Thursday, August 07, 2008

നാടകം തന്നെ ജീവിതം(പരമ്പര-ഭാഗം അഞ്ച്)

നോര്‍വെയിലെ ത്രോംഗ്‌ന്യാം പട്ടണത്തില്‍ ഹാന്‍സ്‌ ഗുസ്‌ത മാരിറ്റ്‌ - ഹെസ്‌ബി ദമ്പതികളുടെ മകനായാണ്‌ ഹാന്‍സ്‌ ജനിച്ചത്‌. ഈ ദമ്പതികള്‍ക്ക്‌ ഒരു ഇളയ പെണ്‍കുട്ടിയുണ്ട്‌ - ആനറ്റ്‌.

ദാരുണ മരണത്തിനു കീഴടങ്ങിയ പൊന്നു മകനെക്കുറിച്ചുള്ള സ്‌മരണകള്‍ മാരിറ്റിന്‍െറ മനസു നിറയെയുണ്ട്‌. ഹാന്‍സിന്‍െറ ബാല്യകാലത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ തിളങ്ങി.

ഹാന്‍സിന്‍റെ സഹോദരി ആനറ്റും മതാവ് മാരിറ്റ് ഹെസ്ബിയും


``വളരെ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവന്‍. സാഹിത്യവും സംഗീതവും കായികവിനോദങ്ങളുമൊക്കെ ബാല്യത്തിലേ ഹരമായി. പക്ഷെ അന്നേ അവന്‍റെ മനസ്സ്‌ പലപ്പോഴും അസ്വസ്ഥമാകുമായിരുന്നു. ഓര്‍മശക്തിയുടെ കാര്യത്തില്‍ ഹാന്‍സിനെ വെല്ലാന്‍ പോന്ന ആരും കുടുംബത്തില്‍ ഉണ്ടായിരുന്നില്ല''

പിതാവ്‌ ഹാന്‍സ്‌ ഗുസ്‌ത ഒരു അക്കൗണ്ടന്‍റായി ജോലി ചെയ്‌തു വരികയായിരുന്നു. ഹാന്‍സിന്‍റെ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ വഴിപിരിഞ്ഞു. ബാല്യം കടന്നതോടെ ഹാന്‍സിന്‌ അരങ്ങിനോടുള്ള ആഭിമുഖ്യം ഏറി. നാടകം തലയ്‌ക്കുപിടിച്ചപ്പോള്‍ വീടുവിട്ട്‌ തലസ്ഥാനമായ ഓസ്‌ലോയിലേക്കു പോകാന്‍ തീരുമാനിച്ചു.

എണ്‍പതുകളുടെ മധ്യത്തില്‍ ഒരു ശിശിര കാലത്താണ്‌ ഫാന്‍സ്‌ ഓസ്‌ലോയില്‍ എത്തിയത്‌. അവിടെ ഒരു നാടക ട്രൂപ്പില്‍ വിഖ്യാത നോര്‍വീജിയന്‍ എഴുത്തുകാരന്‍ ഹെന്‍ട്രിക്‌ ജസ്‌സന്‍െറ `എ ഫോക്‌ ഫ്രണ്ട്‌' എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്‌ ആദ്യ വര്‍ഷം തന്നെ ശ്രദ്ധ നേടി.

നാഷനല്‍ സ്‌കൂള്‍ ഓഫ്‌ തീയറ്ററില്‍ കയറിക്കൂടാനായിരുന്നു അടുത്ത ശ്രമം. പക്ഷെ അഞ്ചുതവണ പയറ്റിയിട്ടും രക്ഷപ്പെട്ടില്ല. തന്‍െറ നാടക സങ്കല്‍പ്പവും തീയറ്റര്‍ സ്‌കൂളിന്‍െറ സങ്കല്‍പ്പവും തികച്ചും വ്യത്യസ്‌തമാണെന്ന്‌ വിശ്വസിച്ച്‌ സമാധാനിച്ചു.തൊട്ടടുത്ത വര്‍ഷം ഇരുപതുവയസില്‍ താഴെ പ്രായമുള്ള ഏതാനും യുവാക്കളെ സംഘടിപ്പിച്ച്‌ ഹാന്‍സ്‌ ഒരു നാടകസംഘം ആരംഭിച്ചു. `യൂത്ത്‌ സെക്‌സ്‌ ആന്‍റ്‌ സെന്‍റിമെന്‍റ്‌സ്‌' എന്നതായിരുന്നു ആദ്യനാടകം. പിന്നീട്‌ ഒരു നാടക സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അവിടുത്തെ രീതികള്‍ ചടുലതയെ സ്‌നേഹിച്ചിരുന്ന ഹാന്‍സിന്‌ പറ്റുന്നതയായിരുന്നില്ല.

അവിടെനിന്നു വിട്ട്‌ കുറെക്കാലം വെറും തെരുവു ഗായകനായി അലഞ്ഞു. ഏതാനും ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയുംചെയ്‌തു. കുറേക്കാലം കരാര്‍ വ്യവസ്ഥയില്‍ സൈന്യത്തിലും ജോലിചെയ്‌തു. കലോപാസനയുടെയും അസ്വസ്‌തതകളുടെയും ലോകത്ത്‌ സഞ്ചരിക്കുന്നതിനിടെ ഹാന്‍സ്‌ ഒരു ജീവിത പങ്കാളിയെ കണ്ടെത്തി. പക്ഷെ ദാമ്പത്യം അല്‍പ്പായുസായിരുന്നു. 1993ല്‍ അവര്‍ വഴിപിരിഞ്ഞു.

