Wednesday, December 06, 2006

അടുപ്പില്‍ അവസാനിച്ച ക്രിസ്മസ്‌ കരോള്‍

.....ക്രിസ്മസ്‌ സ്പെഷ്യല്‍.....

ഡിസംബറെന്നു കേള്‍ക്കുമ്പോഴേ മനസൊന്നു തുള്ളിച്ചാടും.
അത്‌ പണ്ടേയുള്ള ഒരു ദൌര്‍ബല്യമാണ്‌. കുളിരാര്‍ന്ന പ്രഭാതങ്ങള്‍,
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന രാത്രികള്‍, ഇരവിനെ പകലാക്കുന്ന ക്രിസ്മസ്‌-പുതുവത്സ ആഘോഷങ്ങള്‍... ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തുള്ളാത്ത മനവും തുള്ളിപ്പോകും.

ക്രിസ്മസ്‌ കരോള്‍ എന്നൊരു കലാപരിപാടിയെക്കുറിച്ച്‌ പലര്‍ക്കും അറിയാമായിരിക്കും. കരോള്‍ എന്നാല്‍ ഗാനം, സംഗീതം എന്നൊക്കെയാണ്‌ അര്‍ത്ഥം. വിളവെടുപ്പു പോലെയുള്ള ആഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടത്തിയിരുന്ന സംഗീതാഘോഷമാണ്‌ ആദ്യകാലത്ത്‌ കരോള്‍ എന്ന്‌ അറിയപ്പെട്ടിരുന്നത്‌.
ആളുകള്‍ വൃത്താകൃതിയില്‍ കൂടി നിന്ന്‌ പാടിയിരുന്ന പാട്ടുകള്‍ക്ക്‌ ഫ്രഞ്ച്‌ ഭാഷയില്‍ കരോളര്‍ എന്നാണ്‌ പറഞ്ഞിരുന്നത്‌ ഇത്‌ ലോപിച്ച് കരോള്‍ ആയെന്നാണ് പറയപ്പെടുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട കരോള്‍ പ്രചാരത്തിലായത്‌ 13ആം നൂറ്റാണ്ടിലാണെന്നാണ്‌ ചരിത്രം.

ക്രിസ്മസ്‌ കാലത്ത്‌ നമ്മുടെ നാട്ടില്‍ പലതരം കരോളുകള്‍ നടക്കാറുണ്ട്‌. കരോള്‍ മത്സരങ്ങള്‍ക്കും പഞ്ഞമില്ല. ജിംഗിള്‍ ബെല്‍സ്.., മേരീസ്‌ ബോയ്‌ ചൈല്‍ഡ്‌.., സൈലണ്റ്റ്‌ നൈറ്റ്‌... തുടങ്ങിയ വിഖ്യാത ക്രിസ്മസ്‌ ഗാനങ്ങള്‍ക്ക്‌ ഇന്നും ഒട്ടേറെ ആരാധകരുണ്ടെങ്കിലും സിനിമാ ഗാനങ്ങളുടെ ക്രിസ്മസ്‌ പാരഡികള്‍ക്കാണ്‌ കേരളത്തില്‍ കൂടുതല്‍ ജനപ്രീതി. ഇക്കാര്യത്തില്‍ ഞങ്ങളുടെ നാടും വ്യത്യസ്തമല്ല.

ക്രിസ്മസിന്‌ ആഴ്ച്ചകള്‍ക്കു മുമ്പേ നാട്ടില്‍ പല സംഘങ്ങളും കരോള്‍ പരിശീലനം തുടങ്ങും. അത്യധ്വാനം ചെയ്ത്‌ കരോള്‍ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ഹിറ്റ്‌ സിനിമാ പാട്ടുകള്‍ തെരഞ്ഞെടുത്തശേഷം വരികളില്‍ ഉണ്ണീശോ, പുല്‍ക്കൂട്‌, കന്യാ മറിയം, നക്ഷത്രം തുടങ്ങിയ വാക്കുകള്‍ കയറ്റി (ഇന്‍റര്‍നെറ്റും ഈമെയിലും മൊബൈല്‍ ഫോണുമൊക്കെ ചേര്‍ത്ത്‌ തമിഴ്‌ സിനിമാ പാട്ടുകള്‍ ഉണ്ടാക്കുന്നതുപോലെ)സംഗതി ഒപ്പിച്ചെടുക്കുന്നവരും കുറവല്ല. ഇത്തരം പാരഡി കരോള്‍ പാട്ടുകളുടെ പുസ്തകങ്ങളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.

