Saturday, December 09, 2006

സാക്ഷി കള്ളനാണേ കൂയ്‌.....


എല്ലാം കാണുന്നവന്‍....

കൈരളി ടീവിയിലെ സാക്ഷി എന്ന പരിപാടി സ്വയം വിശേഷിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. സാക്ഷി എല്ലാം കണ്ടിരുന്നത്‌ കേരളം യു.ഡി.എഫ്‌ ഭരിച്ചിരുന്ന കാലത്ത്‌. സെക്രട്ടേറിയേറ്റിന്‍റെ ഇടനാഴികളില്‍ നിന്നുമുതല്‍ നാട്ടിന്‍പുറത്തെ ഓടകളില്‍നിന്നുവരെ സാക്ഷി അപ്രിയ സത്യങ്ങള്‍ തോണ്ടിയെടുത്തു.
കാമറാ ടെക്നിക്കുകളുടെയും(ടെക്നിക്ക്‌ എന്നു പറയാന്‍ ഉണ്ടോ എന്ന്‌ ചോദിക്കരുത്‌) രാമചന്ദ്രന്‍റെ സവിശേഷ ശബ്ദത്തിന്‍റെയും മേമ്പൊടിയോടെ അവ കണ്‍മുന്നിലെത്തിയപ്പോള്‍ ജനം കയ്യടിച്ചു പറഞ്ഞു- കൊള്ളാം യെവന്‍മാരെ സമ്മതിക്കണം!

സാക്ഷി കണ്ടെത്തിയതില്‍ അധികവും ഭരിക്കുന്നവരുടെ നെറികേടുകളായിരുന്നു. അമിത പബ്ളിസിറ്റിയില്‍ താല്‍പര്യമില്ലാത്ത സാക്ഷി പണ്ട്‌ ആരോ ചോദിച്ച കാര്യം ഇടക്കിടെ ആവര്‍ത്തിക്കും-സാക്ഷിക്കെന്താ കൊമ്പുണ്ടോ?

സര്‍ക്കാരിനെ നേര്‍വഴിക്കു നടത്തുന്നവരല്ലേ?- അവര്‍ക്ക്‌ കൊമ്പുണ്ടെന്ന്‌ സമ്മതിക്കാതെ പറ്റുമോ?പക്ഷെ ഭരണം മാറിയപ്പോള്‍ സാക്ഷിക്ക്‌ തിമിരം ബാധിച്ചു. പലതും കാണാനാവുന്നില്ല. കാണുന്നത്‌ മനസിലാകുന്നില്ല. അല്ലെങ്കിലും എത്ര മിടുക്കനാണെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ തിമിരവും വെള്ളെഴുത്തുമൊക്കെ ഉണ്ടാവും. കറതീര്‍ന്ന ഭരണത്തിനുകീഴില്‍ കേരളം മാവേലി നാടുപോലെ മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനെ എന്തിന്‌ വിമര്‍ശിക്കണം?.

എന്നു കരുതി പരിപാടി നിര്‍ത്താനാവുമോ? പ്രതിപക്ഷത്താണെങ്കിലും യു.ഡി.എഫിനെ നന്നാക്കുക തന്നെ. കൂടാതെ'വമ്പന്‍' അഴിമതികള്‍ നടത്തുന്ന കെ.എസ്‌.ആര്‍.ടി. സി ഡ്രൈവര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയ 'ഉന്നതരെ' കൈകാര്യം ചെയ്യാനും ഇവിടെ മറ്റാരാണ്‌ ഉള്ളത്‌?

പറഞ്ഞു പറഞ്ഞ്‌ കാടുകയറിപ്പോയി. പറയാന്‍ വന്നത്‌ ഇതല്ല. നേരത്തെ നമ്മടെ കൈപ്പള്ളിയാശാന്‍ മലയാളം ടെലിവിഷന്‍ ചാനലുകളും ചലച്ചിത്ര സംവിധായകരും അന്യഭാഷകളിലെ ഹിറ്റ്‌ സംഗീതങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച്‌ വിശദമായി എഴുതിയിരുന്നു. സാക്ഷിയുടെ ടൈറ്റില്‍ മ്യൂസിക്‌ കേട്ടുതുടങ്ങിയ കാലം മുതല്‍ ഇത്‌ പണ്ടെവിടെയോ കേട്ടതാണല്ലോ എന്ന്‌ ഒരു സംശയം തോന്നി. ഒത്തിരി ആലോചിച്ചിട്ടും പുടി കിട്ടിയില്ല. എങ്കില്‍ പിന്നെ നമ്മടെ തോന്നലാകുമെന്ന്‌ കരുതി ആശ്വസിച്ചു.

കാലം കടന്നുപോയപ്പോള്‍ ഈ മ്യൂസിക്ക്‌ കേള്‍ക്കുമ്പോള്‍ മലയാളിക്ക്‌ സാക്ഷിയെ ഓര്‍മ വരുന്ന നിലയിലെത്തി കാര്യങ്ങള്‍. സാക്ഷിയുടെ അണിയറക്കാരായ തിരുവനന്തപുരത്തെ എന്‍.ടി.വി ടെക്നോളജീസ്തന്നെ മറ്റു പല ചാനലുകളിലും പരിപാടികള്‍ നിര്‍മിക്കുന്നുണ്ട്.

