Sunday, August 03, 2008

മരണമുഖത്തുനിന്നുള്ള കുറിപ്പുകള്‍- പരന്പര ഒന്നാം ഭാഗം


ഞാന്‍ ഭക്ഷണം വേണ്ടെന്നു വെക്കുകയാണ്‌.

ഇത്‌ എന്‍റെ ഇഷ്ടമല്ല,

പക്ഷെ മനസ്സ്‌ ആവശ്യപ്പെടുന്നു.

``ഈ നിമിഷം എല്ലാം അവസാനിപ്പിക്കുക''.

എവിടെ നിന്നോ ഒരു സ്വരം എന്റെ കാതുകളില്‍ മുഴങ്ങുന്നു.

`` ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌.

പൊട്ടിച്ചിരിക്കാനും സ്വയം ആസ്വദിക്കാനും മറക്കരുത്‌.

സ്‌നേഹിക്കാനും, സഹ ജീവികളുടെ

കണ്ണുകളിലെ പ്രകാശം കാണാനും മറക്കരുത്‌.

സര്‍വോപരി ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌.

അപ്പോള്‍ മാത്രമെ നിന്‍റെ നീതി നേടാനും

ലക്ഷ്യത്തിലെത്താനും നിനക്കു കഴിയൂ''.

ഇത്‌ ഒരു കാല്‍പ്പനിക രചനയല്ല. 1995 ഓഗസ്റ്റ്‌ 13ന്‌ കശ്‌മീര്‍ താഴ്‌വരയിലെ പന്‍സമുല്ല-സാലിയ റോഡില്‍ ചത്ത്‌ഹാല്‍ ഗ്രാമത്തില്‍ കണ്ടെത്തിയ ശിരസ്‌ ഛേദിക്കപ്പെട്ട ശരീരത്തിലെ വസ്‌ത്രങ്ങളില്‍നിന്ന്‌ കണ്ടെടുത്ത മുഷിഞ്ഞ തുണ്ടുകടലാസുകളിലെ കുറിപ്പുകളിലൊന്നാണ്‌. ഭീകരരുടെ ഒളിത്താവളത്തില്‍ മരണം മുന്നില്‍ കണ്ട്‌ കഴിയുന്ന നിമിഷങ്ങളില്‍ നോര്‍വെക്കാരാനായ ഒരു ചെറുപ്പക്കാരന്‍ കുത്തിക്കുറിച്ച വരികള്‍.

എഴുത്തുകാരനും നാടകനടനും സംവിധായകനുമൊക്കെയായിരുന്ന ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ എന്ന 27 കാരന്റെ ജീന്‍സിന്‍റെ പോക്കറ്റിലും ഷര്‍ട്ടിന്‍റെ മടക്കുകളിലുമൊക്കെ കണ്ടെത്തിയ മുഷിഞ്ഞ കടലാസു തുണ്ടുകളില്‍ നോര്‍വീജിയന്‍ ഭാഷയില്‍ വികൃതമായ കൈപ്പടയിലാണ്‌ കുറിച്ചിരുന്നത്‌. ഒരുപക്ഷെ എഴുതുമ്പോള്‍ കൈകള്‍ കെട്ടപ്പെട്ടിരുന്നിരിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഇരുട്ടറയിലിരുന്നാകാം അയാള്‍ ഇതൊക്കെ കുറിച്ചത്‌. കടലാസുകള്‍ തീര്‍ന്നപ്പോള്‍ എഴുതിയതെന്ന്‌ തോന്നുന്ന ചില വരികള്‍ ജീന്‍സിന്‍റെ ചില ഭാഗങ്ങളിലുമുണ്ടായിരുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തോടനുള്ള അഭിനിവേശവും മോഹഭംഗത്തിന്‍റെ വേദനയും വിധിയെ നേരിടാനുള്ള തയാറെടുപ്പുമൊക്കെയായിരുന്നു ഹാന്‍സിന്‍റെ അവസാനത്തെ കുറിപ്പുകളുടെ ഉള്ളടക്കം. ഒപ്പം ഇനിയൊരിക്കലും കാണാനാകാത്ത വാത്സല്യ മാതാവിനും കുഞ്ഞുപെങ്ങള്‍ക്കും ഓരോ കത്തുകളുമുണ്ടായിരുന്നു.

പാലക്കാടു ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ കഥകളി അഭ്യസിച്ച്‌, വലിയൊരു സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്‍റെ ആഹ്ലാദവുമായി നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ കശ്‌മീരിലേക്കു നടത്തിയ വിനോദയാത്രക്കിടെയാണ്‌ ഹാന്‍സിന്‍റെ ജീവിത നാടകത്തിന്‌ നിനച്ചിരിക്കാതെ തിരശ്ശീല വീഴ്‌ത്തിയത്‌. 1995 ജൂലൈ നാലിനും എട്ടിനുമിടയില്‍ കശ്‌മീര്‍ താഴ്‌വരയില്‍നിന്ന്‌ നിരവധി വിദേശ വിനോദസഞ്ചാരികളെ അല്‍-ഫാറന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അവശനിലയിലായ പലരെയും വിട്ടയച്ചെങ്കിലും ഹാന്‍സ്‌ ഉള്‍പ്പെടെ ആറു പേരെ ബന്ദികളാക്കി. തടവില്‍ കഴിയുന്ന ചില തീവ്രവാദികളെ മോചിപ്പിക്കണമെന്നതായിരുന്നു ഭീകരരുടെ ആവശ്യം.