വീട്ടില്‍നിന്ന്‌ അധികം ദൂരെയല്ലാതെ മൂന്ന്‌ പള്ളികളുണ്ട്‌. പെന്തക്കോസ്ത്‌, സാല്‍വേഷന്‍ ആര്‍മി, സി.എസ്‌.ഐ എന്നീ വിഭാഗങ്ങളുടേത്‌. ഈ പള്ളികളില്‍ കരോളിനുവേണ്ടി എല്ലാ വര്‍ഷവും ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്ന അവരുടെ പാട്ടുകള്‍ വളരെ മികച്ചതായിരുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ രാത്രികാലങ്ങളില്‍ അവരുടെ റിഹേഴ്സലുകള്‍ കേട്ട്‌ കിടക്കുമ്പോള്‍ ഉള്ളില്‍ ക്രിസ്മസ്‌ ആഘോഷത്തിണ്റ്റെ പെരുമ്പറ മുഴങ്ങുമായിരുന്നു.

പള്ളികള്‍ക്കു പുറമെ സംഘടനകളും ക്ളബുകളും(സാങ്കല്‍പികമാകാം) ഒക്കെ കരോള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇതിനെ മാന്യമായ ഒരു രാത്രികാല പിരിവ്‌ പരിപാടിയായി കണ്ടിരുന്നവരും കുറവല്ല. രണ്ടു ഡ്രമ്മുകളും ഒരു പെട്രോ മാക്സും ഉണ്ടെങ്കില്‍ ആര്‍ക്കും കരോള്‍ നടത്താം. അല്‍പ്പം മോടി കൂട്ടണമെങ്കില്‍ സാന്താക്ളോസിന്‍റെ വേഷം കെട്ടിയ ഒരാളെ മുന്നില്‍ നിര്‍ത്താം. മുളന്തണ്ടുകൊണ്ട്‌ ഉണ്ടാക്കി, വര്‍ണ കടലാസ്‌ ഒട്ടിച്ച്‌, അകത്ത്‌ മണ്ണെണ്ണ വിളക്ക്‌ വെച്ച ഒരു നക്ഷത്രം തീവെട്ടി പോലെ പിടിക്കാനുണ്ടെങ്കില്‍ സംഗതി ഉഷാര്‍. അച്ചടി മഷി ഉണങ്ങാത്ത രസീത്‌ പുസ്തകം അനിവാര്യം.

സാധാരണ കരോള്‍ സംഘങ്ങളുടെ പര്യടനം ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള രാത്രികളിലാണ്‌. പിരിവ്‌ മാത്രം ഉദ്ദേശിക്കുന്നവരാണെങ്കില്‍ 23നു തുടങ്ങി, പുതുവത്സരം വരെ ആവാം(യേശു പിറന്ന വിവരം പരമാവധി ആളുകളെ അറിയിക്കണമല്ലോ?). വാറ്റു മുതല്‍ സ്കോച്ചുവരെയുള്ള 'ഇന്ധന'ങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നേറുന്ന സംഘങ്ങളും ഇല്ലാതില്ല. ഇത്തരം 'കലാകാരന്‍മാര്‍'ക്കായി ഇടക്ക്‌ ഏതെങ്കിലും താവളത്തില്‍ രാത്രി ഭക്ഷണവും ക്രമീകരിക്കും. ഓരോ ദിവസത്തെയും പാട്ടു കഴിഞ്ഞാല്‍ ഡ്രമ്മിന്‍റെയുംപെട്രോ മാക്സിണ്റ്റെയും വാടക കഴിഞ്ഞുള്ള തുക തലയെണ്ണി വീതിക്കും. ആര്‍ക്കും സ്വന്തം വീട്ടുകാരോട്‌ സമാധാനം പറയേണ്ട, പോലീസിനെ പേടിക്കേണ്ട; എല്ലാം ഉണ്ണിയേശുവിനു വേണ്ടി-അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം!

തല്ലിക്കൂട്ട്‌ സംഘങ്ങളുടെ പക്കല്‍ പാരഡി പാട്ടുകള്‍ പോലും സ്റ്റോക്ക്‌ ഉണ്ടാവില്ല. പിന്നെയോ? വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ട്‌. "ഒരീശോ രണ്ടീശോ മൂന്നീശോ നാലീശോ അഞ്ചാറീശോ...."(ഏക്‌ ദോ തീന്‍... എന്ന പാട്ടിന്‍റെ ഏറ്റവും എളുപ്പത്തിലുള്ള കരോള്‍ രൂപം) തുടങ്ങിയ നിമിഷ സൃഷ്ടികളായിരിക്കും ഇക്കൂട്ടര്‍ തട്ടിവിടുക(പണ്ടൊരിക്കല്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിണ്റ്റെ ക്യാമ്പില്‍നിന്നും ഇത്തരം ചില നിമിഷ സൃഷ്ടികളുമായി രാത്രികാല പിരിവിന്‌ ഇറങ്ങിയത്‌ ഓര്‍ക്കുന്നു).

