Monday, February 12, 2007

ഒടുവില്‍ ഒരു മലയാളി ലോകകപ്പിന്

‍മാന്യമഹാ ക്രിക്കറ്റ്‌ പ്രേമികളെ...
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭൂമിമലയാളത്തില്‍നിന്ന്‌
ഒരു പയ്യന്‍ ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നു.

ആദ്യംതന്നെ ശ്രാശാന്തിന്‌ അഭിനന്ദനങ്ങള്‍.

കെ.എല്‍ മോഹനവര്‍മയുടെ ക്രിക്കറ്റ്‌ എന്ന നോവല്‍ വായിച്ചപ്പോള്‍ ആവേശം കൊള്ളുകയും വായന കഴിഞ്ഞപ്പം കോട്ടുവാ ഇട്ടുകൊണ്ട്‌ ഇതൊക്കെ എപ്പം നടക്കാനാ...? എന്ന്‌ ചോദിക്കുകയും ചെയ്തവര്‍ ഏറെയാണ്‌.

ഒടുവില്‍ ടിനു യോഹന്നാനെത്തേടി ഇന്ത്യന്‍ ടീമിലേക്ക്‌ വിളി വന്നപ്പോ ഹമ്പട വര്‍മേ... എന്തൊരു ദീര്‍ഘ ദൃഷ്ടി! എന്നു പറഞ്ഞവരെ കുറ്റപ്പെടുത്താനാകുമോ?

ലോംഗ്‌ ജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കുകയും എട്ടു മിറ്റര്‍ താണ്ടിയ ഇന്ത്യക്കാരനെന്ന ഖ്യാതി മൂന്നു പതിറ്റാണ്ടോളം സ്വന്തമാക്കിവെക്കുകയും ചെയ്ത സാക്ഷാല്‍ ടി.സി യോഹന്നാന്‍റെ മകനല്ലെ, യെവന്‍ കലക്കുമെന്ന്‌ എല്ലാവരും വിധിച്ചത്‌ സ്വാഭാവികം.

എവടെ കലക്കാന്‍? യോഹന്നാന്‍ രണ്ടാമന്‍ വന്ന പോലെ മടങ്ങി.

യോന്നാച്ചന്‍റെ മകനു പറ്റാത്തത്‌ കോതമംഗലത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ കൂടുമാറിയ, കായികതാരമല്ലാത്ത ശാന്തകുമാരന്‍നായരുടെ മകന്‍ ശ്രീശാന്തിനു പറ്റുമോ എന്ന്‌ കരുതിയവരും കുറവല്ല.

പക്ഷെ, സുരാജ്‌ വെഞ്ഞാറമ്മൂട്‌ പറഞ്ഞതുപോലെ(രാജമാണിക്യത്തിന്‌ പുള്ളിയാണു കേട്ടോ ഇതു പറഞ്ഞുകൊടുത്തത്‌) യെവന്‍ പുലിക്കുട്ടിയായിരുന്നു. മനഃശാസ്ത്രവും ബ്രേക്‌ ഡാന്‍സും അങ്ങനെ പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളിലും പ്രാവീണ്യമുള്ള ശ്രീശാന്ത്‌ വലിയ കുഴപ്പമില്ലാതെ തന്നെ തുടങ്ങി, സാവധാനം ചുവടുറപ്പിച്ചു.

ഇടക്ക്‌ തട്ടുകേടുണ്ടായപ്പോള്‍ വൈക്കത്തപ്പനും കലൂരിലെ അന്തോനീസു പുണ്യാളനും പിന്നെ വാഴ്ത്തപ്പെട്ട ഗ്രെഗ്‌ ചാപ്പലും ഒന്നുപോലെ തുണയായി.

എന്തായാലും ഒടുവില്‍ മോഹനവര്‍മയുടെ നോവലില്‍ വിവരിക്കുന്നതുപോലെ മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍ ഒരു ദിവസമുണ്ടായി(ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നാണല്ലോ സുരേഷ്‌ ഗോപി പറഞ്ഞത്‌).

