Friday, August 08, 2008

മനസു നിറഞ്ഞ ദിനം(പരമ്പര- ഭാഗം ആറ്)

അന്ന്‌ ഹാന്‍സ്‌ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നിരിക്കണം. വളരെ വലിയ ഒരു സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുന്നതിന്‍െറ ചാരിതാര്‍ത്ഥ്യം ആ മുഖത്ത്‌ പ്രകടമായിരുന്നെന്ന്‌ നാരായണന്‍ നമ്പൂതിരിയും കലാമണ്ഡലം സോമനും അനുസ്‌മരിക്കുന്നു.

താന്‍ കേട്ടറിഞ്ഞ, തന്നെ ഒരുപാടു മോഹിപ്പിച്ച കലാരൂപമായ കഥകളി അഭ്യസിച്ചു തുടങ്ങുന്ന ദിവസം. കാതങ്ങള്‍ക്കപ്പുറത്തു നിന്നും കഷ്‌ടപ്പാടുകള്‍ സഹിച്ച്‌ ഈ കുഗ്രാമത്തിലെത്തിയത്‌ ഇതിനുവേണ്ടി മാത്രമാണ്‌.പതിവിലേറെ സമയം പ്രര്‍ത്ഥനയും യോഗാസനവും കഴിഞ്ഞാണ്‌ അന്ന്‌ ഹാന്‍സ്‌ മുറിവിട്ടിറങ്ങിയത്‌. പുതിയ ശിഷ്യനെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാത്തതിനാല്‍ കലാമണ്ഡലം സോമന്‍െറ മുഖത്ത്‌ തെല്ല്‌ അങ്കലാപ്പുണ്ട്‌. പരമ്പരാഗത രീതിയില്‍ ദക്ഷിണവെച്ചാണ്‌ ശിഷ്യത്വം സ്വീകരിച്ചത്‌. ക്ലാസ്‌ തുടങ്ങി. സോമന്‍െറ നിര്‍ദേശങ്ങളും ഹാന്‍സിന്‍െറ സംശയങ്ങളും നാരായണന്‍ നമ്പൂതിരി ഭാഷാന്തരം വരുത്തി ഇരുവര്‍ക്കും കൈമാറിക്കൊണ്ടിരുന്നു.

പക്ഷെ കാര്യങ്ങള്‍ അധികനേരം സുഗമമായി മുന്നോട്ടുപോയില്ല. സോമന്‍െറ ഓരോ മുദ്രയ്‌ക്കും ഹാന്‍സ്‌ ഒരായിരം സംശയങ്ങളുയര്‍ത്തി. മുദ്രകളുടെ അര്‍ത്ഥമെന്തെന്നും ഒരു മുദ്ര മറ്റൊരു രീതിയില്‍ കാണിച്ചാല്‍ എന്താണ്‌ കുഴപ്പമെന്നുമൊക്കെയായിരുന്നു അറിയേണ്ടിയിരുന്നത്‌. വിശദീകരണം നല്‍കി സോമന്‍ അടുത്ത മുദ്ര പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശിഷ്യന്‍ വീണ്ടും സംശയശരങ്ങള്‍ തൊടുത്തുവിട്ടു. ഇടക്ക്‌ ചില മുദ്രകള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ഹാന്‍സ്‌ ഗുരുവിനുനേരെ തട്ടിക്കയറി. സംഗതി പന്തിയല്ലെന്നു മനസിലാക്കിയ സോമന്‍ ആദ്യ ദിവസംതന്നെ പുതിയ ശിഷ്യനെ ഉപേക്ഷിക്കാനുറച്ചു. ക്ലാസ്‌ മതിയാക്കി മടങ്ങാനൊരുങ്ങിയ അദ്ദേഹത്തെ സോമനെ താന്‍ അനുനയിപ്പിക്കുകയായിരുന്നെന്ന്‌ നമ്പൂതിരി മാഷ്‌ പറഞ്ഞു.

പിറ്റേന്നും സംശയങ്ങളുടെ പത്‌മവ്യൂഹത്തില്‍ ക്ലാസ്‌ തുടര്‍ന്നു. `കല്യാണ സൗഗന്ധിക`വും `പൂതനാമോക്ഷ'വുമാണ്‌ സോമന്‍ ഹാന്‍സിനെ പഠിപ്പിച്ചത്‌. മനയില്‍ വന്ന ദിവസം നാരായണന്‍ നമ്പൂതിരിയുടെ മുന്നില്‍ യാചനാഭാവത്തില്‍ നിന്ന യുവാവില്‍ നിന്നും യഥാര്‍ത്ഥ ഹാന്‍സിലേക്ക്‌ വളരെ ദൂരമുണ്ടെന്ന്‌ വൈകാതെ എല്ലാവരും മനസിലാക്കി.