കരോള്‍ സംഘങ്ങള്‍ ഒറിജിനലാണെങ്കിലും തല്ലിക്കൂട്ടാണെങ്കിലും വെറുംകയ്യോടെ തിരിച്ചയക്കുന്നത്‌ മര്യാദയല്ലല്ലോ. പണ്ടൊക്കെ രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെയാണ്‌ കൊടുത്തിരുന്നത്‌. പിന്നീട്‌ അത്‌ പടിപടിയായി ഉയര്‍ന്ന്‌ അടുത്ത കാലത്ത്‌ അമ്പതു രൂപ വരെയായി. കൂടുതല്‍ പാട്ടു പാടിച്ച്‌ വന്‍ തുക കൊടുത്ത്‌ ഹുങ്ക്‌ കാട്ടിയിരുന്ന പുതുപ്പണക്കാരും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.

കരോള്‍ സംഘത്തിന്‍റെ കൊട്ടു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടികള്‍ പിടഞ്ഞെണീക്കും; അവരെ വരവേല്‍ക്കാന്‍. അത്രക്കുണ്ടായിരുന്നു അന്നത്തെ ക്രിസ്മസ്‌ ജ്വരം.
മാത്രമല്ല പിറ്റേന്ന്‌ അയല്‍പക്കത്തെ കുട്ടികള്‍ ചോദിക്കും
''നിങ്ങളെ വീട്ടില്‍ ഇന്നലെ എത്ര കരോളുകാര്‍ വന്നു?''
എണ്ണം കുറഞ്ഞുപോയാല്‍ നാണക്കേടാണ്‌. ക്രിസ്മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആരുടെ വീട്ടിലാണ്‌ ഏറ്റവും കൂടുതല്‍ കരോള്‍ സംഘങ്ങള്‍ വന്നതെന്ന്‌ സഹപാഠികള്‍ക്കിടയിലും ഒരു കണക്കെടുപ്പുണ്ടാകും.

കരോള്‍ സംഘത്തിണ്റ്റെ പെട്രോമാക്സ്‌ വെളിച്ചം ഏതു ദിശയിലാണ്‌ നീങ്ങുന്നതെന്നറിയാന്‍ ജനലരികില്‍ കാത്തുനില്‍ക്കുമ്പോള്‍ അപ്പന്‍ പറയും.
"വഴിയെ പോകുന്നോരെ വിളിച്ചുകേറ്റാതെ പോയിക്കെടന്ന്‌ ഒറങ്ങു പിള്ളാരെ. ഇനീം പെറുക്കാന്‍ എന്‍റെ കയ്യില്‍ കാശില്ല"

എന്തുപറഞ്ഞാലും അപ്പണ്റ്റെ കയ്യില്‍ എന്തെങ്കിലും ഇല്ലാതിരിക്കുമോ? ഒടുവില്‍ കരോള്‍ സംഘം വീട്ടിലേക്കുള്ള വഴിയില്‍ കയറുമ്പോള്‍ അകത്തെ ഇരുട്ടില്‍ വീണ്ടും അപ്പന്‍റെ സ്വരം

"എണ്റ്റെ കയ്യിലുള്ള കാശ്‌ തീര്‍ന്നു. അവര്‍ക്ക്‌ രണ്ടു രൂപാ കൊടുത്താ മതി".

"അതു മോശാ...ആ ഉലുവാ ടിന്നിനകത്തൂന്ന്‌ പത്തു രൂപയെടുത്തു കൊട്‌...."കട്ടിലില്‍നിന്ന്‌ എഴുന്നേല്‍ക്കുന്നതിനിടെ അമ്മ പറയും.