നിര്‍ണായകമായ ഒരു മത്സരത്തിന്‍റെ ഗതി നിയന്ത്രിച്ച്‌ ഒരു മലയാളി ഇന്ത്യയെ വിജയതീരത്ത്‌ എത്തിക്കുന്ന ദിവസം. ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്‌ പരമ്പരയില്‍ കത്തിക്കയറിയ ശ്രീശാന്ത്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയപ്പോള്‍ ഇനി ചത്താലും വേണ്ടില്ലെന്ന്‌ പറഞ്ഞ മലയാളികള്‍ അനവധിയാണ്‌.

ദക്ഷിണാഫ്രിക്കയില്‍വെച്ച്‌ പിച്ചില്‍ ബെല്ലി ഡാന്‍സ്‌ ചെയ്തും. ഹാശിം അംല പുറത്തായപ്പോള്‍ മൂക്കത്ത്‌ വിരല്‍വെച്ച്‌ കളിയാക്കിയും വിമര്‍ശനവും കയ്യടിയും നേടിയ ശ്രീശാന്ത്‌ നാട്ടില്‍ മടങ്ങിയെത്തിയശേഷം ലാറയുടെയും കൂട്ടരുടെയും തല്ലുകൊണ്ട്‌ പുളഞ്ഞത്‌ മറക്കാനാവില്ല. ഏകദിനത്തില്‍ നമ്മുടെ പയ്യന്‍റെ കാര്യം അത്ര ആശാവഹമല്ലെന്ന്‌ സാരം.

എതായാലും പയ്യന്‍ ടീമിലെത്തിയല്ലോ എന്ന്‌ ആശ്വസിക്കുന്നവര്‍ ഏറെയാണ്‌. പക്ഷെ അതുകൊണ്ടായില്ലല്ലോ. സഹതാരങ്ങള്‍ക്ക്‌ വെള്ളമെത്തിക്കുക. വിജയാഘോഷത്തിന്‌ നേതൃത്വം കൊടുക്കുക(ശ്രീശാന്ത് ബ്രേക്‌ ഡാന്‍സര്‍ എന്ന നിലയില്‍ ടീമിണ്റ്റെ ആഘോഷകമ്മിറ്റി കണ്‍വീനര്‍ കൂടിയാണെന്ന കാര്യം ഓര്‍ക്കുക) തുടങ്ങിയ ജോലികള്‍ക്കായിരിക്കില്ല ശ്രീശാന്തിനെ ടീമില്‍ എടുത്തതെന്ന്‌ വിശ്വസിക്കാം.

തലേവരയുടെ തിളക്കവും കഠിനാധ്വാനവും ആത്മവിശ്വാസവും(ഇടക്ക്‌ ചില മലയാളിത്തരങ്ങളും) ഒന്നുപോലെയുള്ളവരുടെ ഗണത്തിലാണ്‌ ശ്രീശാന്ത്‌. അതുകൊണ്ട്‌ ഈ പുലിക്കുട്ടി ലോകകപ്പില്‍ പുപ്പുലിയായി മാറുമെന്ന്‌ പ്രതീക്ഷിക്കാം. അങ്ങനെ നടക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം.

എന്നിട്ടു വേണം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും അധികം മാധ്യമ ശ്രദ്ധ നേടിയ താര ബന്ധുവായ സാവിത്രിദേവിയുടെ(ശ്രീശാന്തിന്‍റെ അമ്മ) മധുര പലഹാര വിതരണം ഒന്നുകൂടി കാണാന്‍



ഇന്ത്യന്‍ ടീം..
രാഹുല്‍ ദ്രാവിഡ്‌(ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(വൈസ്‌ ക്യാപ്റ്റന്‍), സൌരവ്‌ ഗാംഗുലി, യുവരാജ്‌ സിംഗ്‌, മഹേന്ദ്രസിംഗ്‌ ധോണി, റോബിന്‍ ഉത്തപ്പ, അജിത്‌ അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്‌, അനില്‍ കുംബ്ളെ, ദിനേശ്‌ കാര്‍ത്തിക്ക്‌, ഇര്‍ഫാന്‍ പഠാന്‍, മുനാഫ്‌ പട്ടേല്‍, വിരേന്ദര്‍ സെവാഗ്‌, എസ്‌. ശ്രീശാന്ത്‌.