വാഷിംഗ്‌ടണിലെ സ്‌പൊകെയ്‌നിലുള്ള വിഖ്യാത ന്യൂറോ സൈക്കോളജിസ്റ്റ്‌ ഡൊണാള്‍ഡ്‌ ഹച്ചിന്‍സ്‌, മറ്റൊരു അമേരിക്കക്കാരന്‍ ജോണ്‍ ചില്‍ഡ്‌സ്‌, ബ്രിട്ടീഷുകാരായ കീത്ത്‌ മാന്‍ഗന്‍, പോള്‍ വെല്‍സ്‌, ജര്‍മനിയില്‍നിന്നുള്ള ദിര്‍ക്‌ ഹാസെര്‍ട്ട്‌ എന്നിവരാണ്‌ ഹാന്‍സിനൊപ്പം ബന്ദികളായത്‌. ജൂലെ ഒമ്പതിന്‌ തീവ്രവാദികളുടെ കണ്ണുവെട്ടിച്ചു മുങ്ങിയ ജോണ്‍ ചില്‍ഡ്‌സിനെ സൈന്യത്തിന്‍റെ നിരീക്ഷണ ഹെലികോപ്‌റ്റര്‍ രക്ഷപ്പെടുത്തി.


ഹാന്‍സും മറ്റ് ബന്ദികളും അല്‍-ഫാറന്‍ തീവ്രവാദികളുടെ താവളത്തില്‍(തീവ്രവാദികള്‍ പുറത്തുവിട്ട ചിത്രം).


ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ തീവ്രവാദികള്‍ ഹാന്‍സിനെ ശിരഛേദം ചെയ്‌തത്‌. ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ ഭാഗ്യമായി കരുതുമെന്നു പറഞ്ഞ്‌ കേരളത്തില്‍നിന്ന്‌ മടങ്ങിയ ഹാന്‍സിന്‍റെ വാക്കുകള്‍ അറംപറ്റുകയായിരുന്നു.

ഹാന്‍സിന്‍റെ ജീവിതത്തിന്‍റെ ഗതി മാറിയതിനും ഇന്ത്യയില്‍ വന്നതിനും പിന്നിലുള്ള പ്രധാന പ്രേരക ശക്തി ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ താമസിച്ച്‌ കഥകളി പഠിച്ച ആദ്യ വിദേശിയായ ടോം ജെര്‍ദേഫാക്കായിരുന്നു. അതുകൊണ്ടുതന്നെ ഹാന്‍സിന്‍റെ ജീവിത കഥയില്‍ ടോം ഒരു പ്രധാന കഥാപാത്രമാണ്‌ (തുടരും)

8 comments:

പതാലി said...
This comment has been removed by the author.
പതാലി said...

പാലക്കാടു ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ കഥകളി അഭ്യസിച്ച്‌, വലിയൊരു സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്‍റെ ആഹ്ലാദവുമായി നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ കശ്‌മീരിലേക്കു നടത്തിയ വിനോദയാത്രക്കിടെയാണ്‌ ഹാന്‍സിന്‍റെ ജീവിത നാടകത്തിന്‌ നിനച്ചിരിക്കാതെ തിരശ്ശീല വീഴ്‌ത്തിയത്‌

നരിക്കുന്നൻ said...

ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ ഭാഗ്യമായി കരുതുമെന്നു പറഞ്ഞ്‌ കേരളത്തില്‍നിന്ന്‌ മടങ്ങിയ ഹാന്‍സിന്‍റെ വാക്കുകള്‍ അറംപറ്റുകയായിരുന്നു.

സമകാലീന ഇന്ത്യയില്‍ ഒരു ഇന്ത്യക്കാരന്‍ ചിന്തിക്കാന്‍ പോലും മെനക്കെടാത്ത കാര്യം. ഇങ്ങനെ ചിന്തിക്കുന്ന ഏത് രാജ്യ സ്നേഹിയാണ് നമുക്കുള്ളത്. ആ മാഹാനായ മനുഷ്യന്റെ മരണത്തിന് എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനുള്ളത്.

ശിവ said...

വായിച്ചു വല്ലാതെ വിഷമം തോന്നി...തുടരൂ...ബാക്കി എനിക്കു വായിക്കണം...അറിയണം...

keralainside.net said...

Your post is being listed by www.keralainside.net. When ever you write new blog posts , submit your blog post details to us. Thank You..

Sarija N S said...

:(
വേദനിക്കുന്നെങ്കിലും ബാക്കി കൂടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു

Anonymous said...

kathakaliye snehikkunnavarkku....sariyanu nammute bharathathe snehikkunnavarku orikkalum marakkanavatha peraNu Hans....swayam Hansam(HAMSAM) ennu visheshippichurunna Hans!

Orthal vishamanm thonnum Hans -nte karyam

Hans -ne kurichhu oru vyazhavattam kazhinju ezhuthan oral undayalla !

Orupandunte enikkezhuthuvan....Oru bhashanjaliyil othukkunnu !

Sneha poorvam

Rajasekhar.P

nair said...

Hello,
Very sad to read.

C.Ambujakshan Nair
(canair1954@gmail.com)