ആശ്വാസമായി. ഞാന്‍ ഇരുട്ടില്‍തന്നെ അടുക്കളയിലേക്ക്‌ കുതിക്കും. അമ്മയുടെ താല്‍ക്കാലിക ഖജനാവു കൂടിയായ ഉലുവാ ടിന്നിന്‍റെ സ്ഥാനം എനിക്ക്‌ ഹൃദിസ്ഥമാണ്‌. രൂപയുമായി ഞാന്‍ വരുമ്പോഴേക്കും പെങ്ങള്‍ കതക്‌ തുറന്നിരിക്കും. രൂപ കയ്യില്‍ പിടിച്ച്‌ തെല്ലു ഗമയില്‍ ഞാന്‍ വാതില്‍ പടിയില്‍ നില്‍ക്കും. രണ്ട്‌ പാട്ടാണ്‌ സാധാരണ പാടുക. രണ്ടാമത്തെ പാട്ടു തുടങ്ങുമ്പോള്‍ സംഘത്തിലെ പണപ്പിരുവാകാരന്‍ മുന്നോട്ടു വരും ഞാന്‍ രൂപാ അയാള്‍ക്ക്‌ നീട്ടും. അയാള്‍ തിരിച്ച്‌ രസീതും.

ദാ... ന്നു പറയും മുമ്പ്‌ പരിപാടി കഴിയും. കരോള്‍ സംഘം മടങ്ങുമ്പോള്‍ മനസില്‍ ഒരു വിഷമം. പിന്നെ അടുത്ത സംഘത്തിന്‍റെ താളമേളങ്ങള്‍ക്കായി കാതോര്‍ക്കുകയായി.

കരോള്‍ സംഘത്തിന്‍റെ കാര്യം പറയുമ്പോള്‍ ജോയിയെക്കുറിച്ച്‌ പറയാതിരിക്കാനാവില്ല. ഞങ്ങളുടെ നാട്ടിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരില്‍ ഒരാളാണ്‌ ജോയി. തൊഴില്‍ ഇല്ലെന്നു കരുതി ഉപജീവനത്തിനുള്ള വക ഇല്ലാതില്ല. അറിയപ്പെടുന്ന കലാകാരനല്ലെങ്കിലും കക്ഷിയുടെ മനസില്‍ ഒരു കലാകാരനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്മസ്‌ വേളയില്‍ ജോയി മുന്‍കൈ എടുത്ത്‌ ഒരു കരോള്‍ സംഘം ഉണ്ടാക്കുന്നത്‌.

കുറെ ദിവസം പാട്ടും കൂത്തുമൊക്കെയായി ആഘോഷിക്കാം, മാത്രമല്ല ക്രിസ്മസ്‌ കരോള്‍ എന്നാല്‍ ആത്മീയതയുടെ പരിവേഷവുമുണ്ടല്ലോ?. ജോയിയുടെ കരോള്‍ സംഘത്തെ മുന്‍പ്‌ പറഞ്ഞ തട്ടിക്കൂട്ട്‌ വിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. അന്ന്‌ ക്രിസ്മസ്‌ രാത്രിയായിരുന്നു. അവരുടെ കരോള്‍ പര്യടനം ഇരുപത്തിയഞ്ചോളം വീടുകള്‍ പിന്നിട്ടു. അടുത്ത വീട്ടില്‍ എത്താന്‍ നടപ്പാതയില്‍നിന്നും കല്‍പടവുകള്‍ കയറി അല്‍പ്പ ദൂരം നടക്കണം.

"നിങ്ങള്‍ പോയിട്ടു വാ.. ഞാന്‍ ഇവിടെ നില്‍ക്കാം" ജോയി പറഞ്ഞു.

അല്‍പ്പം വിശ്രമിക്കാന്നായിരുന്നു ജോയിയുടെ തീരുമാനം. സംഘാംഗങ്ങള്‍ അടുത്ത വീട്ടിലേക്ക്‌ പോയി. പെട്രോമാക്സ്‌ അകന്നപ്പോള്‍ ജോയി നിന്നിരുന്ന സ്ഥലത്ത്‌ നേരിയ നിലാവെളിച്ചം മാത്രം അവശേഷിച്ചു.

പോക്കറ്റില്‍നിന്ന്‌ ഒരു ബീഡി എടുത്ത തീകൊളത്തിയശേഷം ഒന്ന്‌ ഇരിക്കാന്‍ പറ്റിയ സ്ഥലത്തിനായി കക്ഷി ചുറ്റുപാടും നോക്കി. അല്‍പ്പം അകലെ ഇടവഴിയുടെ അരികില്‍തന്നെ വലിയൊരു പാറ. ബീഡിയില്‍നിന്ന്‌ ആദ്യ പുക എടുത്തുകൊണ്ട്‌ അവിടേക്ക്‌ നടന്നു. മുണ്ട്‌ പൊക്കി ഒതുക്കി വലതു കൈ പാറയില്‍ കുത്തി പുറകിലേക്ക്‌ നീങ്ങി ഇരുന്നു.