``അയാളുടെ മനസ്‌ അസ്വസ്‌തതകളുടെയും ദുരൂഹതകളുടെയും ഭണ്ഡാകാരമായിരുന്നു. ഡയറികളില്‍ ഒട്ടേറെ കഥകളും കവിതകളും കുറിച്ചിട്ടിരുന്നു. ഹാന്‍സിന്‍െറ ശേഖരത്തില്‍ ഒട്ടേറെ ഇംഗ്ലീഷ്‌ നോര്‍വീജിയന്‍ സാഹിത്യ കൃതികളും ബൈബിളും മഹാഭാരതവും ഖുറാനുമൊക്കെയുണ്ടായിരുന്നു'' നാരായണന്‍ നമ്പൂതിരി അനുസ്‌മരിക്കുന്നു.

ഹാന്‍സിന്‍െറ മനസിനെ എപ്പോഴും അസ്വസ്‌ഥതകള്‍ പിടികൂടിയിരുന്നു എന്നാണ്‌ അടുത്ത്‌ ഇടപഴകിയിരുന്നവരുടെ സ്‌മരണകളില്‍നിന്നും വ്യക്തമാകുന്നത്‌. എപ്പോഴും ചലിച്ചകൊണ്ടിരിക്കുന്ന പ്രകൃതം. ആദ്യം കാണുന്നവര്‍ക്കുപോലും അയാള്‍ അസ്വസ്ഥനാണെന്ന്‌ വളരെവേഗം മനസിലാകും. ആര്‌ എന്തു ചോദിച്ചാലും മറുചോദ്യമുന്നയിക്കും ``എന്തെങ്കിലും ഇഷ്‌ടപ്പെടാതെ വന്നാല്‍ ഭീഷണിപോലെ എന്‍െറ നേരെ കയ്യോങ്ങുമായിരുന്നു. ഗുരുശിഷ്യ ബന്ധത്തിന്‍െറ പ്രാധാന്യവും പവിത്രതയും അറിയാതിരുന്നതുകൊണ്ടായിരിക്കും എന്തിനെയും ധിക്കരിക്കുക, ഏതുവിലക്കുകളും ലംഘിക്കുക എന്നൊക്കെ തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു ഹാന്‍സിന്‍െറ പെരുമാറ്റം. പ്രശസ്‌തമായ ഒരു അമ്പലത്തില്‍ കടന്നു തൊഴുതതും കേരളേശ്വരപുരം ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചതുമൊക്കെ ഇതിനുദാഹരണങ്ങളാണ്‌'' സോമന്‍ പറയുന്നു.

എങ്കിലും കഥകളി അതിവേഗം സ്വായത്തമാക്കി ഹാന്‍സ്‌ എല്ലാവരെയും അത്ഭുതപ്പെടുത്തിയതയി ഗുരു സാക്ഷ്യപ്പെടുത്തുന്നു. ഭീമന്‍ എന്ന കഥാപാത്രത്തെ അടുത്തറിഞ്ഞശേഷം ഹാന്‍സ്‌ ഭീമവേഷം ചെയ്‌തപ്പഴെല്ലാം സാക്ഷാല്‍ ഭീമന്‍ മുന്നില്‍ നില്‍ക്കുന്നതുപോലെ സോമന്‌ തോന്നുമായിരുന്നത്രെ (തുടരും)....

3 comments:

പതാലി said...

ഡയറികളില്‍ ഒട്ടേറെ കഥകളും കവിതകളും കുറിച്ചിട്ടിരുന്നു. ഹാന്‍സിന്‍െറ ശേഖരത്തില്‍ ഒട്ടേറെ ഇംഗ്ലീഷ്‌ നോര്‍വീജിയന്‍ സാഹിത്യ കൃതികളും ബൈബിളും മഹാഭാരതവും ഖുറാനുമൊക്കെയുണ്ടായിരുന്നു'' നാരായണന്‍ നമ്പൂതിരി അനുസ്‌മരിക്കുന്നു.

Anonymous said...

പ്രവീണ്‍ കെ.പി

പ്രിയ പതാലി,
ഇതുവഴി വരാന്‍ വൈകി. എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. പണ്ട് ഹാന്‍സിന്‍റെ കഥ പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നി. ഇത്രയും വിശദമായി ഹാന്‍സിനെക്കുറിച്ച് ഒരു പരന്പര പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു.
ബാക്കികൂടി എഴുതുക.

Anonymous said...

Excellent Pathali!
Your serial is an exception in Malayalam blog history.