Monday, June 09, 2008

മുസഫര്‍ അഹമ്മദിന്‍റെ 'മരുഭൂമിയുടെ ആത്മകഥ'






മാധ്യമ പ്രവര്‍ത്തകനായ വി. മുസഫര്‍ അഹമ്മദിന്‍റെ സൗദി അറേബ്യന്‍ യാത്രാവിവരണ പുസ്തകം മരുഭൂമിയുടെ ആത്മകഥ തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.

യാത്രാവിവരണത്തിന്‍റെ പതിവു ശൈലികളില്‍നിന്ന് വിഭിന്നമായി മരുഭൂമിയുടെ സമസ്ത ഭാവങ്ങളുടെയും മണല്‍ക്കാട്ടിലെ ജീവിതങ്ങളുടെയും നേര്‍ക്കാഴ്ച്ചകളും യാത്രയിലെ അനുഭവങ്ങളും വായനക്കാരന് ആസ്വാദ്യകരമായി പകര്‍ന്നു നല്‍കുന്നതില്‍ ഇവിടെ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.

മരുഭൂമിയില്‍നിന്നുള്ള അപൂര്‍വ ഫോട്ടോകളും ഒ.ബി. നാസറിന്‍റെ രേഖാ ചിത്രങ്ങളും പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
വില-80 രൂപ.

പുസ്തകത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമി എന്നറിയപ്പെടുന്ന റുബുല്‍ ഖാലി(എംടി ക്വാര്‍ട്ടര്‍)യെക്കുറിച്ച് വിശദീകരിക്കുന്ന അധ്യായത്തിന്‍റെ ആദ്യ ഭാഗം ചുവടെ