"എന്‍റമ്മച്ചിയേ.................... ''
ജോയിയുടെ അലര്‍ച്ചയില്‍ പരിസര പ്രദേശം നടുങ്ങി. രാഘവനും ഭാര്യയും മക്കളും ഞെട്ടി ഉണര്‍ന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ സ്തബ്ധനരായിരുന്ന അവര്‍ അടുക്കളയില്‍നിന്ന്‌ ഒരു ഞരക്കം കേട്ട്‌ അവിടേക്ക്‌ പാഞ്ഞു
"എന്‍റമ്മേ................. "
അടുപ്പിനു മുകളില്‍ അവശനിലയില്‍ കിടക്കുന്ന ജോയി. സമീപത്ത്‌ മണ്‍പാത്രങ്ങളും കുപ്പി ഗ്ളാസുകളും പൊട്ടിത്തകര്‍ന്ന്‌ കിടക്കുന്നു. തലേന്ന്‌ ബാക്കിവന്ന ചോറും കറിയും അടുക്കളയിലെമ്പാടും ചിതറിയിരിക്കുന്നു.ജോയിയുടെ മുഖത്തും ദേഹത്തും ചാരം. മണ്‍പാത്രത്തിന്‍റെയും ഗ്ളാസുകളുടെയും ചീളുകള്‍ കൊണ്ട്‌ കയ്യും പുറവും മുറിഞ്ഞിരിക്കുന്നു.
"ഇതെന്നാ എടപാടാ ജോയിക്കുഞ്ഞേ"
അടുപ്പിനു മുകളില്‍നിന്ന്‌ ജോയിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ രാഘവന്‍ ചോദിച്ചു.
"കരോളിന്‌ വന്നതാ... "

''എന്‍റെ കൂര പൊളിച്ചിട്ടാണോ കരോള്‌. കള്ളക്കടം മേടിച്ച്‌ കുത്തിക്കൂട്ടിയതാ എനി ഞാന്‍ എന്നാ ചെയ്യും?"

"പാറയാണെന്നു കരുതി ഇരുന്നതാ ചേട്ടാ.. മേല്‍ക്കൂരയാണെന്ന്‌ അറിഞ്ഞില്ല"

അര്‍ധ നഗ്നനായ ജോയിയോട്‌ അടുത്ത ചോദ്യം ഉന്നയിക്കുന്നതിനു മുമ്പേ രാഘവന്‍ കണ്ടു- മുകളില്‍ കഴുക്കോലില്‍ ഉടക്കി കിടക്കുന്ന വെള്ള മുണ്ട്‌. മുണ്ട്‌ എടുത്ത്‌ ജോയിക്ക്‌ കൈമാറുന്നതിനിടെ രാഘവന്‍ ഭാര്യയോടു കയര്‍ത്തു.

"നീ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം. ഓല മേഞ്ഞാ മതീന്ന്‌ പല വട്ടം ഞാമ്പറഞ്ഞതാ. മോഡേണ്‍ റൂഫ്‌ ഇടാന്‍ നിനക്കല്ലാരുന്നോ നിര്‍ബന്ധം. കൂഴിലിരിക്കുന്ന വീടിന്‌ മോഡേണ്‍ റൂഫ്‌ ഇട്ടതിന്‍റെ ഇപ്പം അനുഭവിച്ചില്ലേ?"

2 comments:

അതുല്യ said...

ഇതാ പറയണേ വല്ലപ്പോഴെങ്കിലും തനിമലയാളത്തിലു ഞെക്കണമ്ന്ന്.

പാതാലീ, വീണത്‌ ഞാനെന്നപോലെ തോന്നി എനിക്ക്‌. എവിടെയോക്കെയോ കീറിയത്‌ പോലേയും. പാവം ജോയി.

എന്റെ വീട്ടിലു ക്രിസ്മസ്സ്‌ പരോളു വറില്ല, അവരു പറയും, കോലമുള്ള വീട്ടിലു പോവണ്ടാന്ന്. ഗേറ്റിങ്ങല്‍ നിന്ന് കാണാനും സമ്മതിയ്കില്ല്യ. പാവാടെം ബ്ലൗസുമിട്ട്‌ ഗേറ്റിലു നിക്കാനോ?? എന്റപ്പാ...

പതാലി said...

പരോളല്ല ചങ്ങായീ.. കരോള്...
പരോള് ജയിലീന്നു കിടുന്ന സാധനമാ.
എന്തായാലും രാത്രി പാവാടയും ബ്ലൗസുമിട്ട് ഗേറ്റിങ്കല്‍ പോകണ്ട. പറ്റുമെങ്കില്‍ പാന്‍റ്സും ഷര്‍ട്ടും ഇട്ട് അരക്കൈ നോക്ക്