ഹാന്‍സിന്‍െറ മനസില്‍ വിഹ്വലതകളും ഉത്തരം ഇല്ലാത്ത ചോദ്യങ്ങളും വളരുകയായിരുന്നു. ഒരു സസ്യഭുക്കായി മാറിയ അയാള്‍ ദൈവത്തെ അന്വേഷിച്ചുതുടങ്ങി. ദൈവം സത്യമോ മിഥ്യയോ? എന്ന ചോദ്യവുമായി ലോകത്തിലെ വിവിധ മതങ്ങളെക്കുറിച്ച്‌ അവഗാഹമായി പഠിച്ചു. ആത്‌മാവും അസ്ഥിത്വവും തേടി പ്രയാണമാരംഭിച്ചതോടെ സ്വഭാവത്തിലും കാതലായ മാറ്റമുണ്ടായി.

വിവാഹ മോചനത്തിനു മുമ്പും വിവാഹ മോചനത്തിനു ശേഷവും തികച്ചും വ്യത്യസ്‌തനായ മനുഷ്യനായിരുന്നു ഹാന്‍സ്‌. 1993-ല്‍ `സ്റ്റെല്ലാ പൊളാരിസ്‌' എന്ന നാടക ട്രൂപ്പില്‍ ചേര്‍ന്നു. 1994-ല്‍ ലിലെ ഹാമറില്‍ നടന്ന വിന്‍റര്‍ ഒളിമ്പിക്‌സിലെ സാംസ്‌കാരിക പരിപാടികളില്‍ ഈ ട്രൂപ്പം പങ്കെടുത്തിരുന്നു.

സംഭാഷണങ്ങളെക്കാളുപരി അംഗചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നാടകമാണ്‌ ഹാന്‍സിന്‍െറ സ്വപ്‌നങ്ങളിലുണ്ടായിരുന്നത്‌. ആര്‍ട്ടാഡിന്‍െറയും ഗ്രേറ്റോവ്‌സ്‌കിയുടെയും സൃഷ്‌ടികള്‍ അയാളുടെ മനസിനെ മഥിച്ചു. 1994-ല്‍ ഗവണ്‍മെന്‍റിന്‍െറ സ്‌കോളര്‍ഷിപ്പ്‌ സ്വന്തമാക്കിയ ഹാന്‍സ്‌ `കത്താര്‍സീസ്‌'എന്ന പേരില്‍ സ്വന്തം നാടക ട്രൂപ്പ്‌ ആരംഭിച്ചു. സ്‌കോളര്‍ഷിപ്പ്‌ തുക പഠന പര്യടനത്തിനു വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലോ ബ്രസീലിലോ പോകാനായിരുന്നു പദ്ധതി.

മാനുഷിക പരിവര്‍ത്തനവും ഉള്‍ക്കാഴ്‌ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന '`തീയറ്റര്‍ യൂറോപ്പിന്‍െറ' പ്രവര്‍ത്തകരുമായി ഹാന്‍സ്‌ ആയിടയ്‌ക്ക്‌ ബന്ധപ്പെടാനിടയായി. അവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ കഥകളിയോടുള്ള ഭ്രമം വര്‍ധിപ്പിച്ചു.

കഥകളിക്കൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുറച്ച്‌ ഹാന്‍സ്‌ തന്‍െറ പര്യടനത്തിന്‌ ഇന്ത്യതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റോക്‌ഹോമില്‍ വെച്ച്‌ ടോം ജെര്‍ദെഫാക്കിനെ കണ്ടുമുട്ടിയതോടെ ഹാന്‍സിന്‍റെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക്‌ നിറമേറി.

ഓസ്‌ലോയില്‍ വാസമുറപ്പിച്ചപ്പോഴും സൈന്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നാടക പ്രവര്‍ത്തനങ്ങളുമായി യാത്രയിലായിരിക്കുമ്പോഴുമൊക്കെ അമ്മയുടെയും കുഞ്ഞുപെങ്ങളുടെയും ക്ഷേമം തിരക്കി ത്രോംഗ്‌ന്യാമിലെ വീട്ടിലേക്ക്‌ ഹാന്‍സ്‌ ടെലിഫോണ്‍ ചെയ്യുമായിരുന്നെന്ന്‌ മാരിറ്റും ആനിറ്റും പറഞ്ഞു. (തുടരും)...........

2 comments:

പതാലി said...

കഥകളിക്കൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുറച്ച്‌ ഹാന്‍സ്‌ തന്‍െറ പര്യടനത്തിന്‌ ഇന്ത്യതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റോക്‌ഹോമില്‍ വെച്ച്‌ ടോം ജെര്‍ദെഫാക്കിനെ കണ്ടുമുട്ടിയതോടെ ഹാന്‍സിന്‍റെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക്‌ നിറമേറി.ഓസ്‌ലോയില്‍ വാസമുറപ്പിച്ചപ്പോഴും സൈന്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നാടക പ്രവര്‍ത്തനങ്ങളുമായി യാത്രയിലായിരിക്കുമ്പോഴുമൊക്കെ അമ്മയുടെയും കുഞ്ഞുപെങ്ങളുടെയും ക്ഷേമം തിരക്കി ത്രോംഗ്‌ന്യാമിലെ വീട്ടിലേക്ക്‌ ഹാന്‍സ്‌ ടെലിഫോണ്‍ ചെയ്യുമായിരുന്നു

keralainside.net said...

Your post is being listed by www.keralainside.net.
Thank You...