Tuesday, August 21, 2007

എം.ടിയുടെ ഓണക്കുറിപ്പ്

ഓണത്തിന്‌ വേറിട്ടൊരു പോസ്റ്റിടണം. അതിനുള്ള ആലോചനക്കിടെയാണ്‌ എനിക്ക്‌ ഏറെ അടുപ്പമുള്ള എം.ടിയെക്കുറിച്ച്‌ ഓര്‍ത്തത്‌. ഉടന്‍തന്നെ അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു- എന്‍റെ ബ്ളോഗിലേക്ക്‌ ഒരു ഓണക്കുറിപ്പ്‌ വേണം.
ബ്ളോഗുകളെക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‌ കാര്യമായ പിടിയില്ല. ബൂലോകത്തെക്കുറിച്ച്‌ വളരെ വിശമായിത്തന്നെ ഒരു ഈ-മെയില്‍ നാട്ടിലുള്ള ഒരു സുഹൃത്ത്‌ പ്രമോദിന്‌ അയച്ചുകൊടത്തു. അത്‌ എം.ടിക്ക്‌ എത്തിക്കാനും എനിക്കായി അദ്ദേഹം തയാറാക്കുന്ന കുറിപ്പ്‌ അയച്ചുതരാനും അവനെ ചുമതലപ്പെടുത്തി.
രണ്ടു ദിവസത്തെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ. കുറിപ്പ്‌ ഇന്നലെ എത്തി. അത്‌ താഴെ നിക്ഷേപിക്കുന്നു.

പ്രിയപ്പെട്ടവരെ,
കണ്ണാന്തളിപ്പൂക്കളുടെ ഉദ്യാനം. അതാണ്‌ ഓണത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ വിരിയുന്ന ചിത്രം. തുമ്പയും തുളസിയും മുക്കുറ്റിയും ചൂടി നില്‍ക്കുന്ന കാടുകളും കാവുകളും കുട്ടിക്കാലം മുതലേ കണ്ടിട്ടുള്ളതാണ്‌. ഓണത്തിന്‌ എവിടെനിന്നാണ്‌ ഇത്രയും പൂക്കള്‍ പുറപ്പെട്ടു പോരുന്നത്‌ എന്ന്‌ ഞാന്‍ വിസ്മയിച്ചിട്ടുണ്ട്‌. മഴ നനഞ്ഞ ഞാറ്റടികളില്‍നിന്ന്‌ ഓണവെയില്‍ തട്ടി പുതുതായി പിറക്കുന്നതായിരിക്കുമോ ഈ പുക്കള്‍?

മുതിര്‍ന്നപ്പോള്‍ വേനലില്‍ തണ്ണിമത്തനുകള്‍ പരന്നുകിടക്കുന്ന പാടങ്ങള്‍ കാണുമ്പോഴും ഇതേ സംശയം എന്നിലുണര്‍ന്നിട്ടുണ്ട്‌. വേനല്‍ക്കാലത്ത്‌ ഇത്രയേറെ വെള്ളം സംഭരിച്ചുവെച്ച ഒരു ഫലം?. പ്രകൃതിയില്‍ ഇത്തരത്തില്‍ ഒട്ടേറെ വിസ്മയങ്ങളുണ്ട്‌. കൈതച്ചക്കക്കരുകില്‍ കള്ളനെ കൊത്താന്‍ പാമ്പുകള്‍ മാളംകെട്ടി താമസിക്കാറുണ്ട്‌ എന്ന്‌ പറയുന്നതുപോലെ.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഋതുമാറ്റത്തെയും മനുഷ്യനെ പരിചരിക്കാനുള്ള പ്രകൃതിയുടെ സന്നദ്ധതയെയുമാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നത്‌.

കുട്ടിക്കാലത്ത്‌ നല്ലൊരു ഓണമുണ്ട ഓര്‍മയില്ല. സത്യത്തില്‍ ജന്‍മദിനം പോലും നന്നായി ആഘോഷിക്കാന്‍ ദാരിദ്ര്യം അനുവദിച്ചിരുന്നില്ല. എങ്കിലും ഓണക്കാലത്ത്‌ അയല്‍ വീടുകളില്‍നിന്നും പായസവും മറ്റും ദാനംപോലെ കിട്ടിയിരുന്നു.
എനിക്ക്‌ എന്‍റെ ഓണം തന്നെയാണ്‌ വലുത്‌. നോവലില്‍ പറഞ്ഞിട്ടുള്ളതുപോലെ സേതുവിന്‌ സേതുവിനെ മാത്രമണല്ലോ ഇഷ്ടം?.

ദാരിദ്ര്യത്തില്‍നിന്ന്‌ കരകയറി ഇന്ന്‌ സമൃദ്ധമായ ഓണമുണ്ണാന്‍ എനിക്ക്‌ കഴിയുന്നു. എങ്കിലും കരിപുരണ്ട പാത്രങ്ങളോട്‌ തോന്നുന്ന ഗൃഹാതുരതത്വം ഉണ്ണാനില്ലാതിരുന്ന ആ പഴയ ഓണക്കാലത്തോട്‌ എനിക്ക്‌ ഇന്നുമുണ്ട്‌.

നോവലില്‍ പറഞ്ഞപോലെ വരും വരാതിരിക്കില്ല എന്ന പ്രതീക്ഷ പങ്കിട്ട്‌, അനാഥരായ തെരുവു കുട്ടികള്‍ക്കൊപ്പം സമൃദ്ധിയുടെ വാഗ്ദാനം നല്‍കി ഈ ഓണക്കാലം ചെലവിടണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

ബൂലോകത്തേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുവന്ന പതാലിക്കും ഇവിടെയുള്ള എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

സസ്നേഹം

എം. ടി


കുറിപ്പ്‌
എം.ടി = മുരളി തെക്കേത്തറ. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകന്‍. ഈ രണ്ട്‌ അക്ഷരങ്ങള്‍ കേട്ടാല്‍ നാട്ടിലെ ഏതു കൊച്ചു കുട്ടിയുടെയും മനസില്‍ തെളിയുന്ന ശുഭ്രവസ്ത്രധാരി. എം.ടി. വാദുദേവന്‍ നയാരുടെയും ഒ.വി വിജയന്‍റെയും ഭാഷയില്‍ സംസാരിക്കാനും എഴുതാനും മുരളിയേട്ടനുള്ള വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്‌. അദ്ദേഹത്തെപ്പോലൊരാളെ പരിചയപ്പെടുത്തുന്നതാകട്ടെ ബൂലോകര്‍ക്കുള്ള എന്‍റെ ഓണസമ്മാനം