ആഴങ്ങളില്‍ കുളിച്ച്‌
ഉപരിതലത്തിലുറക്കം

ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമി എന്നറിയപ്പെടുന്ന റുബുല്‍ ഖാലിയുടെ (എംറ്റി ക്വാര്‍ട്ടര്‍- മരുഭൂമികളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനത്ത്‌ സഹാറയാണ്‌. അവിടെ പക്ഷെ റുബുല്‍ഖാലിയിലുള്ളയത്ര മണല്‍ക്കുന്നുകള്‍ sand dunes ഇല്ലെന്ന്‌ പുസ്‌തകങ്ങളില്‍ പറയുന്നു).
പടിഞ്ഞാറന്‍ തുഞ്ചത്ത്‌ എത്തിയപ്പോള്‍ മേലുദ്ധരിച്ച അറബ്‌ പഴമൊഴി ഓര്‍ത്തു പോയി. വിജന ശൂന്യതയുടെ നിഗൂഡതയില്‍ മണല്‍ക്കുന്നുകള്‍ വിരുന്നുകാരാ, ഇവിടെ വീട്ടുകാരനായി കൂടിക്കൊള്ളൂ എന്നു പറയുകയാണെന്ന്‌ തോന്നി.
തമ്പടിച്ച്‌ പാര്‍ക്കാന്‍ ഏത്‌ സഞ്ചാരിയേയും റുബുല്‍ ഖാലി നിത്യവും വിളിച്ചു കൊണ്ടിരിക്കുന്നു. സാഹസികരായ എത്രയോ മനുഷ്യര്‍ ഈ മരുഭൂമിയുടെ രഹസ്യങ്ങള്‍ തേടി പോയിട്ടുണ്ട്‌. എല്ലാവര്‍ക്കും ലക്ഷ്യം കാണാന്‍ പറ്റിയിട്ടുണ്ടാവില്ലെന്ന്‌ ഇതിന്‍റെ കിടപ്പ്‌ കണ്ടാലറിയാം.
ആഴങ്ങളില്‍ കുളിച്ച്‌ ഉപരിതലത്തിലുറങ്ങുന്ന മീന്‍ കൂട്ടങ്ങളെപ്പോലെയാണ്‌ റുബുല്‍ ഖാലി വിശ്രമിക്കുന്നത്‌. പുഴയിലും കടലിലും ഓളങ്ങളുടെ തള്ളലില്‍ ഞെട്ടിയുണര്‍ന്ന്‌ പാഞ്ഞു പോകുന്ന മീന്‍ കൂട്ടങ്ങളെപ്പോലെ കാറ്റില്‍ മണല്‍ക്കുന്നുകളും ചിതറിയോടുന്നു.
മണല്‍ക്കുന്നുകളുടെ പള്ളയില്‍ ചവിട്ടി നടക്കുമ്പോള്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം കാലുകള്‍ പൂണ്ടു പോകും. മണല്‍ക്കുന്നുകള്‍ ചിലയിടത്ത്‌ കോട്ടകള്‍ പോലെ. പലയിടത്തും ഒഴുകാന്‍ തുടങ്ങി മരവിച്ചു പോയ ജലവിഭ്രാന്തി പോലെ.
അല്‍പ്പം വെള്ളമൊഴുകിയാല്‍ തീര്‍ച്ചയായും കടലിനെ നിസ്സാരമാക്കാന്‍ എനിക്കു കഴിയുമെന്ന്‌ റുബുല്‍ ഖാലി പറഞ്ഞു കൊണ്ടിരിക്കുന്നു. കാറ്റിന്റെ അമ്പില്‍ ഒന്നിനു പിറകെ ഒന്നായി ആര്‍ത്തലച്ച്‌ കുതിക്കുമ്പോള്‍ ഇത്‌ കടല്‍ തന്നയല്ലേയെന്ന്‌ ആരും ഒരിട ശങ്കിച്ചു പോകും. തോണി പോലെ അല്‍പ്പം ചെരിഞ്ഞും ആടിയും നീങ്ങുന്ന ഒട്ടകപ്പുറത്ത്‌ മരുഭൂമിയില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നത്‌ കടല്‍ അനുഭവത്തില്‍ നിന്നായിരിക്കണം. മരുക്കപ്പല്‍ എന്നാണല്ലോ ഒട്ടകത്തിന്റെ വിശേഷങ്ങളില്‍ ഒന്ന്‌.
സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, യെമന്‍ എന്നീരാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന റുബുല്‍ ഖാലിയുടെ വലുപ്പം 65,00,00 ചതുരശ്ര കിലോ മീറ്ററാണ്‌. ആയിരം കിലോ മീറ്റര്‍ നീളത്തിലും 500 കിലോ മീറ്റര്‍ വീതിയിലുമാണ്‌ മണല്‍ക്കുന്നുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത്‌. ഈ പ്രദേശത്ത്‌ വേനല്‍ക്കാലത്ത്‌ (ജൂണ്‍-ജൂലൈ മാസങ്ങളില്‍) 126 ഡിഗ്രിഫാരന്‍ ഹീറ്റാണ്‌ താപനില. മഞ്ഞു കാലത്ത്‌ താപനില മൈനസ്‌ 12 വരെ എത്താറുണ്ടെന്നാണ്‌ കണക്ക്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ളതും ഈ മരുഭൂ വിജനതയില്‍ തന്നെ.
റുബുല്‍ഖാലിയോട്‌ ചേര്‍ന്ന്‌ ഏറ്റവും കൂടുതല്‍ ജനവാസമുള്ളത്‌ സൗദി-യെമന്‍ അതിര്‍ത്തിയിലാണ്‌.
നിരവധി ഗ്രാമങ്ങളില്‍ ബദവികള്‍ എന്നു വിളിക്കുന്ന മരുഭൂമിയിലെ ആദിമഗോത്രക്കാരുടെ പിന്‍തുടര്‍ച്ചക്കാര്‍ ഇന്നും കഴിയുന്നു. ആടിനേയും ഒട്ടകത്തേയും മേച്ച്‌, കൃഷി ചെയ്‌ത്‌. ഇത്തരത്തിലുള്ള ഗ്രാമങ്ങളില്‍ ബദവികളുടെ തൊഴിലാളികളായി ജോലി ചെയ്യുന്ന മലയാളികളേയും കാണാം. മണല്‍ക്കാട്ടിലെ നിത്യ സഹവാസം കൊണ്ടായിരിക്കണം അവരുടെ മലയാളി മുഖങ്ങള്‍ മാഞ്ഞു പോയിരിക്കുന്നു. ബദവികളുടെ വേഷത്തില്‍, അവരുടെ മുഖഛായകളിലേക്ക്‌ ഈ കുടിയേറ്റക്കാര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മലയാളം തീരെ ഉപയോഗിക്കാന്‍ അവസരമില്ലാത്തതിനാല്‍ മാതൃഭാഷയും അവരില്‍ നിന്ന്‌ അകന്നിട്ടുണ്ട്‌. ഇടക്ക്‌ മലയാളി കടകളുള്ള തൊട്ടടുത്ത അങ്ങാടികളില്‍ പോകുമ്പോഴാണ്‌ അവര്‍ സ്വന്തം ഭാഷ വീണ്ടെടുക്കുന്നത്‌. വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ കഴിയുന്ന പലരുടേയും കഥകള്‍ ഇവിടെ നിന്ന്‌ കേള്‍ക്കാനായി.
സൗദി അറേബ്യയുടെ തെക്ക്‌ പടിഞ്ഞാറ്‌ കിടക്കുന്ന നജ്‌റാനില്‍ നിന്നും 360 കിലോ മീറ്റര്‍ അകലെയുള്ള യെമന്‍ അതിര്‍ത്തിയായ ശറൂറയില്‍ എത്തിയാണ്‌ റുബുല്‍ ഖാലിയുടെ കന്യകാ മണല്‍ക്കുന്നുകള്‍ കണ്ടു തുടങ്ങിയത്‌. നജ്‌റാന്‍-ശറൂറ റൂട്ടില്‍ 21 കിലോ മീറ്റര്‍ കഴിഞ്ഞാല്‍ റുബുല്‍ ഖാലിയുടെ തുടക്കമായി. ഇവിടെ മണലിന്‌ വെളുത്ത നിറമാണ്‌. കുന്നുകള്‍ അധികമില്ലാത്ത മണല്‍ സമതലമാണിത്‌. 80 കിലോ മീറ്റര്‍ കഴിഞ്ഞാല്‍ പതുക്കെ, പതുക്കെ മണലിന്‍റെ നിറം മാറിത്തുടങ്ങുന്നു. കാവി നിറത്തിലുള്ള മണല്‍ക്കുന്നുകളും തൊട്ടു പിന്നാലെ പ്രത്യക്ഷപ്പെടും. ഇവിടെ നിന്നും തലയുയര്‍ത്തിനില്‍ക്കുന്ന ആ മോഹിനിയെ തൊട്ടു തുടങ്ങാം.
റുബുല്‍ഖാലിയോട്‌ ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ബദവികള്‍ തോക്കുധാരികളാണ്‌. മരുഭൂമിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട്‌ കാലികളെ കൊന്നു തിന്നുന്ന ചെന്നായ്‌ക്കളേയും മറ്റും കണ്ടാല്‍ വെടിവെച്ചു വീഴ്‌ത്താനാണിത്‌. മലമ്പാമ്പുകളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന്‌ പറയുന്നു. അത്തരത്തില്‍ ഒറ്റക്ക്‌ മരുഭൂമിയില്‍ ഒരു ബദവിയെക്കണ്ടാല്‍ പറയേണ്ട വാക്കുകള്‍ നജ്‌റാനിലെ ചങ്ങാതി പഠിപ്പിച്ചിരുന്നു. ഗവ്വിത്തു (നീ വളരെ ശക്തനായിരിക്കട്ടെ) എന്ന്‌ ബദവി പറയും. തിരിച്ച്‌ നജീത്തു (നീ പറഞ്ഞതില്‍ എന്റെ വിജയം) എന്നാണ്‌ പറയേണ്ടത്‌. അതോടെ അയാള്‍ തോക്കു താഴ്‌ത്തി വന്ന്‌ കെട്ടിപ്പുണരും..........................

