Tuesday, April 17, 2007

മദ്യപാനവും പുകവലിയും പിന്നെ ചുള്ളിക്കാടും

ബാചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ (എന്നു കരുതുന്ന സൂര്യകാന്തി ബ്ലോഗില്‍)മദ്യപാനവും പുകവലിയും എന്ന പോസ്റ്റ് പലരും ശ്രദ്ധിച്ചിരിക്കും. കമന്‍റുകള്‍ക്ക് അരിപ്പ വെച്ചിട്ടുള്ളതിനാല്‍ പുകഴ്ത്തലും അഭിനന്ദനവും അനുഭാവവും ഉള്‍പ്പെടുന്ന പ്രതികരണങ്ങള്‍ മാത്രമാണ് അതിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

അരിപ്പ വെക്കുന്നത് ഓരോരുത്തരുടെ സൗകര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗം. അരിപ്പയില്‍ കുടുങ്ങി പുറത്തുപോയ കമന്‍റെല്ലാം പോസ്റ്റാക്കുന്നത് മര്യാദയല്ലെന്നും അറിയാം. പക്ഷെ ഒരു കാലഘട്ടത്തിന്‍റെ ആവേശവും ക്ഷുഭിത യൗവ്വനവുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയും ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ പലരെയും വിമര്‍ശനത്തിന്‍റെ ശരശയ്യയില്‍ കിടത്തുകയും ചെയ്ത ചുള്ളിക്കാട് സ്വന്തം രചനകളോടുള്ള പ്രതികരണങ്ങളി‍ല്‍ അസഹിഷ്ണുവാകുന്നത് കാണുന്പോള്‍ എന്തോ ഒരു പന്തികേട്.
അതുകൊണ്ടുതന്നെ സൂര്യകാന്തിയുടെ ഉടമസ്ഥന്‍ ചുള്ളിക്കാടാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഒരു മടി.

ഇന്നലെ വെറുതേ ഒന്നു പരതിയപ്പോള്‍ സൂര്യകാന്തി അപ്രത്യക്ഷമായിരിക്കുന്നു. എനിക്ക് കിട്ടാത്തതാണോ അതോ സംഗതി മുങ്ങിയതാണോ എന്ന് അറിയില്ല.

ഏതായാലായും ചുള്ളിക്കാടിന്‍റെ മറ്റൊരു പോസ്റ്റിന്‍റെ കാര്യത്തില്‍ അന്പി ചെയ്തതുപോലെ നേരത്തെ ഞാനിട്ട കമന്‍റില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ബൂലോകത്തെ നടപ്പു മര്യാദകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ക്ഷമിക്കുക.

മദ്യപാനവും പുകവലിയും നിര്‍ത്തിയത് ചുള്ളിക്കാടിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വളരെ ഗുണകരമായ കാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ക്ക്‌ ഇത്തരം ദുശീലങ്ങളില്‍നിന്ന് മോചനം നേടുന്നത് ഏറ്റവും വലിയ ജീവിത വിജയമായി തോന്നുന്നത് സ്വാഭാവികം.

അദ്ദേഹത്തെപ്പോലെ ഒരാളുടെ അനുഭവം കവിയും ചലച്ചിത്ര നടനും ഇപ്പോള്‍ സീരിയല്‍ നടനുമെന്ന നിലയില്‍ അദ്ദേഹത്തെ മാനിക്കുന്ന ചിലര്‍ക്കെങ്കിലും പ്രചോദനമായേക്കാം.

കുടിക്കുകയോ വലിക്കുകയോ ഇതൊക്കെ നിര്‍ത്തുകയോ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടം. പക്ഷെ സ്വയം മാന്യനായെന്ന പ്രഖ്യാപനത്തിനൊപ്പം തനിക്കൊപ്പം കള്ളുകുടിച്ചിരുന്ന പ്രമുഖരുടെ നീണ്ട പട്ടിക പുറത്തുവിട്ട്‌ അവരുടെയൊക്കെ മുഖത്ത്‌ ചെളി വാരിയ എറിയുമ്പോള്‍ ചുള്ളിക്കാടിനെ ബഹുമാനിക്കുന്ന വായനക്കാര്‍ പുനര്‍വിചിന്തനത്തിന്‌ നിര്‍ബന്ധിതരായേക്കും.
പൊങ്ങച്ചം എന്ന വിശേഷത്തോടെ ചുള്ളിക്കാട് അവതരിപ്പിച്ചിരിക്കുന്ന പട്ടികയിലുള്ള മഹാശ്വേതാ ദേവിയും പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയും ശ്രീവിദ്യയും മമ്മൂട്ടിയുമൊക്കെ കള്ളു കുടിക്കാന്‍ കൂട്ടില്ലെന്ന്‌ പത്രത്തില്‍ പരസ്യം നല്‍കിയതു പ്രകാരമല്ല അദ്ദേഹം അവര്‍ക്ക്‌ കമ്പനി കൊടുത്തതെന്ന്‌ കരുതട്ടെ.

