Wednesday, December 20, 2006

മദീനയിലെ തലവെട്ട് (കണ്ണീര്‍ കഥകള്‍ വരുന്ന വഴി)

സൗദി അറേബ്യയിലെ മദീനയില്‍ പോലീസിന്‍റെ പിടിയിലാവുകയും മരണ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ജോജോ ജോസഫ് എന്ന പ്രവാസിയുടെ കദന കഥ കേരളത്തില്‍ ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദേശീയ ദിനപത്രമെന്ന് അവകാശപ്പെടുന്ന ഹിന്ദു പോലും ഇക്കാര്യത്തില്‍ പിന്നോക്കം പോയില്ല. മംഗളം മാത്രമാണ് വസ്തുതയോട് അല്‍പ്പമെങ്കിലും അടുത്തു നില്‍ക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മദീനയില്‍ പ്രതിനിധികളുള്ള പത്രങ്ങള്‍പോലും വസ്തുതകള്‍ അന്വേഷിക്കാതെ ജോജോയുടെ കദനകഥയില്‍ കണ്ണീര്‍ ചാലിക്കാന്‍ മത്സരിക്കുകയായിരുന്നു.
ജോജോയുടെ കഥയുടെ നിജസ്ഥിതി വ്യക്തമാക്കുന്നതിനുവേണ്ടി ഇന്നത്തെ(20-12-2006) മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു. മലയാളം ന്യൂസ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമായതിനാല്‍ കേരളത്തില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥ വായിച്ച ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെങ്കിലും സത്യം മനസിലാക്കാന്‍ ഇത് ഉപകരിക്കുമെന്ന് കരുതുന്നു.

മദീനയിലെ തലവെട്ട്‌ നാടകം പരിഭ്രാന്തി പരത്തി
(മലയാളം ന്യൂസ് ഡിസംബര്‍ 20 ബുധന്‍)
ആലപ്പുഴ: പ്രവാസിയുടെ കടുത്ത ഭയവും കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്ത രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന്‌ സുഷ്ടിച്ച നാടകം നാട്ടിലും വിദേശത്തും ഏറെ നേരം പരിഭ്രാന്തി പരത്തി. മദീനയില്‍ വധശിക്ഷക്കു വിധേയനാക്കാനിരുന്ന മലയാളിയെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടേയും മറ്റും ഇടപെടല്‍ കാരണം മോചിപ്പിച്ചു എന്നൊരു വാര്‍ത്തയാണ്‌ ഇന്നലെ ആലപ്പുഴയിലെ പത്രം ഓഫീസുകളിലെത്തിയത്‌.

കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ നേരിട്ടു വിളിച്ചു പറഞ്ഞതിനാല്‍ മുന്‍പിന്‍ നോക്കാതെ വാര്‍ത്ത കൊടുക്കാന്‍ ചിലര്‍ തയാറായി. വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടയാളുടെ വീട്‌ പ്രതിപക്ഷ നേതാവു സന്ദര്‍ശിക്കുകയും ചെയ്തു.

എടത്വ മരിയാപുരം വടക്കേകുറ്റം ജോസഫിന്‍റെ മകന്‍ ജോജോ ജോസഫാണ്‌ നായകന്‍. തായിഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ പ്രസവാനന്തരം ഹായിലില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ കാണന്‍ പുറപ്പെട്ടതായിരുന്നു. ഹായിലില്‍ നഴ്സാണ്‌ ഭാര്യ ഷീബ. ലിമോസിന്‍ ഡ്രൈവറുടെ പിഴവു കാരണം നിരോധിത മേഖലയില്‍ ജോജോ പ്രവേശിക്കുന്നതോടെയാണ്‌ കഥയാരംഭിക്കുന്നത്‌. മിനിയാന്നായിരുന്നു ഇത്‌.