5 comments:

പതാലി said...

മാധ്യമ പ്രവര്‍ത്തകനായ വി. മുസഫര്‍ അഹമ്മദിന്‍റെ സൗദി അറേബ്യന്‍ യാത്രാവിവരണ പുസ്തകം മരുഭൂമിയുടെ ആത്മകഥ തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.


വിവരണത്തിന്‍റെ പതിവു ശൈലികളില്‍നിന്ന് വിഭിന്നമായി മരുഭൂമിയുടെ സമസ്ത ഭാവങ്ങളുടെയും മണല്‍ക്കാട്ടിലെ ജീവിതങ്ങളുടെയും നേര്‍ക്കാഴ്ച്ചകളും യാത്രയിലെ അനുഭവങ്ങളും വായനക്കാരന് ആസ്വാദ്യകരമായി പകര്‍ന്നു നല്‍കുന്നതില്‍ ഇവിടെ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.

Anonymous said...

marubhoomiyude hridayam thottulla vivaranamanu muzafarintethu.Malayalathil mattarenkil ingine ezhuthiyathayi arivilla.mikacha vayananubhavam.

ഷാഫി said...

മുസഫറിന്റെ എഴുത്ത്‌ ഇഷ്ടമാണ്‌. വാങ്ങിച്ചിട്ടുണ്ട്‌. ഇഞ്ചിഞ്ചായുള്ള എഴുത്തും ഭാഷയ്‌ക്കു മീതെയുള്ള കയ്യടക്കവും മറ്റ്‌ യാത്രാ എഴുത്തുകാരില്‍ നിന്ന്‌ ഇദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു.

Unknown said...

മുസാഫിറിന്‍റെ സൗദി യാത്രാവിവരണം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വായിച്ചിരുന്നു. അതുതന്നെയാണോ ഇത്?

Anonymous said...

തൃശൂര് കറന്റില് പുസ്തകം കണ്ടിരുന്നു.
മറിച്ചു നോക്കിയപ്പം താല്പര്യം തോന്നിയെങ്കിലും
കയ്യീ കാശില്ലാതിരുന്നതിനാല് വാങ്ങിയില്ല.
വൈകാതെ വാങ്ങിച്ച് അഭിപ്രായം പറയാം.