മലയാള സിനിമയിലെ സംഗീത ചോരണത്തെക്കുറിച്ചും മറ്റു പല സര്‍ഗാത്മക മോഷണങ്ങളെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സാക്ഷിയും എന്‍.ടി.വിയുടെ മറ്റു പരിപാടികളും പുറത്തുകൊണ്ടുവന്നു. കൈരളി പീപ്പിളില്‍ ഇത്തരം മോഷ്ടാക്കളെ തുറന്നു കാട്ടുന്ന നുണക്കഥ എന്ന പ്രത്യേക പരിപാടിയും ഇവര്‍ തുടങ്ങി. ദോഷം പറയരുതല്ലോ, ഈ പരിപാടി നന്നായിരുന്നു. സിനിമാക്കാരെ വാഴ്ത്താനും ഏതു ഫ്ളോപ്പ്‌ സിനിമയുടെയും വിജയാഘോഷം നടത്താനും സമയം നീക്കിവെക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ നുണക്കഥ വേറിട്ടുനിന്നു. പക്ഷെ നുണക്കഥ അല്‍പ്പായുസായിരുന്നു. ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായി. സിനിമക്കാരെ വിമര്‍ശിച്ച്‌ മാധ്യമങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ലല്ലോ?(ചിത്രഭൂമി മാസികയില്‍ ഏറെ കൊട്ടിഘോഷിച്ച്‌ തുടങ്ങി ആഴ്ച്ചകള്‍ക്കുള്ളില്‍ നിര്‍ത്തിയ വിചാരണ എന്ന പംക്തി മറ്റൊരു ഉദാഹരണം)

അങ്ങനെയിരിക്കെയാണ്‌ ഒരു അവധി ദിനത്തില്‍ കാസറ്റ്‌ കളക്ഷനിലെ ഏറ്റവും പഴക്കമുള്ള ചിലത്‌ കേള്‍ക്കാമെന്ന്‌ തീരുമാനിച്ചത്‌. അക്കൂട്ടത്തിലുണ്ടായിരുന്ന ബോണി എമ്മിന്‍റെ കസെറ്റുകളിലൊന്ന്‌ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഞാന്‍ അന്വേഷിച്ചു നടന്ന പഴയ സംഗീതം. എല്ലാം കണ്ടിരുന്ന, ഇപ്പോള്‍ കാഴ്ച്ച മങ്ങിയ സാക്ഷിയുടെ ടൈറ്റില്‍ മ്യൂസിക്‌
''കലിംബ ദേ ലൂനാ( Kalimba De Luna )..............''
അന്പട സാക്ഷി...! അപ്പോള്‍ എന്‍റെ തോന്നലായിരുന്നില്ല.
എന്‍.ടി.വിയിലെ പ്രതിഭകള്‍ കൂളായി ബോണി എം പാട്ടിന്‍റെ മ്യൂസിക്ക്‌ അടിച്ചു മാറ്റി സാക്ഷിക്ക്‌ അകമ്പടിയാക്കുകയായിരുന്നു. മോഷ്ടിച്ച സംഗീതംകൊണ്ട്‌ മേല്‍വിലാസം ഉണ്ടാക്കിയവര്‍തന്നെ സംഗീത മോഷണത്തെയും മറ്റും കുറ്റം പറയുന്നു. വാസവദത്തയുടെ ചാരിത്ര്യപ്രസംഗം എന്നല്ലാതെ എന്തുപറയാന്‍?.

ഞാന്‍ പരിസരം മറന്ന്‌ അറിയാതെ വിളിച്ചു പറഞ്ഞു.
''സാക്ഷി കള്ളനാണേ കൂയ്‌.................. ''

ചാനലില്‍ ഉള്ളവര്‍ക്ക്‌ സംഗീത അവബോധം കൂടുതലായതിനാല്‍ ഇതേക്കുറിച്ച്‌ അറിയില്ലായിരിക്കാം. പക്ഷെ പോപ്പും റോക്കും റാപ്പും ഉള്‍പ്പെടെ എല്ലാം അരച്ചു കലക്കി കുടിച്ചവരെന്നു നടിക്കുന്ന നമ്മള്‍ പ്രേക്ഷകരോ?
കൈപ്പള്ളിയാശാന്‍ പറഞ്ഞപോലെ വിഢികള്‍തന്നെ.

താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ ഈ പാട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

http://mp3splanet.com/en/song-Kalimba-De-Luna/1DAFE/

10 comments:

പയ്യന്‍‌ said...

വാസവദത്തമരല്ലാതെ മറ്റാരാണ് ചാരിത്ര്യ പ്രസം‌ഗം നടത്തുക ?

Unknown said...

