കാഷ്..............
ഇത്രയുമായപ്പോഴാണ് പേരിലെ അടുത്ത കഷണം വലിയൊരു കടമ്പയായി
മോഹനേട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
മുറു......
ചില നാടകക്കാര്‍ പറയുന്നതുപോലെ മോഹനേട്ടന്‍ മനസില്‍ പറഞ്ഞു.
"ഇല്ല...എനിക്ക് അതിനാവില്ല.... "
മാത്യു എന്ന പേര് പരിചിതമാണ്. വീരമൃത്യു, മൃതദേഹം തുടങ്ങിയ വാക്കുകള്‍ പത്രങ്ങളില്‍ കാണാറുണ്ട്. അതൊക്കെ എഴുതുന്നത് എങ്ങനെയന്ന് ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ മൃത്യുവിനേക്കാള്‍ വലിയൊരു വാക്ക് തന്നെ
വെല്ലുവിളിക്കുന്നു.
സെക്കന്‍റുകള്‍ മുന്നോട്ടു നീങ്ങി. മോഹനേട്ടന്‍ ചീട്ടില്‍ പേനവെച്ച് ആലോചന തുടര്‍ന്നു. ഋഷികേശും ക്യൂവില്‍ അയാള്‍ക്കു പിന്നില്‍ നില്‍ക്കുന്നവരും അസ്വസ്ഥരായിത്തുടങ്ങി.
"ങ്ഹാ വരുന്നു...... "
ആരോ വിളിച്ചിട്ട് എന്ന വ്യാജേന മോഹനേട്ടന്‍ സ്റ്റോര്‍ റൂമിലേക്ക് പാഞ്ഞു. മുഖത്തെയും കഴുത്തിലെയും വിയര്‍പ്പു കണങ്ങള്‍ തുടച്ചുകൊണ്ട് ഈ പ്രതിസസന്ധി എങ്ങനെ പരിഹരിക്കണമെന്ന് ആലോചിച്ചു. പെട്ടെന്നു തന്നെ സുസ്മേരവദനനായി കൗണ്ടറിലേക്ക് മടങ്ങിയെത്തി. ഉത്തരാധുനികന്‍ അപ്പോഴും കൗണ്ടറിനു മുന്നിലുണ്ട്.
രണ്ടും കല്‍പ്പിച്ച് മോഹനേട്ടന്‍ ചീട്ടെഴുതി..
തെല്ല് അമര്‍ഷത്തോടെ ഒരു തുണ്ടുകടലാസ് ഋഷികേശിനു കൊടുത്തു.
"ഡോക്ടറുടെ മുറീടെ പുറത്ത് വെയ്റ്റ് ചെയ്യ്.
ബാബൂ......ന്ന് പേരു വിളിക്കും.
അപ്പോ കേറി ചെന്നാല്‍ മതി".
ഋഷികേശിന്‍റെ കണ്ണുതള്ളി. ക്യൂവില്‍ കൂട്ടച്ചിരി പടര്‍ന്നു.
"ഇവനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. പേരിട്ട തന്തയെയും തള്ളയെയും
തെരണ്ടിവാലു കൊണ്ട് തല്ലണം... "
പതിഞ്ഞ ശബ്ദത്തില്‍ മോഹനേട്ടന്‍ പറഞ്ഞുപൂര്‍ത്തിയാക്കും മുമ്പ്
ഋഷികേശിന്‍റെ പിന്നില്‍ നിന്നിരുന്ന സ്ത്രീ പേരു പറഞ്ഞു.
"സുജ ഡേവിഡ് 29.
***************************
(മോഹനേട്ടന്‍റെ കഥ പല നാടുകളില്‍ പല രീതിയില്‍ പ്രചരിക്കുന്നുണ്ട്.
വേദികളും കഥാപാത്രങ്ങളും മാറുമ്പോള്‍ കഥയിലും ചില ചെറിയ
വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ബാബൂ....ന്ന് വിളിക്കും എന്നത്
സാബൂ...ന്ന് വളിക്കും ശശീ...ന്ന് വിളിക്കും എന്നിങ്ങനെയൊക്കെ
മാറിയിരിക്കുന്നു)
ധര്‍മസങ്കടം 2
സബ് ഇന്‍സ്പെക്ടറുടേത്
പെറ്റി കേസുകളുടെ എണ്ണം തികക്കുന്നതിനായി മാസത്തില്‍ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ ഒരു രാത്രി ഏറണാകുളം നഗരത്തില്‍ എമ്പാടും പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തുന്നത് പതിവാണ്.
ഗതാഗത നിയമം ലംഘിച്ചവര്‍, വേശ്യകള്‍, സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയവര്‍ തുടങ്ങി വിവിധ വകുപ്പുകളിലായി കുറെപ്പേരെ പിടികൂടി എണ്ണം തികക്കുകയാണ് കോംപിംഗ് പട്രോള്‍ എന്ന ഓമനപ്പേരുള്ള പരിശോധനയുടെ ലക്ഷ്യം.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കാണ് പോലീസിന്‍റെ ഈ കണക്കു തികക്കല്‍ പരിപാടി പലപ്പോഴും വിനയാകാറുള്ളത്. ബാറുകളുടെ പരിസരത്ത് കാത്തുനിന്ന് ഇരകളെ പിടികൂടുന്ന പട്രോള്‍ സംഘങ്ങള്‍ ഏറെയുണ്ട്. എത്ര ഫിറ്റായി പുറത്തിറങ്ങുന്നവനും പോലീസിന്‍റെ കെണിയിലകപ്പെടുന്ന നിമിഷം കെട്ടിറങ്ങും. പിന്നെ മെഡിക്കല്‍ പരിശോധനയും പോലീസ് സ്റ്റേഷനിലെ മൂട്ടകടിയുമൊക്കെയായി അന്നത്തെ രാത്രി സീമയുടേതുപോലെ
നിദ്രാവിഹീനമാകും.