പോലീസ്‌ പിടികൂടി നിജസ്ഥിതി മനസ്സിലാക്കിയ ശേഷം ഇന്നലെത്തന്നെ ഇയാളെ വിട്ടയക്കുകയും ചെയ്തു. മദീന ഹജ്‌ മിഷന്‍ ഇന്‍ ചാര്‍ജും മലയാളിയുമായ മുസ്തഫയെ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ സംഭവിച്ചതെന്തെന്ന് മനസിലാക്കിയത്.

പരിഭ്രാന്തനായ ജോജോ പോലീസിന്‍റെ പിടിയിലായ ഉടന്‍ തന്നെ താന്‍ വധിക്കപ്പെടുമെന്നു ഭാര്യയോട്‌ ഫോണ്‍ ചെയ്തു പറയുകയും എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്ന്‌ അപേക്ഷിക്കുകയും ചെയ്തു. ഭയന്നു വിറച്ച ഷീബ വിവരം ഉടനെ കോട്ടയത്തുള്ള സഹോദരന്‍മാരെ അറിയിച്ചു. അവര്‍ ഉടനെ ഉമ്മന്‍ചാണ്ടിയെ കാണുകയും അദ്ദേഹം ഇന്ത്യന്‍ അംബാസിഡര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വരെ ബന്ധപ്പെടുകയും ചെയ്തു.

ഇതൊന്നുമറിയാതെ ഇതിനകം മദീനയില്‍ പോലീസ്‌ ഇയാളെ മോചിപ്പിച്ചു കഴിഞ്ഞിരുന്നു. മോചന വാര്‍ത്തയും ഭാര്യാ സഹോദരന്‍മാര്‍ മുഖേനയാണ്‌ നാട്ടിലെത്തിയത്‌. ജോജോയുടെ എടത്വയിലെ വീട്ടിലേക്കു പുറപ്പെട്ട ഉമ്മന്‍ചാണ്ടിയാണ്‌ തന്നെ ഇക്കാര്യം അറിയിച്ചതെന്നും നേതാവിണ്റ്റെ ശ്രമഫലമായി നടന്ന മോചന വാര്‍ത്ത പത്രങ്ങളെ അറിയിക്കണമെന്നു തോന്നിയെന്നും മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ പറയുന്നു.

എന്തു കുറ്റത്തിനായാലും പിടികൂടിയ ഒരാളെ പിറ്റേന്നു തന്നെ വിചാരണ കൂടാതെ തല വെട്ടാന്‍ പത്തു ലക്ഷത്തോളം മലയാളികള്‍ കഴിയുന്ന സൌദിയില്‍ നിയമമുണ്ടോ എന്നന്വേഷിക്കാന്‍ പോലും ഇവരാരും മിനക്കെട്ടില്ല. സ്വന്തം വീട്ടിലേക്ക്‌ ഫോണ്‍ ചെയ്ത്‌ കാര്യങ്ങള്‍ വിശദമായി അറിയിക്കാന്‍ മടിച്ച ജോജോ ഹായിലിലെത്തിയെങ്കിലും മൊബൈലില്‍ ബന്ധപ്പെടാന്‍ ഇയാളോ ഭാര്യ ഷീബയോ തയാറായില്ല.

എട്ടു വര്‍ഷമായി സൌദിയിലുള്ള ജോജോ താനുണ്ടാക്കിയ പുകിലുകളൊന്നും അറിയാതെ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഹായിലിലുണ്ട്‌.
....................................................................

6 comments:

chithrakaran ചിത്രകാരന്‍ said...

ജസ്റ്റിന്‍ ജൊസഫ്‌ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!!! അറബ്‌ രാജ്യങ്ങളിലെ ശിക്ഷാവിധികളെക്കുറിച്ചുള്ള ഭയം രാഷ്ട്രീയക്കാരന്‍ മുതലാക്കീന്നു സാരം !!!

കണ്ണൂരാന്‍ - KANNURAN said...

മുന്‍പിന്‍ നോക്കാതെ പത്രങ്ങള്‍ വാര്‍ത്ത ചമക്കുന്നു. കഷ്ടം...

വിനയന്‍ said...