മറിച്ച്‌ ബാലചന്ദ്രന്‍ എന്ന വ്യക്തിയെ അവര്‍ മാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്‌. അതായത്‌ ഒരു പരസ്പര ധാരണയുടെ പേരിലും വ്യത്യസ്ത സാഹചര്യങ്ങളിലുമായിരുന്നു ഈ കള്ളുകുടികളെന്ന്‌ സാരം. ഒരു സുപ്രഭാതത്തില്‍ ചുള്ളിക്കാട് മാന്യനായ ശേഷം 'ഗ്ളാസ്മേറ്റുകളുടെ' പേര്‌ വിളിച്ചു കൂവുമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ഇത്തരം ഒരു സാഹസത്തിന്‌ മുതിരുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.

അദ്ദേഹം പറയുന്ന പട്ടികയില്‍ മദ്യപാന ശീലമുള്ളവരെന്ന്‌ അറിയപ്പെടുന്നവരുമുണ്ട്‌ അല്ലാത്തവരുമുണ്ട്‌. പക്ഷെ ഇവരില്‍ ചിലരുടെയെങ്കിലും കുടുംബാംഗങ്ങളെയും ആരാധകരെയുമൊക്കെ അവര്‍ മദ്യപിക്കുന്നവരായിരുന്നു എന്ന വിവരം ആദ്യമായി അറിയിക്കുക എന്ന വലിയ ദൌത്യമാണ് ഈ പോസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത്.

മദ്യപാനികളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഇലക്ട്രിക്‌ പോസ്റ്റിനെ ആലിംഗനം ചെയ്യുകയും ഓടയില്‍ ഉറങ്ങുകയും ചെയ്യുന്നത്‌. ഭൂരിപക്ഷം ഇതൊക്കെ രഹസ്യമായി നടക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. വര്‍ഷങ്ങളോളം കള്ളുകുടിച്ചതിന്‍റെ പുരാണം പറയുന്ന കവിക്ക്‌ മദ്യപാനവുമായി ബന്ധപ്പെട്ട പരസ്പര ധാരണയെക്കുറിച്ച്‌ ബോധ്യമില്ലെന്നും വിശ്വസിക്കാനാവുന്നില്ല.

കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്‌ പ്രസ്ഥാനത്തെക്കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുണ്ടാവും. കരിസ്മാറ്റിക്‌ കേന്ദ്രങ്ങളില്‍ രോഗശാന്തിക്കും ദുശീലങ്ങളില്‍നിന്നുള്ള മോചനത്തിനുമായുള്ള പ്രാര്‍ത്ഥനകളും പതിവാണ്‌. മുരിങ്ങൂരിലെ ഡിവൈന്‍ റിട്രീറ്റ്‌ സെന്‍റര്‍ സജീവമായി തുടങ്ങിയ കാലം മുതല്‍ മദ്യാപാനത്തിനും മയക്കുമരുന്നിനും അടിമകളായവരെ അവിടെ പ്രാര്‍ത്ഥനക്ക്‌ എത്തിക്കാറുണ്ട്‌. ഭൂരിഭാഗം പേരെയും ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയും ബലം പ്രയോഗിച്ചുമാണ്‌ കൊണ്ടുപോകുന്നത്‌.

ഒരാഴ്ച്ചത്തെ ധ്യാനം കഴിഞ്ഞാല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരായി പുറത്തിറങ്ങുന്ന ഇക്കൂട്ടര്‍ നാട്ടിലെത്തി പഴയ കള്ളുകുടി കമ്പനിക്കാരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ശ്രമിക്കും(ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്രീനിവാസനെപ്പോലെ).

ഒരു ആത്മാവ്‌ രക്ഷപ്പെട്ടല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട്‌ ഇത്തരക്കാര്‍ വൈകാതെ പണ്ടത്തേതിന്‍റെ പിന്നത്തേതാകും. ചുള്ളിക്കാടിന്‍റെ പോസ്റ്റിന്‍റെ ആദ്യ ഭാഗം വായിച്ചപ്പോള്‍ നിശ്ചയ ദാര്‍ഢ്യമാണ്‌ കാണാന്‍ കഴിഞ്ഞത്‌. പക്ഷെ അവസാനത്തെ 'ആ നോക്കാം' എന്ന പ്രയോഗത്തില്‍ ആ നിശ്ചയദാര്‍ഢ്യം ചോര്‍ന്നു പോയി.

ഏതായാലും തീരുമാനത്തിന്‍റെ പാതയില്‍ ഉറച്ചു നില്‍ക്കാനും ഭാവിയിലും ഇത്തരം പൊങ്ങച്ചങ്ങള്‍ സൃഷ്ടിക്കാനും ചുള്ളിക്കാടിന് കഴിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഒപ്പം ഈ ലിസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരും കടുംകൈ കാണിക്കാതിരിക്കട്ടെ എന്നും ആരുടെയും കുടുംബം കലങ്കാതിരിക്കട്ടെ എന്നും.