ഇങ്ങനെ ഒരു രാത്രിയില്‍ കച്ചേരിപ്പടിക്കു സമീപം മാധവ ഫാര്‍മസി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയാണ് ട്രാഫിക് എസ്.ഐ രാമകൃഷ്ണനും(ഒറിജിനല്‍ പേരല്ല കേട്ടോ..) സംഘവും. വിവിധ കുറ്റങ്ങള്‍ക്ക് കുടുങ്ങി ഒട്ടേറെപ്പേര്‍ പരിസരത്തുണ്ട്.
ഒരു ഭാഗത്ത് കുറെ പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നു.
ഇതിനിടെയാണ് എം.ജി. റോഡിലൂടെ പള്‍സര്‍ ബൈക്കില്‍ ഒരു ചെറുപ്പക്കാരന്‍ പാഞ്ഞെത്തിയത്. പോലീസ് സംഘം കൈ കാണിച്ചു. ബൈക്ക് നിര്‍ത്തി. യാത്രക്കാരന്‍ ഇറങ്ങി. അയാള്‍ അടുത്തെത്തി ഹെല്‍മെറ്റ് ഊരിയപ്പോള്‍തന്നെ കേസെടുക്കുന്നതിനുള്ള ഒരു വകുപ്പ് എസ്.ഐയുടെ മൂക്കിലടിച്ചു.
"താന്‍ മദ്യപിച്ചിട്ടുണ്ട് അല്ലേ.... "
"ഉണ്ട് സാര്‍. ഒരു പാര്‍ട്ടി കഴിഞ്ഞ് വരുന്ന വഴിയാണ്"
"ബാക്കി പാര്‍ട്ടി സ്റ്റേഷനില്‍ ചെന്നിട്ടാകാം വണ്ടീടെ ബുക്കും പേപ്പറും എവിടെ?"
"എല്ലാം ഉണ്ട്, വീട്ടിലാണ്.എടുക്കാന്‍ മറുന്നു പോയി. "
എസ്.ഐക്ക് നിയന്ത്രണം വിട്ടു.
"എടുക്കാന്‍ മറന്നുപോയെങ്കില്‍ ഞാന്‍ നിന്‍റെ വീട്ടിപ്പോയി എടുത്തോണ്ടു വരാമെടാ. മൂക്കറ്റം കുടീം കഴിഞ്ഞ് കടലാസില്ലാത്ത ബൈക്കുമായി എറങ്ങിരീക്കുന്നു. എന്താ നിന്‍റെ പേര്?"
"സ്റ്റാനിസ്ളാവോസ് ഗ്രിഗോറിയോസ്"
""ങ്ഹേ.... ? മലയാളത്തില്‍ പറയെടോ"
"അതേ സാര്‍, എന്‍റെ പേരാണ് പറഞ്ഞത്.
സ്റ്റാനിസ്ളാവോസ് ഗ്രിഗോറിയോസ്. ഗ്രിഗോറിയോസ് എന്നത് അപ്പന്‍റെ പേരാ"
"ശരി, താന്‍ പൊയ്ക്കൊള്ളൂ"
യുവാവിന് കാര്യം മനസിലായില്ല.
"എന്താ സാര്‍?"
"തന്നോട് പൊക്കോളാനല്ലേ പറഞ്ഞത്?"
എസ്.ഐ ഇപ്പം വിളിക്കും എന്ന ശങ്കയോയെ സ്റ്റാനിസ്ളാവോസ്
സാവധാനം ബൈക്കിനു സമീപത്തേക്ക് നടന്നു.
എസ്.ഐ വിളിച്ചില്ല.
ബൈക്കില്‍ കയറിയതും ശരം വിട്ട പോലെ യുവാവ് പറപറന്നു.
എസ്.ഐയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ വാപൊളിച്ച് നില്‍ക്കുകയാണ്.
"സര്‍ എന്തു പണിയാണ് ഈ കാണിച്ചത്. മൊത്തം വയലേഷനല്ലാരുന്നോ?. കള്ളും കുടിച്ച് കടലാസില്ലാതെ വണ്ടിയോടിച്ചവനെയാ സാര്‍ വെറുതെ വിട്ടത്"
ഒരു പോലീസുകാരന്‍ പറഞ്ഞു.
അരിശത്തിന്‍റെ പരകോടിയില്‍ എസ്.ഐ പല്ലു
കടിച്ചു ഞെരിക്കുന്നത് പോലീസുകാരന് കേള്‍ക്കമായിരുന്നു.
സമീപത്തിരുന്ന ബൈക്കിന്‍റെ സീറ്റില്‍ വലതു കൈകൊണ്ട്
അഞ്ഞിടിച്ചുകൊണ്ട് എസ്.ഐ പോലീസുകാരനോടു ചോദിച്ചു.
"ആ--- മോന്‍റെ ------ലെ പേര്
എഴുതിയെടുക്കാന്‍ തന്‍റെ ---- വരുമോ?"
2 comments:
പതാലി,
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇഷ്ടപ്പെട്ടു.
ബാബൂ......ന്ന് പേരു വിളിക്കും.
അപ്പോ കേറി ചെന്നാല്‍ മതി".
Post a Comment