പ്രിയപ്പെട്ട ജസ്ട്റ്റിന്‍
സുഹ്യത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഇന്നലെ രാത്രി എന്റെ സുഹ്യ്ത്ത് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു.ഞങ്ങള്‍ ഇതെകുറിച്ചുള്ള സംവാദങ്ങളില്‍ മണിക്കൂറുകളോളം മുഴുകുകയും ചെയ്തു.ഇങ്ങനെയൊരു നിയമം സൌദിയില്‍ ഉണ്ടെന്നു വരെ പലരും പറഞ്ഞു.പത്രക്കാര്‍ പോലും ഇതില്‍ പങ്ക് ചേര്‍നു എന്ന് പറയുമ്പോള്‍ കഷ്ടം തന്നെ ... പിന്നെ രാഷ്ട്രീയക്കാരുടെ കാര്യം അത് പിന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമേ അല്ല.

നന്ദി

myexperimentsandme said...

ചിത്രകാരന്റെ കമന്റ് വഴി ഇവിടെ വന്നാണ് ഞാനും നിജസ്ഥിതി ആദ്യം അറിഞ്ഞത്. നന്ദി.

ലോകമെമ്പാടും അനൌദ്യോഗിക റിപ്പോര്‍ട്ടമാരുള്ള ദീപികയാണ് ഒരു അവിശ്വാസി മദീനയില്‍ പ്രവേശിച്ചാല്‍ എത്രമണിക്കൂറിനും എത്ര മണിക്കൂറിനും ഇടയ്ക്ക് അയാളെ വധിച്ചിരിക്കണമെന്ന് സൌദി ഗവണ്മെന്റിനെ മനസ്സിലാക്കിക്കൊടുത്തത്!

പതാലി said...

ചിത്രകാരന്‍, കണ്ണൂരാന്‍, വിനയന്‍,വക്കാരിമഷ്ടാ...
ജോജോയുടെ വീട്ടുകാരും കോണ്‍ഗ്രസുകാരും പറഞ്ഞ വിവരങ്ങളും ഭാവനകളും വെച്ചാണ് എല്ലാവരും കഥ കൊഴുപ്പിച്ചിരിക്കുന്നത്.
ജോജോക്ക് കുഞ്ഞാടിന്‍റെ പരിവേഷം നല്‍കിയിരിക്കുന്ന ദീപിക ലേഖകന്‍റെ സൃഷ്ടിയില്‍ പരോക്ഷമായ വര്‍ഗീയത പ്രകടമാണ്.അത് വായിച്ചാല്‍ ഡെമോക്ലിസിന്‍റെ വാള്‍ എന്ന പ്രയോഗം ജോജോയുടെ തലക്കുമുകളിലെ വാള്‍ എന്നാക്കി തിരുത്താന്‍ തോന്നും.
സൗദി അറേബ്യയില്‍ അന്വേഷിച്ച ശേഷം
വാര്‍ത്ത നല്‍കിയ മംഗളം വ്യാജ വാര്‍ത്തകള്‍ക്കിടെ വസ്തുതയുമായി അടുത്തു നില്‍ക്കുന്ന വിവരങ്ങളുമായി വേറിട്ടു നിന്നു. അതിന്‍റെ ബാക്കി പത്രമായി ഷാജൂദീന്‍ ഇന്നലത്തെ മംഗങ്ങളത്തില്‍ ഉശിരന്‍ ഒരു വെടിക്കെട്ടു നടത്തിയത് നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമെന്ന കരുന്നു.
തെറ്റ് ആര്‍ക്കും സംഭവിക്കാം.പക്ഷെ
അത് തിരുത്താന്‍ തയാറായ മാധ്യമവും മാതൃഭൂമിയും പ്രശംസ അര്‍ഹിക്കുന്നു.

ഉമേഷ്::Umesh said...

ഒരു “നോക്ക്, നോക്ക്” ജോക്കു പറഞ്ഞോട്ടേ:

Knock, knock.
Who is that?
Justin.
Justin who?
Just in time to report evils even among peers...

Well done, Pathali!