സാക്ഷിയെപ്പറ്റി ഒന്നുകൂടി:

non-linear video editing-നെ ഡിജിറ്റല്‍ വൃത്തികേടാക്കുന്നതെങ്ങിനെ എന്നു കാണിച്ചുതന്നത് സാക്ഷിയാണ്. ഒരിക്കല്‍ ഒരു സദസ്സില്‍ ഒരാള്‍ ബിസ്കറ്റു കഴിക്കുന്ന രംഗം ആവര്‍ത്തിച്ച് പലവേഗത്തില്‍ കാണിച്ച്, ദുഃസൂചനയുണ്ടാക്കുന്ന രീതിയില്‍ സാക്ഷി അവതരിപ്പിച്ചത് ഓര്‍മ്മവരുന്നു.

പതാലി said...

സുരലോഗം
അന്ന് അവര്‍ ഫോര്‍വേ‍ഡിലും റിവേഴ്സിലും
ബിസ്കറ്റ് കഴിപ്പിച്ചത് വെള്ളാപ്പള്ളി നടേശനെക്കൊണ്ടായിരുന്നു.

Santhosh said...

ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്‍റെ പിറകേ നടന്ന ഒരു ലക്കമുണ്ടായിരുന്നു. ഹൊ, അസഹനീയം. നന്ദി, പതാലി.

സാരംഗി said...

പക്ഷേ രാമചന്ദ്രന്റെ ശബ്ദത്തിന്റെ ഒരു പ്രത്യേകത ആ പരിപാടിക്കൊരു ജനകീയ ഛായ കൊടുക്കുന്നുണ്ടെന്നു പറയാതെ വയ്യ. പഴയ, റേഡിയോ നാളുകളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ശബ്ദമാണു സാക്ഷിയെ ഇത്ര പോപ്പുലര്‍ ആക്കുന്നത്‌.

Radheyan said...

പക്ഷെ ബോണി എമ്മിന്റെ ഈ മ്യൂസിക്ക് വളരെ പോപ്പുലറാണ്.അത് കൊണ്ട് ആരും കാണാതെ അടിച്ച് മാറ്റി എന്ന ആരോപണത്തില്‍ പ്രസകതി ഇല്ല എന്നു തോന്നുന്നു.പ്രിയദര്‍ശനമോഷണം പോലെ എല്ലാവരും അറിയുന്ന മോഷണം.

പതാലി said...

പയ്യന്‍, സുരലോഗം,സന്തോഷ്, സാരംഗി, രാധേയന്‍....
മോഷ്ടിച്ചതിനെ ഈയുള്ളവന്‍ കുറ്റം പറയുന്നില്ല. കാരണം. പ്രിയദര്‍ശന്‍ ഉള്‍പ്പെടെ എത്രയോ പേര്‍ മോഷണം നടത്തുന്നു?
പ്രിയന്‍റെ ഏറ്റവും പുതിയ ചിത്രമായ Bhagam Bhag മാന്നാര്‍ മത്തായി സ്പീക്കിംഗിന്‍റെ കഥ മോഷ്ടിച്ച് ഉണ്ടാക്കിയതാണെന്ന മാണി സി. കാപ്പന്‍റെ പരാതിയെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി നിര്‍മാതാവ് സുനില്‍ ഷെട്ടി,പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
അതിന്‍റെ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ കിട്ടും. http://www.businessofcinema.com/?file=story&id=2044 പക്ഷെ മോഷണം തെറ്റാണെന്ന് പ്രിയദര്‍ശന്‍ ഒരിടത്തും പറഞ്ഞതായി കേട്ടിട്ടില്ല. സാക്ഷി ചെയ്യുന്നത് അതാണോ? പല സിനിമകളിലെയും പാട്ടുകളുടെയും സീനുകളുടെയും സാമ്യത്തെ സാക്ഷി ആഘോഷമായി വിമര്‍ശിച്ചിട്ടുണ്ട്.
മോഷണം തെറ്റാണെന്ന് പറയാന്‍ കള്ളന് എന്താണ് അവകാശം? അതാണ് പ്രശ്നം.

അലിഫ് /alif said...

സാക്ഷി അത് മോഷ്ടിച്ചതാണെന്ന് പറയാനാവില്ല, കാരണം ടൈറ്റിലില്‍ ക്രെഡിറ്റ് എഴുതികാണിക്കുന്നുണ്ടല്ലോ..!!

myexperimentsandme said...

നല്ല നിരീക്ഷണം. പക്ഷേ അലിഫ് പറഞ്ഞതുപോലെ ടൈറ്റിലില്‍ ക്രെഡിറ്റ് കൊടുക്കുന്നുണ്ടെങ്കില്‍ പിന്നെ ഇതിനെ മോഷണമെന്ന് വിശേഷിപ്പിക്കാമോ? (പകര്‍പ്പവകാശ നിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് തന്നെയാണോ കോപ്പിയടിച്ചതെന്ന ചോദ്യവുമുണ്ട്-ക്രെഡിറ്റ് എഴുതിക്കാണിച്ചിട്ടുണ്ടെങ്കില്‍ തന്നെ).

Fisheries10 said...

dear friend if you have failed to read the subtitles shown at the end of Sakshi. They have written..... Title music courtesy. Boney M. You took a ong time to find this ........... sorry late news my friend